മിഷന്‍ 2030 : ഇലക്ട്രിക് കാറുകളെ പിന്തുണച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

മിഷന്‍ 2030 : ഇലക്ട്രിക് കാറുകളെ പിന്തുണച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറുന്നത് ടെസ്റ്റ് മത്സരത്തില്‍ ദൈര്‍ഘ്യമേറിയ ഇന്നിംഗ്‌സ് കളിക്കുന്നതുപോലെ

മുംബൈ : 2030 ടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ രാജ്യമായി മാറുകയെന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ പിന്തുണ. പരിസ്ഥിതി സംരക്ഷണത്തില്‍ ഇന്നത്തെ തലമുറ വലിയ ഉത്തരവാദിത്തബോധം പ്രകടിപ്പിക്കണമെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആവശ്യപ്പെട്ടു. ബദല്‍ ഇന്ധനങ്ങളെക്കുറിച്ചും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗ്ഗങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ രാജ്യമാകുകയെന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ശരിയായ ദിശയിലുള്ള ഒന്നാണെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞു. ലോകരാജ്യങ്ങള്‍ ഇതേ വഴിക്കാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് മത്സരത്തില്‍ ദൈര്‍ഘ്യമേറിയ ഇന്നിംഗ്‌സ് കളിക്കുന്നതുപോലെയാണ് പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറുന്നതിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഉപമിച്ചത്. ഇതൊരു നീണ്ട പ്രക്രിയയാണെന്നും നേരം ഇരുട്ടി വെളുക്കുമ്പോള്‍ മാറ്റം കാണാന്‍ കഴിയില്ലെന്നും നമ്മളെല്ലാവരും ശരിയായ ദിശയില്‍ സഞ്ചരിച്ചാല്‍ തീര്‍ച്ചയായും ഫലം ലഭിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

സാധാരണ ആന്തരിക ദഹന എന്‍ജിനുകള്‍ നല്‍കുന്ന അതേ വേഗവും കരുത്തും ഇലക്ട്രിക് വാഹനങ്ങളും കാഴ്ച്ചവെയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാരുതി 800 മുതല്‍ 2.62 കോടി രൂപ വില വരുന്ന ബിഎംഡബ്ല്യു ഐ8 ഹൈബ്രിഡ് വരെ കാണുകയും ഓടിക്കുകയും സ്വന്തമാക്കുകയും ചെയ്ത, കാറുകളെ അത്യധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സച്ചിന്‍. ഐ8 ഹൈബ്രിഡിന്റെ ഡ്രൈവിംഗ് അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

Comments

comments

Categories: Auto