ജിഎസ്ടി ; വ്യാപാരികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: തോമസ് ഐസക്

ജിഎസ്ടി ; വ്യാപാരികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: തോമസ് ഐസക്

പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കേണ്ട തരത്തില്‍ ആശയക്കുഴപ്പമില്ല

കൊച്ചി: രാജ്യ വ്യാപകമായി നടപ്പാക്കുന്ന ചരക്കുസേവന നികുതി വ്യാപാരികള്‍ക്ക് നേട്ടമല്ലാതെ നഷ്ടമൊന്നും ഉണ്ടാക്കുന്നതല്ലെന്ന് സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. എന്നാല്‍ സേവനദാതാക്കളെക്കുറിച്ചും വ്യവസായികളെക്കുറിച്ചും ഇതുപോലെ അടച്ചു പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി സംബന്ധിച്ച് മൊത്തത്തില്‍ ആശയക്കുഴപ്പമാണ് എന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കത്തക്ക ഒരു ആശയക്കുഴപ്പവും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇതുവരെ എങ്ങനെയാണോ വ്യാപാരം ചെയ്തിരുന്നത് അതുപോലെ ഇനിയും നടത്താം. ബില്ല് എഴുതുമ്പോള്‍ വാറ്റ് നികുതിക്കു പകരം ജിഎസ്ടി നികുതി എഴുതണമെന്നു മാത്രം. കംപ്യൂട്ടര്‍ ബില്ലിംഗ് വേണമെന്ന് ഒരു നിയമവും ഇല്ലെന്നും സെപ്റ്റംബര്‍ മാസത്തില്‍ റിട്ടേണ്‍ അയക്കുമ്പോള്‍ അത് ഓണ്‍ലൈന്‍ ആകണമെന്നു മാത്രമേയുള്ളൂവെന്നും തോമസ് ഐസക് പറഞ്ഞു. പുതിയ റിട്ടേണ്‍ ഫോമും മറ്റും സെപ്റ്റംബറിനു മുമ്പ് എല്ലാവര്‍ക്കും നല്‍കുമെന്നും ഇതു സംബന്ധിച്ച് പരിശീലനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ ജിഎസ്ടിയുടെ ഉദ്ഘാടനത്തിനു ശേഷം മൂന്നു മണിക്കൂര്‍ നേരം നാലു വിദഗ്ദ്ധ പാനലുകള്‍ ജിഎസ്ടി സംബന്ധിച്ച സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. ഇതുപോലുള്ള പരിശീലനങ്ങള്‍ വ്യാപകമായി സംഘടിപ്പിക്കാന്‍ പോവുകയാണെന്നും സംസ്ഥാന ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാപാരികള്‍ക്ക് ജിഎസ്ടിയില്‍ നിന്നുണ്ടാകുന്ന നേട്ടങ്ങളും വ്യക്തതയ്ക്കായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. നേരത്തെ 10 ലക്ഷം രൂപയില്‍ കൂടുതല്‍ വിറ്റുവരവ് ഉണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ പരിധി 20 ലക്ഷം രൂപയാക്കി ഉയര്‍ത്തി. നേരത്തെ 60 ലക്ഷം രൂപയെക്കാള്‍ വിറ്റുവരവ് ഉണ്ടെങ്കില്‍ പൂര്‍ണനികുതി അടയ്ക്കണം. ഇപ്പോള്‍ 75 ലക്ഷം രൂപ വരെ അനുമാന നികുതിയാണ്.

ചെക്ക്‌പോസ്റ്റുകള്‍ വഴി ചരക്കുകള്‍ കൊണ്ടുവരാനുള്ള എല്ലാ തടസങ്ങളും നീക്കം ചെയ്തുവെന്നും ഇനി ഡിക്ലറേഷന്‍ നല്‍കിയാല്‍ മാത്രം മതിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റോക്കിന് നിബന്ധനകള്‍ക്ക് വിധേയമായി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് കിട്ടും. എക്‌സൈസ് നികുതിയുടെ കാര്യത്തില്‍ വ്യാപാരി ഈ നികുതി നല്‍കിയിട്ടില്ലെങ്കില്‍പോലും ചരക്ക് സ്റ്റോക്കില്‍ അടങ്ങിയിരിക്കുന്ന എക്‌സൈസ് നികുതിയുടെ 40-60 ശതമാനം വരെ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Top Stories, World