ആപ്പിളിന്റെ ആസ്ഥാന മന്ദിരത്തിനുള്ള മേല്‍ക്കൂര ദുബായില്‍ നിന്ന്

ആപ്പിളിന്റെ ആസ്ഥാന മന്ദിരത്തിനുള്ള മേല്‍ക്കൂര ദുബായില്‍ നിന്ന്

80 ടണ്‍ ഭാരമുള്ള മേല്‍ക്കൂര ഒരേ പോലെയുള്ള 44 റേഡിയല്‍ പാനലുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

ദുബായ്: കാലിഫോര്‍ണിയയിലെ കുപെര്‍ടീനോയില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ മുടക്കി നിര്‍മിക്കുന്ന ആപ്പിളിന്റെ ആസ്ഥാന മന്ദിരത്തിന്റെ മേല്‍ക്കൂര നിര്‍മിക്കുന്നത് ദുബായില്‍. ലോകത്തിലെ ഏറ്റവും വലിയ ഫ്രീസ്റ്റാന്‍ഡിംഗ് കാര്‍ബണ്‍ ഫൈബര്‍ റൂഫാണ് ഇത്. ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രീമിയര്‍ കോമ്പോസിറ്റ് ടെക്‌നോളജീസാണ് ഇതിന്റെ നിര്‍മാതാക്കള്‍.

കെട്ടിടത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം മേല്‍ക്കൂരയാണ്. 80 ടണ്‍ ഭാരമുള്ള മേല്‍ക്കൂര ഒരേ പോലെയുള്ള 44 റേഡിയല്‍ പാനലുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 70 ഫീറ്റ് നീളവും 11 ഫീറ്റ് വീതിയുമാണ് ഇതിനുള്ളത്. എല്ലാ പാനലുകളും നടുക്കുള്ള ചെറിയ സെന്‍ട്രല്‍ ഹബ്ബുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. പ്രാദേശികമായി കൂട്ടിയോജിപ്പിച്ച് പരീക്ഷിച്ചതിന് ശേഷമാണ് ഓരോ ഭാഗമാക്കി കുപെര്‍ടീനോയിലേക്ക് കയറ്റിഅയച്ചത്.

175 ഏക്കര്‍ വിസ്തൃതിയില്‍ ഒരുങ്ങുന്ന മെഗാ കാംപസ് നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്. ആപ്പിളിന്റെ സഹ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ അവസാന പദ്ധതികളില്‍ ഒന്നാണിത്. അദ്ദേഹം മരിക്കുന്നതിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഗ്ലാസ് കൊണ്ടുള്ള കെട്ടിടം നിര്‍മിക്കുന്നതിനുള്ള പദ്ധതി കുപെര്‍ടീനോ സിറ്റി കൗണ്‍സിലിന് മുന്നില്‍ വെക്കുന്നത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

ഭൂമിയിലെ ഏറ്റവും പച്ചപ്പ് നിറഞ്ഞ കോര്‍പ്പറേറ്റ് ആസ്ഥാന മന്ദിരമായാണ് ഇതിനെ സിഇഒ ടിം കുക്കിന് നല്‍കിയ ആപ്പിളിന്റെ 2017 എന്‍വിറോണ്‍മെന്റല്‍ റെസ്‌പോണ്‍സിബിളിറ്റി റിപ്പോര്‍ട്ടില്‍ എന്‍വിറോണ്‍മെന്റ്, പോളിസി, സോഷ്യല്‍ ഇനിഷ്യേറ്റീവ് വൈസ് പ്രസിഡന്റ് ലിസ ജാക്‌സണ്‍ വിശേഷിപ്പിച്ചത്. ആപ്പിള്‍ പാര്‍ക്കില്‍ 100 ശതമാനം പുനരുപയോഗ ഊര്‍ജമാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 75 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നു തന്നെയാണ്. കാംപസിന്റെ 80 ശതമാനവും തുറന്ന പ്രദേശമാണ്. ഇവിടെ 9000ത്തില്‍ അധികം മരങ്ങളാണുള്ളത്.

Comments

comments

Categories: Arabia, Slider, World