ടെസ്‌ല മോഡല്‍ 3 യുടെ ഡെലിവറി ഈ മാസം 28 ന്

ടെസ്‌ല മോഡല്‍ 3 യുടെ ഡെലിവറി ഈ മാസം 28 ന്

ഇലോണ്‍ മസ്‌ക് സ്ഥിരീകരിച്ചു, വെള്ളിയാഴ്ച്ച ഉല്‍പ്പാദനം ആരംഭിക്കും

കാലിഫോര്‍ണിയ : ടെസ്‌ലയുടെ ഏറ്റവും ചെലവുകുറഞ്ഞ ഇലക്ട്രിക് കാറായ മോഡല്‍ 3 ഈ മാസം മുതല്‍ ഉപയോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങുമെന്ന് ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് അറിയിച്ചു. ഓട്ടോമൊബീല്‍ ലോകം വളരെ പ്രതീക്ഷയോടെയാണ് മോഡല്‍ 3 യുടെ വരവിനെ കാത്തിരിക്കുന്നത്. മുപ്പത് മോഡല്‍ 3 കോംപാക്റ്റ് സെഡാന്‍ ഉള്‍പ്പെടുന്ന ആദ്യ ബാച്ച് ഈ മാസം 28 ന് ഉപയോക്താക്കള്‍ക്ക് കൈമാറുമെന്നാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിശ്ചയിച്ചതിലും നേരത്തെയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലക്ട്രിക് വാഹനം എല്ലാ മാനദണ്ഡ പരിശോധനകളിലും വിജയിച്ചതായും മസ്‌ക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ടെസ്‌ല മോഡല്‍ 3 പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഡെലിവറി തുടങ്ങുന്ന തിയ്യതിക്കായി ഉപയോക്താക്കള്‍ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. 35,000 ഡോളറാണ് മോഡല്‍ 3 യുടെ അടിസ്ഥാന വില. ഏകദേശം 23 ലക്ഷം രൂപ. മോഡല്‍ എസ്, മോഡല്‍ എക്‌സ് എന്നീ ടെസ്‌ല മോഡലുകളേക്കാള്‍ വളരെ കുറവാണിത്. നാല് ലക്ഷം ഓര്‍ഡറുകളാണ് മോഡല്‍ 3 ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇത്രയും ഓര്‍ഡറുകള്‍ക്ക് ഡെലിവറി നടത്തുന്നതിന് ഉല്‍പ്പാദനത്തിന്റെ വേഗം ടെസ്‌ല വര്‍ധിപ്പിക്കേണ്ടതായി വരും.

ആദ്യ ബാച്ചില്‍ മുപ്പത് കാറുകളാണ് ഉള്‍പ്പെടുന്നതെന്നും ഓഗസ്റ്റ് മാസത്തോടെ ഉല്‍പ്പാദനം നൂറ് യൂണിറ്റായി വര്‍ധിക്കുമെന്നും സെപ്റ്റംബറോടെ 1,500 ലധികം മോഡല്‍ 3 കാറുകള്‍ ഡെലിവറി ചെയ്യുമെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചു. 2017 ഡിസംബറോടെ പ്രതിമാസം 20,000 യൂണിറ്റ് മോഡല്‍ 3 ഉപയോക്താക്കള്‍ക്ക് കൈമാറാനാകുമെന്ന് മസ്‌ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മോഡല്‍ 3 എല്ലാ അര്‍ത്ഥത്തിലും സിംപിളാണെന്ന് ടെസ്‌ല അവകാശപ്പെട്ടു. ടെസ്‌ലയുടെ മറ്റ് മോഡലുകളെപ്പോലെ മോഡല്‍ 3 യുടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷന്‍സ് ലഭിക്കില്ലെന്ന് മെയ് മാസത്തില്‍ ചേര്‍ന്ന ടെസ്‌ലയുടെ ഓഹരിയുടമാ യോഗത്തില്‍ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു.

മോഡലുകളുടെ പേരില്‍ ടെസ്‌ല എന്ന കമ്പനി വിവിധ കോണുകളില്‍നിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും വ്യാപകമായി വില്‍ക്കപ്പെടുന്ന ഒരു മോഡല്‍ പുറത്തിറക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. മോഡല്‍ 3 ‘ജനങ്ങളുടെ കാര്‍’ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോഡല്‍ എസ്, മോഡല്‍ എക്‌സ് എന്നിവയ്ക്ക് യുഎസ് വിപണിയില്‍ ഒരു ലക്ഷം ഡോളറാണ് വില. ഏകദേശം 65 ലക്ഷം ഇന്ത്യന്‍ രൂപ. ഇവരുമായി താരതമ്യം ചെയ്യുമ്പോഴാണ് മോഡല്‍ 3 താങ്ങാവുന്ന കാറാകുന്നത്. സമീപ ഭാവിയില്‍ മോഡല്‍ 3 ഇന്ത്യയിലെത്തിയേക്കും.

 

Comments

comments

Categories: Auto