സിവില്‍ സര്‍വീസ് ഒരു ഹിമാലയന്‍ ദൗത്യമല്ല. മറിച്ച് ചിട്ടയോട് കൂടിയ പ്രവര്‍ത്തനത്തിലൂടെ ആര്‍ക്കും എത്തിപ്പിടിക്കാവുന്ന നേട്ടമാണ്-ഈ ആശയത്തിലധിഷ്ഠിതമാണ് തിരുവനന്തപുരത്തെ എജുസോണ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ പ്രവര്‍ത്തനം
ഗ്രാമ നികേതന്‍ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നാണ് എജുസോണിലേക്കുള്ള ചുവടുവയ്പ്പിനെ കുറിച്ച് പറഞ്ഞു തുടങ്ങേണ്ടത്. അതിന് ഇടുക്കി ജില്ലയിലേക്ക് പോണം. അടിമാലി കേന്ദ്രമാക്കി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഗ്രാമ നികേതന്‍. ഗ്രാമീണ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് എല്ലാ രംഗങ്ങളിലേക്കും മുന്നേറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടു കൂടി പ്രവര്‍ത്തനം തുടങ്ങിയ സംരംഭമാണിത്. ഗ്രാമങ്ങളുെട സമഗ്രവികസനമാണ് ഇവരുടെ ലക്ഷ്യം.
വിജയങ്ങള്‍ കൈവള്ളയില്‍ നിന്നും വിട്ട് പോകുമ്പോള്‍ നൊമ്പരങ്ങള്‍ വാശിക്ക് വഴിമാറുന്ന നിരവധി അവസരങ്ങളിലൂടെ നമ്മില്‍ പലരും കടന്ന് പോയിട്ടുണ്ടാകും. ചിലരുടെയെങ്കിലും ജീവിതം മറ്റൊരു ദിശതേടി സഞ്ചരിക്കാന്‍ തുടങ്ങും അതിനുശേഷം. അത്തരത്തിലൊരു ഘട്ടത്തിലേക്ക് വീണയാളാണ് ജിജോ മാത്യു. വെറും 13 മാര്‍ക്കിന് സിവില്‍ സര്‍വീസ് എന്നത് സ്വപ്നമായി തന്നെ അവശേഷിച്ചപ്പോള്‍ വീണ്ടുമൊരു പരിശ്രമത്തിന് സാഹചര്യങ്ങള്‍ അനുവദിച്ചില്ല. പിന്നീട് പഞ്ചായത്ത് വകുപ്പില്‍ പിഎഎസ്സി നിയമനത്തിലൂടെ ജോലിയില്‍ പ്രവേശിച്ചു. കൂടാതെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപരുത്തെ സിവില്‍ സര്‍വീസ് അക്കാഡമിയില്‍ വിസിറ്റിംഗ് പ്രൊഫസറായി ക്ലാസുകളെടുക്കാനും തുടങ്ങി.
സിവില്‍ സര്‍വീസുകാരനാകാന്‍ മോഹിച്ച അദ്ദേഹത്തെ കാലം കൊണ്ടു ചെന്നെത്തിച്ചത് ഐഎഎസും ഐഎഫ്എസും ഐപിഎസും എല്ലാം ആഗ്രഹിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാകുകയെന്ന നിയോഗത്തിലേക്കാണ്. അങ്ങനെയാണ് ഗ്രാമനികേതന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് കീഴില്‍ 2007ല്‍ എജുസോണിന് തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് സിവില്‍ സര്‍വീസ് പരിശീലനം നല്കുന്ന ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്.
എജുസോണ് യാത്ര ആരംഭിക്കുമ്പോള്‍ കൂട്ടിനുണ്ടായിരുന്നത് പത്തുകുട്ടികളില്‍ താഴെ പേര്. എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ആദ്യ സിവില്‍ സര്‍വീസുകാരനെ സൃഷ്ടിച്ചെടുക്കുകയെന്ന വലിയ നേട്ടം സാധ്യമായി. സ്ഥാപനം ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. കാസര്‍ഗോഡ് ജില്ലാ കളക്റ്റര്‍ ജീവന് ബാബു ഐഎഎസ് ഇവിടെ നിന്നും പഠിച്ചിറങ്ങിയ മിടുക്കനാണെന്ന് എജുസോണ് അധികൃതര്‍ പറയുന്നു.
