ഇലക്ട്രിക് വാഹനങ്ങളുമായി ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലേക്ക്

ഇലക്ട്രിക് വാഹനങ്ങളുമായി ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലേക്ക്

2025 ഓടെ വോള്‍വോ ആഗോളതലത്തില്‍ പത്ത് ലക്ഷം ഇലക്ട്രിക് കാറുകള്‍ നിരത്തുകളിലെത്തിക്കും

ചെന്നൈ : ഇലക്ട്രിക് വാഹന പദ്ധതികളുമായി ആഡംബര കാര്‍ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് കടന്നുവരുന്നു. 2019 ല്‍ ഗ്ലോബല്‍ ഇലക്ട്രിക് ലോഞ്ച് നടത്താനാണ് വോള്‍വോ കാര്‍സിന്റെ പദ്ധതി. ഇന്ത്യയിലും ഇതേ സമയത്ത് കാര്‍ അവതരിപ്പിക്കും. ബിഎംഡബ്ല്യു, ഔഡി, മെഴ്‌സിഡസ്-ബെന്‍സ് എന്നിവര്‍ ബിഎസ്-6 പവര്‍ട്രെയ്‌നുകളും പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളും ഫുള്‍ ഇലക്ട്രിക് വാഹനങ്ങളുമാണ് ഇന്ത്യന്‍ വിപണിയിലേക്ക് കരുതിവെച്ചിരിക്കുന്നത്.

എന്നാല്‍ ഇന്ത്യയിലെ ചാര്‍ജിംഗ് സൗകര്യങ്ങളുടെ കുറവ് ഈ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോഴും ആശങ്ക സൃഷ്ടിക്കുകയാണ്. ഇത്തരമൊരു സാഹചര്യം ഫുള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിപണനത്തിന് തടസ്സമാകുമെന്നാണ് കമ്പനികള്‍ കരുതുന്നത്.2025 ഓടെ ആഗോളതലത്തില്‍ പത്ത് ലക്ഷം ഇലക്ട്രിക് കാറുകള്‍ നിരത്തുകളിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വോള്‍വോ ഓട്ടോ ഇന്ത്യ എംഡി ടോം വോണ്‍ ബോണ്‍സ്‌ഡോര്‍ഫ് പറഞ്ഞു. വോള്‍വോ കാര്‍ ഗ്രൂപ്പില്‍നിന്നുള്ള ആദ്യ ഇലക്ട്രിക് കാര്‍ 2019 ല്‍ അനാവരണം ചെയ്യുമെന്നും 2020 ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇതിന് മുന്നോടിയായി പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പുറത്തിറക്കും.

ആഗോളതലത്തിലും ഇന്ത്യയിലും ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാനാണ് മെഴ്‌സിഡസ്-ബെന്‍സ് ഒരുങ്ങുന്നത്. ഭാവിയില്‍ ആഗോളതലത്തില്‍ പത്ത് ഇലക്ട്രിക് വാഹന മോഡലുകളാണ് പുറത്തിറക്കുക. ഇവയില്‍നിന്ന് ഇന്ത്യയില്‍ ഏതൊക്കെ മോഡലുകള്‍ അവതരിപ്പിക്കാമെന്ന് മെഴ്‌സിഡസ്-ബെന്‍സ് തീരുമാനിക്കും.

ആഗോളതലത്തില്‍ ബദല്‍ ഇന്ധന വാഹനങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും കമ്പനി വലിയ തോതില്‍ നിക്ഷേപം നടത്തുന്നതായി മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ എംഡി & സിഇഒ റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു. 2022 ഓടെ ചെറു കാര്‍ മുതല്‍ വലിയ എസ്‌യുവി വരെ എല്ലാ സെഗ്‌മെന്റുകളിലുമായി പത്തിലധികം ഫുള്ളി ഇലക്ട്രിക് വാഹന മോഡലുകള്‍ വിപണിയിലുണ്ടാകും. 2025 ഓടെ ആഗോളതലത്തില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 15-25 ശതമാനം വാഹനങ്ങള്‍ വില്‍പ്പന നടത്തുകയാണ് ലക്ഷ്യമെന്നും റോളണ്ട് ഫോള്‍ഗര്‍ വ്യക്തമാക്കി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മെഴ്‌സിഡസ്-ബെന്‍സ് വാഹനങ്ങളെ ഇക്യു എന്ന പുതിയ ബ്രാന്‍ഡിലായിരിക്കും ഉള്‍പ്പെടുത്തുന്നത്. ഐസിഇ വാഹനങ്ങള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡുകള്‍, ബാറ്ററിയിലോ ഫ്യൂവല്‍ സെല്ലിലോ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മെഴ്‌സിഡസ്-ബെന്‍സിന്റെ ‘ഗ്രീന്‍ ഡ്രൈവ് സ്ട്രാറ്റജി’ എന്നും റോളണ്ട് ഫോള്‍ഗര്‍ വ്യക്തമാക്കി.

ഔഡിയും ‘ഇലക്ട്രിക് ഭാവി’ യെക്കുറിച്ചുള്ള ആലോചനകളിലാണ്. അതേസമയം ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറായ ഐ8 ബിഎംഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. എന്നാല്‍ ഗ്ലോബല്‍ ഇലക്ട്രിക് കാറായ ഐ3 ഇന്ത്യയില്‍ പുറത്തിറക്കിയിട്ടില്ല. പിനിന്‍ഫാറിന രൂപകല്‍പ്പന ചെയ്യുന്ന ഇലക്ട്രിക് ആഡംബര കാര്‍ പുതിയ 360-600 വോള്‍ട്ട് പവര്‍ട്രെയ്‌നുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കും. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറായ ഐപേസ് അടുത്ത വര്‍ഷം ആഗോളതലത്തില്‍ അവതരിപ്പിക്കും. എന്നാല്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന കാര്യം ഇതുവരെ സൂചിപ്പിച്ചിട്ടില്ല.

Comments

comments

Categories: Auto