എന്റെ ജോലി റോബോട്ട് എപ്പോള്‍ കൊണ്ടുപോകും?

എന്റെ ജോലി റോബോട്ട് എപ്പോള്‍ കൊണ്ടുപോകും?

120 വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യരുടെ മിക്ക തൊഴിലുകളും യന്ത്രങ്ങള്‍ കൈയ്യടക്കുന്നതിന് 50 ശതമാനം സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പ്രവചിക്കുന്നത്. അതുവരെ പേടിക്കേണ്ട എന്നാണോ അര്‍ത്ഥം….

ലോകം നാലാം വ്യവസായ വിപ്ലവത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. നിലവില്‍ മനുഷ്യന്‍ ചെയ്തുകൊണ്ടിരിക്കുന്ന പല ജോലികളും യന്ത്രങ്ങള്‍ ചെയ്യുന്ന കാലത്തേക്കുള്ള യാത്രയിലാണ് നാം. ഒരുപക്ഷെ മനുഷ്യരേക്കാള്‍ നന്നായി ചെയ്യാന്‍ അവര്‍ക്ക സാധിക്കും. ഉയര്‍ന്ന കാര്യക്ഷമതയും ചെലവുകുറഞ്ഞ സേവനവും വാഗ്ദാനം ചെയ്യുന്നതാണ് ഇതെങ്കിലും വ്യാപകമായ തൊഴില്‍ നഷ്ടവും കൂട്ടിനുണ്ടാകും.ഈ മാറ്റം ഓരോരുത്തരുടെയും മനസിലുയര്‍ത്തുന്ന ഒരു സങ്കീര്‍ണ ചോദ്യമുണ്ട്-എന്റെ തൊഴില്‍ എന്നു മുതലാണ് റോബോട്ട് ചെയ്യുക?

ഇതിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ലോകത്തിലെ പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (കൃത്രിമ ബുദ്ധി) ഗവേഷകര്‍. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഫ്യൂച്ചര്‍ ഓഫ് ഹ്യുമാനിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസേര്‍ച്ച് അസോസിയേറ്റ് കാത്ജാ ഗ്രൈസും ആര്‍ട്ടിഫിഷ്യല്‍ ഇംപാക്റ്റ്‌സ് പ്രൊജക്റ്റിലെയും മഷീന്‍ ഇന്റലിജെന്‍സ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് 352 ശാസ്ത്രജ്ഞരില്‍ ഒരു സര്‍വേ നടത്തി. മനുഷ്യര്‍ ചെയ്യുന്ന പ്രവൃത്തികള്‍ യന്ത്രങ്ങള്‍ കൈയ്യടക്കാന്‍ എത്രനാള്‍ എന്നതിന്റെ ചോദ്യത്തിനുള്ള ഉത്തരങ്ങളാണ് ഗവേഷകര്‍ തേടിയത്.ഫേസ്ബുക്കിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഡയറക്റ്റര്‍ യാന്‍ ലികുണ്‍, ഗൂഗിളിന്റെ ഡീപ്‌മൈന്‍ഡില്‍ നിന്നുള്ള മുസ്തഫാ സുലെയ്മാന്‍, യുബറിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ലാബ് ഡയറക്റ്റര്‍ സൗബിന്‍ ഗഹ്‌റാമനി തുടങ്ങിയ വിദഗ്ധരെയും സര്‍വെയില്‍ ഉള്‍പ്പെടുത്തി.

കുറച്ചു കാലം കൂടെ നമ്മെളെല്ലാവരും നമ്മുടെ തൊഴിലില്‍ സുരക്ഷിതരായിരിക്കുമെന്നാണ് സര്‍വേയില്‍ നിന്നും വ്യക്തമായത്. 120 വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യരുടെ മിക്ക തൊഴിലുകളും യന്ത്രങ്ങള്‍ കൈയ്യടക്കുന്നതിന് 50 ശതമാനം സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പ്രവചിക്കുന്നത്. എന്നാല്‍ യന്ത്രങ്ങള്‍ തൊഴില്‍ തട്ടിയെടുക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന അഭിപ്രായം തനിക്ക് വലിയ അത്ഭുതമായിരുന്നെന്നാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ ഗ്രേസ് അഭിപ്രായപ്പെട്ടത്. മെഷീന്‍ ലേണിംഗില്‍ ഈ അടുത്ത വര്‍ഷങ്ങളില്‍ വലിയ പുരോഗതിയുണ്ടാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ഗ്രേസ് കൂട്ടിച്ചേര്‍ക്കുന്നു.

