മത്സരം ശക്തം; യുഎഇ സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ വില വീണ്ടും വെട്ടിക്കുറയ്ക്കും

മത്സരം ശക്തം; യുഎഇ സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ വില വീണ്ടും വെട്ടിക്കുറയ്ക്കും

എണ്ണ ഇതര മേഖലയുടെ പ്രവര്‍ത്തനത്തില്‍ ജൂണ്‍ മാസത്തില്‍ മികച്ച മുന്നേറ്റമുണ്ടായതായി എമിറേറ്റ്‌സ് എന്‍ബിഡി

അബുദാബി: ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയിലെ വളര്‍ച്ച നിലനിര്‍ത്തുന്നതിനായി യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വില കുറയ്ക്കുന്നുണ്ടെന്ന് എമിറേറ്റ്‌സ് എന്‍ബിഡി. എണ്ണ ഇതര മേഖലകളുടെ പ്രവര്‍ത്തനത്തില്‍ ജൂണ്‍ മാസത്തില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയെന്ന് ബാങ്കിന്റെ പ്രതിമാസ മൂല്യനിര്‍ണ്ണയത്തില്‍ പറയുന്നു.

കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവന്നതും പുതിയ ഓര്‍ഡറുകളില്‍ വര്‍ധനവുണ്ടായതും സാമ്പത്തികമേഖലയിലുണ്ടായ പുരോഗതിയുമാണ് മേയ് വരെയുള്ള ആറ് മാസത്തെ ഇടിവിന് ശേഷം, മേഖലയില്‍ മുന്നേറ്റമുണ്ടാക്കിയത്. ഇതിനൊപ്പം വിലക്കിഴിവും മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും ഉപയോഗിച്ച് ബിസിനസിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ക്ക് സാധിച്ചു. ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നത് കമ്പനികള്‍ക്ക് സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും മത്സരം ശക്തമായതാണ് ഇത് തുടരാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കുന്നതെന്ന് എമിറേറ്റ്‌സ് എന്‍ബിഡി പറഞ്ഞു.

അതേസമയം പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ ഏഴ് മാസത്തില്‍ ആദ്യമായി ഇടിവുണ്ടായെന്നും തൊഴില്‍രംഗത്തെ വളര്‍ച്ച എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയെന്നും ജൂണ്‍ മാസത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണില്‍ ഉല്‍പ്പാദനത്തിലും പുതിയ ഓര്‍ഡറുകളിലും വര്‍ധനവുണ്ടെന്നും അതിനൊപ്പം ഡിമാന്‍ഡ്, ഓര്‍ഡര്‍ വളര്‍ച്ചയെ സഹായിക്കുന്നതിനായി ഉല്‍പ്പന്നങ്ങളുടെ വില ശരാശരിയായി കുറച്ചുകൊണ്ടിരിക്കുകയാണെന്നും എമിറേറ്റ്‌സ് എന്‍ബിഡിയുടെ മിഡില്‍ ഈസ്റ്റ് ഗവേഷണ മേധാവി ഖദീജ ഹാക്യു പറഞ്ഞു.

യുഎഇ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം മേയ് വരെ 54.3 ല്‍ നിന്നുരുന്ന എണ്ണ ഇതര സ്വകാര്യ മേഖല ജൂണില്‍ 55.8 ആയി വളര്‍ന്നു. ദീര്‍ഘകാലമായി 54.5 എന്ന ശരാശരി വളര്‍ച്ച നിരക്കില്‍ നിന്നാണ് ജൂണില്‍ വര്‍ധനവുണ്ടായത്. സാമ്പത്തിക നില കൂടുതല്‍ മെച്ചപ്പെടുന്നത് വരും വര്‍ഷത്തില്‍ ഉല്‍പ്പാദന വളര്‍ച്ചയിലേക്ക് നയിക്കുമെന്ന വിശ്വാസത്തിലാണ് സ്ഥപനങ്ങള്‍.

Comments

comments

Categories: Business & Economy, Slider