ഷേയ്ഖ് സയേദ് റോഡില്‍ ദുബായ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് വമ്പന്‍ കെട്ടിടം നിര്‍മിക്കും

ഷേയ്ഖ് സയേദ് റോഡില്‍ ദുബായ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് വമ്പന്‍ കെട്ടിടം നിര്‍മിക്കും

70 നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ ഏറ്റവും വലിയ കെട്ടിടങ്ങളുടെ ക്ലബ്ബില്‍ അംഗമാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഖാലിദ് ബിന്‍ കല്‍ബന്‍

ദുബായ്: ദുബായ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ആദ്യത്തെ അംബരചുംബിയായ കെട്ടിടത്തിന്റെ നിര്‍മാണം ഈ വര്‍ഷം അവസാനത്തിന് മുന്‍പ് ആരംഭിക്കുമെന്ന് കമ്പനിയുടെ സിഇഒ ഖാലിദ് ബിന്‍ കല്‍ബന്‍ അറിയിച്ചു. 272.48 മില്യണ്‍ ഡോളര്‍ മുടക്കിയാണ് കെട്ടിടം നിര്‍മിക്കുന്നത്.

ഷേയ്ഖ് സയേദ് റോഡില്‍ നിര്‍മിക്കുന്ന റഡിസന്‍ഷ്യല്‍ ടവറില്‍ 70 നിലകളാണുള്ളത്. അല്‍ ഹബ്തൂര്‍ സിറ്റിയുടേയും ഡമാക്കിന്റെ അയ്‌കോണ്‍ സിറ്റിയുടേയും സമീപമാണ് പുതിയ കെട്ടിടം വരുന്നത്. നിര്‍മാണ കരാറുകള്‍ ഉടന്‍ നല്‍കുമെന്നും ബിന്‍ കല്‍ബന്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ നിര്‍മാണ കരാറുകള്‍ പുറത്തിറക്കാനുള്ള നടപടികളിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം അവസാനമാകും മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.

പദ്ധതി നിര്‍മിക്കുന്നതിനുള്ള സ്ഥലം കഴിഞ്ഞ വര്‍ഷമാണ് കമ്പനി വാങ്ങിയത്. പദ്ധതിയുടെ നിര്‍മാണത്തിനാവശ്യമായ പണം ബാങ്കുകളിലൂടെ സ്വരൂപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പ്രൊജക്റ്റിനായി 109 മില്യണ്‍ ഡോളര്‍ മുതല്‍ 123 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം ആവശ്യമാണെന്നും അതിനായി ബാങ്കുകളെ സമീപിക്കാന്‍ തയാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ വിശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വമ്പന്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ ദുബായിലേയും ലോകത്തിലേയും ഏറ്റവും വലിയ കെട്ടിടങ്ങളുടെ ക്ലബ്ബില്‍ ഉള്‍പ്പെടാന്‍ സാധിക്കുമെന്നും കല്‍ബന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഉയരം കൂടിയ ടവറുകള്‍ കമ്പനി കൂടുതലായി നിര്‍മിക്കുമെന്നും ഇതിനായി 1.77 ബില്യണ്‍ ഡോളറിന്റെ നിര്‍മാണ പദ്ധതിതന്നെ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൗണ്‍സില്‍ ഓണ്‍ ടോള്‍ ബില്‍ഡിംഗ്‌സ് ആന്‍ഡ് അര്‍ബന്‍ ഹാബിറ്റാറ്റിന്റെ കണക്കുകള്‍ അനുസരിച്ച് 70 നിലയും അതിന് മുകളിലുമുള്ള 10 റസിഡന്‍ഷ്യല്‍ ടവറുകളാണ് നിലവില്‍ ദുബായിലുള്ളത്. പ്രിന്‍സസ് ടവര്‍, 23 മറീന, എലീറ്റ് റസിഡന്‍സ്, ദ ടോര്‍ച്ച്, എച്ച്എച്ച്എച്ച്ആര്‍ ടവര്‍, ഓഷന്‍ ഹൈറ്റ്‌സ്, കയന്‍ ടവര്‍, സുലാഫ ടവര്‍, മറീന പിനാക്കിള്‍, ഡി1 ടവര്‍ എന്നിവയാണ് കെട്ടിടങ്ങള്‍

Comments

comments

Categories: Business & Economy, World