2021 ആകുമ്പോള്‍ തുണികള്‍ മടക്കാന്‍ വരെ യന്ത്രങ്ങള്‍ക്ക് കഴിയുമെന്നാണ് സര്‍വേ ചൂണ്ടികാണിക്കുന്നത്. അതുകൊണ്ട് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ തൊഴില്‍ ഉപേക്ഷിക്കണമെന്നാണോ? ഒരുപക്ഷേ അയിരിക്കില്ല. വസ്ത്രങ്ങള്‍ മടക്കാന്‍ കഴിയുന്ന റോബോട്ടുകള്‍ ഇപ്പോഴും ഉണ്ട്. തോര്‍ത്തും ജീന്‍സുകളും ഷര്‍ട്ടുമൊക്കെ മടക്കുന്ന റോബോട്ടിനെ ബെര്‍ക്കലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ റോബോട്ടിക്‌സ് വിദഗ്ധര്‍ വികസിപ്പിച്ചിരുന്നു. ഒരു തോര്‍ത്ത് തെരഞ്ഞെടുത്ത് അത് മടക്കാന്‍ 2010ല്‍ 19 മിനിറ്റ് റോബോട്ടിന് വേണ്ടിവന്നിരുന്നെങ്കില്‍ 2012ല്‍ അഞ്ച് മിനിറ്റില്‍ ജീന്‍സും ആറു മിനിറ്റുകൊണ്ട് ടി-ഷര്‍ട്ടും മടക്കാന്‍ റോബോട്ടുകള്‍ തുടങ്ങി. ഇത്തരത്തിലുള്ള പുരോഗമനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും മനുഷ്യര്‍ക്ക് പകരമായി മാറാന്‍ റോബോട്ടുകള്‍ക്ക് ഇനിയും സമയം വേണ്ടിവരും.

യഥാര്‍ത്ഥ ലോകത്തില്‍ മനുഷ്യനെക്കാള്‍ വിശ്വാസ്യതയോടെ ജോലി ചെയ്യാന്‍ സാധിക്കുന്ന റോബോട്ടുകളെ നിര്‍മിക്കുകയെന്നത് പ്രയാസകരമായ കാര്യമാണെന്ന് ബിര്‍മിംഗ്ഹാം സര്‍വകലാശാലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് പ്രൊഫസര്‍ ജെറെമി വാട്ട് പറയുന്നു. യഥാര്‍ത്ഥ ലോകത്തുള്ള ഭൗതിക വസ്തുക്കളെ കൈകാര്യം ചെയ്യുക എന്നത് യന്ത്രങ്ങളെ സംബന്ധിച്ചിടത്തോളം ശ്രമകരമായ കാര്യമാണ്. ഭൗതികമായ തെരഞ്ഞെടുക്കലുകളോ ചിന്താശേഷിയോ വേണ്ടാത്ത ജോലികള്‍ ചെയ്യുന്നത് ഒരുപക്ഷെ എളുപ്പമായിരിക്കും. റോബോട്ട് മൊബിലിറ്റി- അതായത് സെല്‍ഫ് ഡ്രൈവിംഗ് കാറുകളും ഓട്ടോണോമസ് ഡെലിവറികളും പോലുള്ള കാര്യങ്ങള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. 1990കളിലെ ഇന്റര്‍നെറ്റിന്റെ അവസ്ഥയിലാണ് അവ-അദ്ദേഹം വ്യക്തമാക്കുന്നു.

