മോദി ചൊവ്വാഴ്ച ഇസ്രയേലില്‍; വമ്പന്‍ കരാറുകള്‍ ഒപ്പുവെക്കും

മോദി ചൊവ്വാഴ്ച ഇസ്രയേലില്‍; വമ്പന്‍ കരാറുകള്‍ ഒപ്പുവെക്കും

ഇസ്രയേലില്‍ എങ്ങും നമസ്‌തെ മോദി കാംപെയ്ന്‍. പ്രതിരോധം, സൈബര്‍ സുരക്ഷ മേഖലകളില്‍ കരാറുകള്‍ ഒപ്പുവെക്കും

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച തുടക്കം. ആധുനിക ഇസ്രയേല്‍ നിലവില്‍ വന്ന് 70 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അവിടേക്ക് സന്ദര്‍ശനം നടത്തുന്നത്. മോദിയുടെ പുതിയ നയതന്ത്രനീക്കം ആഘോഷമാക്കാനുള്ള സകല തയാറെടുപ്പുകളും ഇസ്രയേല്‍ നടത്തിക്കഴിഞ്ഞു. ‘നമസ്‌തെ മോദി, വെല്‍ക്കം ടു ഇസ്രയേല്‍’ കാംപെയ്‌നുമായി ഇസ്രയേലി ജനത ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം ഇതിനോടകം വിളിച്ചോതിക്കഴിഞ്ഞു. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ ത്രിദിന സന്ദര്‍ശനം.

പ്രത്യക്ഷമായി ഇസ്രയേലിനോട് അടുക്കുന്നതിലൂടെ ഇന്ത്യ ഇതുവരെ സ്വീകരിച്ചിരുന്ന നയത്തില്‍ നിന്നും വ്യതിചലിക്കുകയാണ്. ഇന്ത്യയിലെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രേയലുമായി ഒരു പരിധിക്കപ്പുറമുള്ള പ്രത്യക്ഷ ബന്ധത്തിന് ഇതുവരെയുള്ള പ്രധാനമന്ത്രിമാര്‍ മടികാണിക്കുകയാണുണ്ടായത്. അതില്‍ നിന്നു വ്യത്യസ്തമായ സമീപനമാണ് മോദി കൈക്കൊണ്ടത്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ രംഗത്ത് വമ്പന്‍ കരാറുകള്‍ ഒപ്പുവെക്കുമെന്ന് ഇസ്രയേലി പത്രമായ ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അതിനു പുറമെ ഇന്നൊവേഷന്‍, സയന്‍സ്, ടെക്‌നോളജി, ബഹിരാകാശം തുടങ്ങിയ മേഖലകളിലും ജൂതരാഷ്ട്രവുമായി ഇന്ത്യ കരാറുകളില്‍ ഒപ്പുവെക്കും. കൃഷിയുള്‍പ്പടെയുള്ള രംഗങ്ങളില്‍ ഇസ്രയേലിന്റെ അത്യാധുനിക സാങ്കേതികവിദ്യ ഇന്ത്യക്ക് ഉപയോഗപ്പെടുത്താനാകും.

1947ല്‍ സ്വാതന്ത്ര്യം നേടിയ ഇന്ത്യയും 1948ല്‍ നിലവില്‍ വന്ന ഇസ്രയേലും തമ്മില്‍ നിരവധി സമാനതകള്‍ ഉണ്ടെങ്കിലും അറബ് അനുകൂല നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചു പോന്നത്. 1962ല്‍ ചൈനയുമായും 1965ല്‍ പാക്കിസ്ഥാനുമായും നടന്ന യുദ്ധങ്ങളില്‍ ഇസ്രയേല്‍ ഇന്ത്യക്ക് സൈനിക സഹായം നല്‍കിയെങ്കിലും രാജ്യത്തിന് അവരോടുള്ള സമീപനത്തില്‍ പുറമെ വലിയ മാറ്റമൊന്നും വന്നിരുന്നില്ല. 1992ല്‍ മാത്രമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം പോലും പൂര്‍ണ അര്‍ത്ഥത്തില്‍ ആരംഭിച്ചത്.

പൊതു ശ്രദ്ധ ആകര്‍ഷിക്കാത്ത തരത്തില്‍ തുടര്‍ന്നങ്ങോട്ട് ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യതയുള്ള പ്രതിരോധ പങ്കാളിയായി ഇസ്രയേല്‍ മാറുക ആയിരുന്നു. ഭീകര വിരുദ്ധത, രഹസ്യാന്വേഷണം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളില്‍ ഇസ്രയേലിന്റെ സഹായം ഇന്ത്യ തേടുന്നുണ്ട്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വലിയ കരാറുകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേറ്റ ശേഷം ഇസ്രേയലുമായുള്ള ബന്ധത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം ഉയര്‍ച്ചയാണുണ്ടായത്. ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ ഒരു ബില്ല്യണ്‍ ഡോളറിന്റെ വാര്‍ഷിക വ്യാപാരമാണ് പ്രതിരോധരംഗത്ത് മാത്രം നടക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ മാത്രം ഏഴ് പ്രതിരോധ ഡീലുകളിലാണ് ഇസ്രയേലും ഇന്ത്യയും ഒപ്പുവെച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതും ഇസ്രേയല്‍ തന്നെ. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇസ്രയേല്‍ പ്രതിരോധ വ്യവസായത്തിലെ തന്നെ ഏറ്റവും വലിയ കരാര്‍ (1.6 ബില്ല്യണ്‍ ഡോളറിന്റെ) ഇസ്രയേല്‍ ഏറോസ്‌പേസ് ഇന്‍ഡസ്ട്രീസ് എന്ന കമ്പനി ഇന്ത്യയുമായി ഒപ്പുവെച്ചത്. മേയ് മാസത്തില്‍ ഇതേ കമ്പനി തന്നെ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായി 630 മില്ല്യണ്‍ ഡോളറിന്റെ കരാറാണ് ഒപ്പുവെച്ചത്. സന്ദര്‍ശനത്തിലുടനീളം ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു മോദിയെ അനുഗമിക്കും. ഇസ്രേയല്‍ സന്ദര്‍ശിക്കുന്ന രാജ്യത്തലവന്‍മാരുമായി ഒരു തവണ മാത്രമാണ് നെതന്യാഹു സാധാരണ കൂടിക്കാഴ്ച്ച നടത്താറുള്ളത്. എന്നാല്‍ മോദിയുടെ സന്ദര്‍ശനത്തിലുടനീളം താന്‍ ഉണ്ടാകുമെന്ന് നെതന്യാഹു അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി തങ്ങളെ സംബന്ധിച്ച് സ്‌പെഷ്യല്‍ ആണെന്നും അതാണ് പതിവ് തെറ്റിക്കാന്‍ കാരണമെന്നും അദ്ദേഹം.

Comments

comments

Categories: Top Stories, World