തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; ജാഗ്രതയുണ്ടാകണമെന്ന് ആര്‍ബിഐ

തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; ജാഗ്രതയുണ്ടാകണമെന്ന് ആര്‍ബിഐ

അഞ്ചു വര്‍ഷത്തില്‍ ബാങ്കിംഗ് തട്ടിപ്പു കേസുകളുടെ എണ്ണത്തില്‍ 19.6 ശതമാനം വര്‍ധന

മുംബൈ: ബാങ്കിംഗ് സംവിധാനത്തില്‍ വര്‍ധിച്ചു വരുന്ന തട്ടിപ്പുകളെ നേരിടുന്നതിന് സദാ ജാഗ്രത പുലര്‍ത്തണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട് (എഫ്എസആര്‍) മുന്നറിയിപ്പ് നല്‍കുന്നു. അപകടകരമായ രീതിയില്‍ ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകള്‍ വളരുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള തട്ടിപ്പു കേസുകളില്‍ പലതും റിപ്പോര്‍ട്ട് ചെയ്യാതെ ബാങ്കുകള്‍ കിട്ടാക്കടം എന്ന നിലയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. കോര്‍പ്പറേറ്റ് വായ്പയുമായി ബന്ധപ്പെട്ട ആതാണ്ടെല്ലാ തട്ടിപ്പ് കേസുകളും അത് തട്ടിപ്പായി റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പ് രണ്ടോ മൂന്നോ വര്‍ഷക്കാലം നിഷ്‌ക്രിയാസ്തി എന്ന നിലയ്ക്കാണ് ബാങ്കുകള്‍ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബാങ്കിംഗ് മേഖലയിലെ തട്ടിപ്പു കേസുകളുടെ എണ്ണത്തില്‍ 19.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 4,235ല്‍ നിന്ന് തട്ടിപ്പു കേസുകളുടെ എണ്ണം അഞ്ച് വര്‍ഷം കൊണ്ട് 5,064 ലേക്ക് കുതിച്ചുകയറി. തട്ടിപ്പുകേസുകളില്‍ ഉള്‍പ്പെട്ട പണത്തിന്റെ മൂല്യം( നഷ്ടം സംഭവിച്ചതടക്കം) 72 ശതമാനം വര്‍ധിച്ച് 9,750 കോടി രൂപയില്‍ നിന്നും 16,770 കോടി രൂപയിലേക്കെത്തി. അശ്രദ്ധവും അയഞ്ഞതുമായി ബാങ്കിംഗ് മാനദണ്ഡങ്ങള്‍ കൈകാര്യം ചെയ്തതാണ് ഈ വര്‍ധനവിന് കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മോശം വിപണി സാഹചര്യങ്ങള്‍, സാമ്പത്തിക മാന്ദ്യം, ബാങ്കിംഗ് മേഖലയിലെ സവിശേഷമായ പ്രതിസന്ധികള്‍, സൂക്ഷ്മമായ സാമ്പത്തിക വെല്ലുവിളികള്‍ എന്നിവയൊക്കെ ബാങ്കിംഗ് വായ്പകളില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. എന്നാലിവ ബാങ്കുകള്‍ അത്രയെളുപ്പത്തില്‍ നിയന്ത്രിക്കാവുന്നവയല്ല. എന്നാല്‍ വായ്പാ തട്ടിപ്പുകളുടെ കാര്യത്തില്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ജാഗ്രത പുലര്‍ത്താവുന്നതാണെന്നും ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: World