പുതിയ രണ്ട് ഭവന പദ്ധതികളുമായി ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്

ബെംഗളൂരുവിലെയും ഗുരുഗ്രാമത്തിലെയും പ്രോജക്റ്റുകളിലൂടെ ആകെ 1.65 മില്യണ്‍ ചതുരശ്ര അടി വില്‍ക്കാന്‍ കഴിയും

മുംബൈ : പുതിയ രണ്ട് പാര്‍പ്പിട പദ്ധതികളുമായി ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് രംഗത്ത്. ബെംഗളൂരുവിലും ഗുരുഗ്രാമത്തിലുമാണ് പ്രോജക്റ്റുകള്‍ നടപ്പാക്കുന്നത്. രണ്ട് പ്രോജക്റ്റുകളിലുമായി ആകെ 1.65 മില്യണ്‍ ചതുരശ്ര അടി വില്‍ക്കാന്‍ കഴിയും.

ബെംഗളൂരു മഗദി റോഡിലെ പ്രീമിയം ഗ്രൂപ്പ് ഹൗസിംഗ് പ്രോജക്റ്റ് പൂര്‍ത്തിയാക്കുന്നതിലൂടെ ആറ് ലക്ഷം ചതുരശ്ര അടി വില്‍ക്കാന്‍ കഴിയുമെന്നാണ് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് പ്രതീക്ഷിക്കുന്നത്. പ്രധാന ബിസിനസ് കേന്ദ്രത്തിന്റെയും റേസ് കോഴ്‌സ്, മജെസ്റ്റിക്, രാജരാജേശ്വരി നഗര്‍ എന്നിവയുടെയും സാമീപ്യം പ്രോജക്റ്റിന് ഗുണം ചെയ്യുമെന്ന് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് കരുതുന്നു.

ബെംഗളൂരു തങ്ങള്‍ക്ക് പ്രധാനപ്പെട്ട വിപണിയാണെന്ന് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പിരോജ്ഷാ ഗോദ്‌റെജ് പറഞ്ഞു. രാജ്യത്തെ വലിയ റിയല്‍ എസ്റ്റേറ്റ് വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ബെംഗളൂരുവിലെ പുതിയ പ്രോജക്‌റ്റെന്നും അദ്ദേഹം വ്യക്തമാക്കി.

വെസ്റ്റ് ബെംഗളൂരുവിലെ ചെറിയ വിപണിയില്‍ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ ആദ്യത്തെയും നഗരത്തിലെ പതിനൊന്നാമത്തെയും പ്രോജക്റ്റാണിത്.ഗുരുഗ്രാമത്തിലെ ഭവന പദ്ധതിയിലൂടെ 1.05 മില്യണ്‍ ചതുരശ്ര അടി വില്‍ക്കാന്‍ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന് കഴിയും. ദേശീയ തലസ്ഥാന മേഖലയിലെ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ പതിനൊന്നാമത്തെ പ്രോജക്റ്റ് എന്‍എച്ച് 8 ല്‍നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ്.

മുംബൈ ആസ്ഥാനമായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് നിലവില്‍ പന്ത്രണ്ട് നഗരങ്ങളിലായി 136.34 മില്യണ്‍ ചതുരശ്ര അടി സ്ഥലമാണ് വികസിപ്പിക്കുന്നത്. റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, ടൗണ്‍ഷിപ്പ് പ്രോജക്റ്റുകള്‍ ഇതില്‍ ഉള്‍പ്പെടും.

Comments

comments

Categories: Business & Economy, Slider