ഖത്തറിന് അധിക സമയം അനുവദിച്ച് അറബ് രാജ്യങ്ങള്‍

ഖത്തറിന് അധിക സമയം അനുവദിച്ച് അറബ് രാജ്യങ്ങള്‍

കുവൈറ്റ് അമീറിന്റെ അഭ്യര്‍ഥന മാനിച്ചാണ് 48 മണിക്കൂര്‍ കൂടി നീട്ടി നല്‍കാന്‍ തീരുമാനിച്ചത്

ദോഹ: ഖത്തറിന് മേലുള്ള നിരോധനം നീക്കുന്നതിനായി അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനുള്ള സമയം 48 മണിക്കൂര്‍ കൂടി നീട്ടാന്‍ തീരുമാനിച്ചു. ഞായറാഴ്ച രാത്രിയോടെ അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് ദോഹയ്ക്ക് കുറച്ച് സമയം കൂട്ടി നല്‍കാന്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നിവര്‍ തീരുമാനിച്ചത്.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന കുവൈറ്റ് അമീറിന്റെ അഭ്യര്‍ഥന മാനിച്ചാണ് അധിക സമയം അനുവദിച്ചതെന്ന് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനുള്ള അന്തിമ തീരുമാനമെടുക്കാനുള്ള ചുമതല അമീര്‍ ഷേയ്ഖ് സബാ അല്‍ അഹ്മദ് അല്‍ സബായ്ക്ക് കൈമാറുന്നതായി ഖത്തര്‍ അറിയിപ്പ് വന്നതിന് പിന്നാലെയാണ് സമയം നീട്ടി നല്‍കണമെന്ന് കുവൈറ്റ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടത്.

ഒരു മാസം മുന്‍പാണ് തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്നെന്നും ഇറാനുമായി സൗഹൃദം സ്ഥാപിക്കുന്നെന്നും ആരോപിച്ച് സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്. ഇത് ഗള്‍ഫ് മേഖലയിലെ കടുത്ത പ്രതിസന്ധിയ്ക്കാണ് വഴിവെച്ചത്. എന്നാല്‍ എല്ലാ ആരോപണങ്ങളും ഖത്തര്‍ തള്ളി.

നിരോധനം അവസാനിപ്പിക്കാന്‍ അറബ് രാജ്യങ്ങള്‍ 13 ഡിമാന്‍ഡുകളാണ് മുന്നോട്ട് വെച്ചത്. അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക, മുസ്ലീം ബ്രദര്‍ഹുഡിനുള്ള പിന്തുണ പിന്‍വലിക്കുക, തുര്‍ക്കിയുടെ മിലിറ്ററി ബേസിനെ പുറത്താക്കുക തുടങ്ങിയവയായിരുന്നു നിരോധനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ആവശ്യങ്ങള്‍ ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഇത് അംഗീരിക്കില്ലെന്നുമാണ് ഖത്തറിന്റെ വിദേശകാര്യ മന്ത്രി ഷേയ്ഖ് മൊഹമ്മെദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി പറഞ്ഞത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിരോധനം കൂടുതല്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തിലാണ് സൗദിയും സഖ്യവും.

Comments

comments

Categories: World