ട്രക് ഡ്രൈവര്‍മാര്‍ക്കും റീട്ടെയ്‌ലര്‍മാര്‍ക്കും തങ്ങളുടെ ജോലിയെകുറിച്ച് വരുന്ന രണ്ട് ദശകത്തിനുള്ളില്‍ കാര്യമായി ചിന്തിക്കേണ്ടിവരും. 2027 ആകുമ്പോഴേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ട്രക്കുകള്‍ ഓടിത്തുടങ്ങുമെന്നാണ് ഗവേഷകര്‍ പ്രവചിക്കുന്നത്. 2031 ആകുമ്പോള്‍ റീട്ടെയ്ല്‍ ജോലികളും റോബോട്ടുകള്‍ കൈയടക്കും. എന്നാല്‍ റീട്ടെയ്ല്‍ അസിസ്റ്റന്റിന്റെ ജോലി നിലവില്‍ മനുഷ്യരുടെ കൈയ്യില്‍ സുരക്ഷിതമാണ്. ഒരു ചെരുപ്പു വാങ്ങാനായി കടയില്‍ എത്തുന്നവരോട് ഏത് ചെരുപ്പാണ് അവര്‍ക്കിണങ്ങുന്നതെന്നും ശരിയായ അളവ് ഏതാണെന്നുമൊക്കെ യന്ത്രം പറയുക കുറച്ച് പ്രയാസകരമാണ്.

എന്നാല്‍ കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനായി ഷോപ്പിംഗ് ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ റീട്ടെയ്ല്‍ കേന്ദ്രങ്ങളിലെ തൊഴില്‍ യന്ത്രനിയന്ത്രണത്തിലെത്തും. ഇന്ന് നമ്മള്‍ ചെയ്യുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ എത്രത്തോളമാണെന്ന് പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയുന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉപയോഗം എത്രത്തോളം എത്തികഴിഞ്ഞു എന്നതെന്ന്.തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷിയുമെല്ലാം റോബോട്ടുകള്‍ക്ക് കൈവരിക്കാന്‍ സാധിക്കില്ല

2053വരെ റോബോട്ടുകള്‍ സര്‍ജന്റെ റോള്‍ ഏറ്റെടുക്കില്ലെന്ന് വിദഗധര്‍ വിശ്വസിക്കുന്നു. എന്നാല്‍ ന്യുയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ്‌സെല്ലിംഗ് നോവലുകള്‍ ഏതെന്നു കണ്ടെത്താന്‍ 2049 ആകുമ്പോഴേക്കും റോബോട്ടുകള്‍ക്ക് സാധിക്കുമെന്നും ഗവേഷകര്‍ പ്രവചിക്കുന്നു. കാല്‍പനികത നിറഞ്ഞ നോവലുകളും വാര്‍ത്താ ലേഖനങ്ങളും സര്‍ഗ്ഗപരമായി കൈകാര്യം ചെയ്യാനുള്ള പരിശീലനം ഗൂഗിള്‍ ഇതിനോടകം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് റോബോട്ടുകള്‍ക്ക് നല്‍കിതുടങ്ങി. ബെന്‍ജമിന്‍ എന്ന എഐ ബോട്ടിന് പൂര്‍ണ്ണമായും ധാരണ വരുത്തുന്നവയല്ലെങ്കില്‍ കൂടിയും സയന്‍സ് ഫിക്ഷന്‍ സ്‌ക്രിപ്റ്റുകള്‍ തയാറാക്കാന്‍ കഴിയുന്നുണ്ട്. മനുഷ്യ വൈദഗ്്ധ്യത്തെ പുനസ്ഥാപിക്കുന്നതല്ല ഈ പുതിയ സാങ്കേതികവിദ്യയെന്നാണ് ഓട്ടോമേറ്റഡ് ഇന്‍സൈറ്റ്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആഡം സ്മിത് പറയുന്നത്.

മനുഷ്യന്റെ അഭിരുചിക്കനുസരിച്ചുള്ളവ നിര്‍മ്മിക്കുക എന്നതാണ് കൃത്രിമ ബുദ്ധി നേരിടുന്ന വെല്ലുവിളിയെന്ന് വാട്ട് പറയുന്നു.ലോകം വലിയൊരു മാറ്റത്തിന്റെ വക്കിലാണ് ഇപ്പോള്‍ നിലകൊള്ളുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ സര്‍വെയെന്ന് ഗ്രേസ് പറയുന്നു. മനുഷ്യന്‍ ചെയ്യുന്നവയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന് സാങ്കേതികപരമായി കൈകാര്യം ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നാണ് താന്‍ കരുതുന്നതെന്നും ഗ്രേസ്. എന്നാല്‍ മനുഷ്യന്റെ ചില വേഷങ്ങള്‍ യന്ത്രങ്ങളെകൊണ്ട് പകരം ചെയ്യിക്കാനാകില്ലെന്നും അവര്‍ വിശ്വസിക്കുന്നു.

Comments

comments

Categories: FK Special