‘ഗ്രീന്‍ ബില്‍ഡിംഗ്’ ആശയത്തിന് ചെന്നൈയില്‍ പ്രചാരമേറുന്നു

‘ഗ്രീന്‍ ബില്‍ഡിംഗ്’ ആശയത്തിന് ചെന്നൈയില്‍ പ്രചാരമേറുന്നു

രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയുടെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ക്ക് ലീഡ് റേറ്റിംഗ് നല്‍കിവരുന്നു

ചെന്നൈ : ‘ഗ്രീന്‍ ബില്‍ഡിംഗ്’ ആശയത്തിന് രാജ്യമെങ്ങും, വിശിഷ്യാ ചെന്നൈയില്‍, അതിവേഗം പ്രചാരം വര്‍ധിക്കുന്നതായി യുഎസ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ പ്രസിഡന്റും സിഇഒയുമായ മഹേഷ് രാമാനുജം. യുഎസ് സര്‍ക്കാര്‍ അംഗീകൃത സന്നദ്ധ സംഘടനയാണ് യുഎസ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍. ചെന്നൈയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മഹേഷ് രാമാനുജം. ഗ്രീന്‍ ബില്‍ഡിംഗ് എന്ന ആശയത്തിന് ചെന്നൈയിലെ സ്വകാര്യ മേഖലയില്‍ വലിയ പ്രചാരം ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളവും വൈദ്യുതിയും വിവേകപൂര്‍ണ്ണമായി ഉപയോഗിക്കുന്നതിന് ബില്‍ഡര്‍മാര്‍ക്കും ആര്‍ക്കിടെക്റ്റുകള്‍ക്കും വ്യക്തികള്‍ക്കും കൗണ്‍സില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായി മഹേഷ് രാമാനുജം പറഞ്ഞു. രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയുടെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ക്ക് യുഎസ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ ഭാഗമായ ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍ (ലീഡ്) സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം, റേറ്റിംഗ് നല്‍കിവരുന്നതായി അദ്ദേഹം അറിയിച്ചു.

കെട്ടിടങ്ങള്‍ ആവാസ വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന ആഘാതം കുറച്ചുകൊണ്ടുവരുന്നതിന് ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണ് ലീഡ് കാഴ്ച്ചവെയ്ക്കുന്നത്. കെട്ടിടത്തിനകത്തും പുറത്തും ജലത്തിന്റെ ഉപയോഗം കുറയ്ക്കുക, മെച്ചപ്പെട്ട ബില്‍ഡിംഗ് പെര്‍ഫോമന്‍സ് ഉറപ്പുവരുത്തുക, സുസ്ഥിര ബില്‍ഡിംഗ് സാമഗ്രികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, കെട്ടിടങ്ങള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ കുറയ്ക്കുക, കെട്ടിടത്തിനകത്തെ വായുവിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക, മികച്ച രീതിയില്‍ ശബ്ദവും വെളിച്ചവും ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ലീഡ് ശ്രദ്ധിക്കുന്നത്. കോംപാക്റ്റ് ഡെവലപ്‌മെന്റ് പ്രോത്സാഹിപ്പിക്കുകയും ബദല്‍ ഗതാഗത മാര്‍ഗ്ഗങ്ങളും റെസ്റ്റോറന്റുകളുടെയും പാര്‍ക്കുകളുടെയും സാന്നിധ്യവും ഉറപ്പുവരുത്തുകയും ലീഡിന്റെ പ്രവര്‍ത്തന മേഖലകളില്‍പ്പെടും.

ലീഡ് സര്‍ട്ടിഫിക്കേഷനായി ഇന്ത്യയില്‍ 2,500 പ്രോജക്റ്റുകളാണ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവയില്‍ 650 എണ്ണത്തിന് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. ചെന്നൈയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളായ അണ്ണാ സെന്റിനറി ലൈബ്രറിയും അണ്ണാ ശാലൈയിലെ തമിഴ്‌നാട് സര്‍ക്കാരിന്റെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയുമാണ് ലീഡ് സര്‍ട്ടിഫൈ ചെയ്തതെന്ന് മഹേഷ് പറഞ്ഞു.

ലീഡ് ബില്‍ഡിംഗ് കണ്‍സെപ്റ്റില്‍ ഇന്ത്യയുടെ റാങ്കിംഗ് മൂന്നാമതാണ്. കാനഡയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വരുന്നത്. ഇന്ത്യയില്‍ വിവിധ ആര്‍ക്കിടെക്റ്റുകള്‍, കണ്‍സള്‍ട്ടന്റുകള്‍, ക്രെഡായ്, ഫിക്കി, സന്നദ്ധ സംഘടനയായ ദ എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവരുമായി കൗണ്‍സില്‍ ചര്‍ച്ച നടത്തിവരുന്നു.

Comments

comments

Categories: Business & Economy