ഇന്ത്യയില്‍ 5 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനൊരുങ്ങി ഫോക്‌സ്‌കോണ്‍

ഇന്ത്യയില്‍ 5 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനൊരുങ്ങി ഫോക്‌സ്‌കോണ്‍

ജിഎസ്ടി നിലവില്‍ വന്നതിനൊപ്പം ഇറക്കുമതി ചെയ്യുന്ന മൊബീല്‍ ഫോണുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതും അനുകൂലമായാണ് ഫോക്‌സ്‌കോണ്‍ വിലയിരുത്തുന്നത്

ന്യൂഡെല്‍ഹി: ഇലക്ട്രോണിക്‌സ് മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ അഞ്ച് ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുന്നതിന് തയാറെടുക്കുന്നു. ഇതുവഴി യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യയെ ചൈനയ്ക്കു സമാനരമായ ഒരു മാനുഫാക്ചറിംഗ് കേന്ദ്രമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ ഒരു ക്രമാതീതമായ മാറ്റം കൊണ്ടു വരുന്നതിനാണ് തയാറാകുന്നതെന്ന് ഫോക്‌സ്‌കോണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ജിഎസ്ടി നിലവില്‍ വന്നതിനൊപ്പം ഇറക്കുമതി ചെയ്യുന്ന മൊബീല്‍ ഫോണുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതും അനുകൂലമായാണ് ഫോക്‌സ്‌കോണ്‍ വിലയിരുത്തുന്നത്. ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുന്നത് ചൈനയില്‍ നിന്നും മറ്റു വിദേശരാജ്യങ്ങളില്‍ നിന്നും മൊബീല്‍ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കുമെന്നാണ് കണക്കാക്കുന്നത്. കമ്പനി ഏറ്റവും പ്രാധാന്യം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഫോക്‌സകോണ്‍ അധികൃതര്‍ പറയുന്നു. ഇന്ത്യയില്‍ പുതിയ ഫാക്റ്ററികള്‍ നിര്‍മിക്കുന്നതിലൂടെ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും മാനുഫാക്ചറിംഗില്‍ സവിശേഷമായ സ്ഥാനം നേടുന്നതിനുമാണ് കമ്പനി ശ്രമിക്കുന്നത്.

ഇന്ത്യ സന്ദര്‍ശിച്ച സമയത്ത് രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്തുമെന്ന കാര്യം ഫോക്‌സ്‌കോണ്‍ ചെയര്‍മാനും സിഇഒയുമായ ടെറി ഗോ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. മാത്രവുമല്ല, പ്രാദേശിക കമ്പനികളുമായും വ്യാവസായിക ഗ്രൂപ്പുകളുമായുമുള്ള പങ്കാളിത്തത്തെക്കുറിച്ചും ഇദ്ദേഹം സൂചിപ്പിച്ചിരുന്നു. ഫോണുകള്‍ക്കും ചാര്‍ജര്‍, ബാറ്ററികള്‍ തുടങ്ങിയ മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതി നികുതി ചുമത്തിയത് ഇന്ത്യയില്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കും അവരുടെ വിതരണ പങ്കാളികള്‍ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ ഈ വര്‍ഷത്തിനു ശേഷം മാത്രമേ നിക്ഷേപം ആരംഭിക്കുകയുള്ളൂവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ്, സര്‍ക്കാര്‍ ആഭ്യന്തരമായി നിര്‍മാണം നടത്തുന്ന കമ്പനികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്ത് തന്നെ നിര്‍മിതമായ ഫോണുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ആഭ്യന്തര ഉല്‍പ്പാദനത്തിനായുള്ള 10 ശതമാനം ആനുകൂല്യങ്ങള്‍ ജിഎസ്ടിക്കു കീഴില്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ ഒരു അനശ്ചിതത്വം ഉണ്ടായിരുന്നു. ഫോണുകള്‍ക്കും ചാര്‍ജര്‍, ഹെഡ്‌സെറ്റുകള്‍, ബാറ്ററികള്‍, യുഎസ്ബി തുടങ്ങിയ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും 10 ശതമാനം കസ്റ്റംസ് നികുതി ചുമത്തിക്കൊണ്ട് സര്‍ക്കാര്‍ ശനിയാഴ്ചയാണ് ഉത്തരവിറക്കിയത്.
നിക്ഷേപവുമായി ബന്ധപ്പെട്ട് നിരവധി സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടത്തുകയാണ് ഫോക്‌സ്‌കോണിപ്പോള്‍. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഹരിയാന, തെലുങ്കാന എന്നീ സംസ്ഥാനങ്ങളുമായാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്.

ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ ഒരു വലിയ ഭാഗം രാജ്യത്ത് ഒരു ഡിസ്‌പ്ലേ ഫാബ് യൂണിറ്റ് നിര്‍മിക്കുന്നതിനായിരിക്കും. ഇതിനു വേണ്ടി മാത്രം ഏകദേശം മൂന്ന് ബില്ല്യണ്‍ ഡോളറിനടുത്ത് നിക്ഷേപമായിരിക്കും നടത്തുക. ഫോക്‌സ്‌കോണിന് ഇന്ത്യയിലുള്ള ശേഷി വലുതാണ്. ഇതുവഴി ഒരുമാസം നാലു മില്ല്യണ്‍ ഡിവൈസുകള്‍ നിര്‍മിക്കുന്നതിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്‍ഫോക്കസ്, ഒാപ്പോ, ഷവോമി, നോക്കിയ, ജിയോണി തുടങ്ങിയ കമ്പനികളുടെ ഫോണുകളായിരിക്കും ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഫോക്‌സ്‌കോണ്‍ നിര്‍മിക്കുന്നത്.

Comments

comments

Categories: Business & Economy, World

Related Articles