2013 ആകുമ്പോഴേക്കും ദേശീയതലത്തില്‍ ഒന്നും രണ്ടും റാങ്കുകള്‍ രാജ്യത്തിന് സംഭവാന ചെയ്യാന്‍ തങ്ങള്‍ക്കായെന്ന് എജുസോണ് അവകാശപ്പെടുന്നു. ഹരിത വി കുമാര്‍, ശ്രീറാം വെങ്കിട്ടരാമന് എന്നിവര്‍ എജുസോണിന്റെ സംഭാവനയാണെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്. സിവില്‍ സര്‍വീസിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ഡെല്‍ഹിയെ തോല്‍പ്പിക്കാന്‍ കേരളത്തിന് സാധിച്ചത് ചില്ലറകാര്യമല്ലെന്നും എജുസോണ് ഡയറക്റ്റര്‍ ജിജോ മാത്യു ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ക്കോ പോലും സിവില്‍ സര്‍വീസിനെ കുറിച്ച് കാര്യമായ അറിവില്ല. എന്നാല്‍ ഇതിന്റെ ഈറ്റില്ലമായി കരുതുന്ന ഡെല്‍ഹിയിലെ സാധാരണ ആളുകള്‍ക്ക് പോലും ആധികാരികമായി സിവില്‍ സര്‍വീസ് മേഖലയിലെ പുസ്തകങ്ങളെ പറ്റിയും പേപ്പറുകളെ പറ്റിയും പറയാന്‍ സാധിക്കും. അത്തരത്തിലൊരു സംസ്കാരം കേരളത്തിലേക്ക് എത്തിയിട്ടില്ല- ജിജോ മാത്യു പറയുന്നു.
തലസ്ഥാന നഗരിയെ സിവില്‍ സര്‍വീസിലേക്ക് അടുപ്പിച്ചതില്‍ എജുസോണ് വഹിച്ച പങ്ക് ചെറുതല്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഡെല്‍ഹിക്ക് പുറമെ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളാണ് മറ്റ് പ്രധാന കേന്ദ്രങ്ങള്‍. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും ഇവിടെ കുട്ടികള്‍ എത്തിയിരുന്നു.
റെഗുലര്‍ ബാച്ചുകളില്‍ 240 ഓളം കുട്ടികള്‍ എത്തുന്നുണ്ട്. ഇത്തവണ പരീക്ഷ എഴുതിയവരില്‍ 60 പേരോളം മെയിന്‍സ് അറ്റന്‍ഡ് ചെയ്തിരുന്നു. ഇതില്‍ 24 പേര് ഇന്റര്‍വ്യു അറ്റന്‍ഡ് ചെയ്തു. എട്ട് പേര്‍ക്കാണ് ഇത്തവണ സെലക്ഷന് ലഭിച്ചിരിക്കുന്നത്-ജിജോ വ്യക്തമാക്കി.
തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് എജുസോണ് തുടങ്ങിയതെങ്കിലും ക്രമേണ തൊടുപുഴ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. മുമ്പ് ഇന്‍ഡോര്‍, ഡെല്‍ഹി എന്നിവിടങ്ങളില്‍ അക്കാഡമിക് പിന്തുണ നല്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടങ്ങളില്‍ സ്വതന്ത്രസ്ഥാപനമായി പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുകയാണ് എജുസോണ്. പുതിയ ബാച്ച് ജൂണ്‍ ഒന്നിന് ആരംഭിച്ചു.
സാക്ഷരതയുടെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണെങ്കിലും സിവില്‍ സര്‍വീസിന്റെ കാര്യത്തില്‍ ഇനിയും ഒത്തിരി സഞ്ചരിക്കാനുണ്ട്. സാക്ഷരതിയില്‍ പുറകിലായ ബീഹാറില്‍ നിന്നും ധാരാളമാളുകള്‍ സിവില്‍ സര്‍വീസ് കരസ്ഥമാക്കുന്നു. അവിടെങ്ങളിലെല്ലാം സിവില്‍ സര്‍വീസ് ഗ്രാമങ്ങളുണ്ട്. ഓരോ ഗ്രാമത്തില്‍ നിന്നും നിരവധി പേര് സിവില്‍ സര്‍വീസിന് ശ്രമിക്കുന്ന സാഹചര്യമാണ് ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും നിലനില്‍ക്കുന്നത്-ജിജോ മാത്യൂ വ്യക്തമാക്കുന്നു.
രക്ഷിതാക്കളുടെ അവബോധമില്ലായ്മയാണ് കേരളത്തെ സിവില്‍ സര്‍വീസില്‍ പിന്നിലാക്കുന്ന പ്രധാന ഘടകം. ബാലികേറാമലയായി കണക്കാക്കേണ്ടതല്ല സിവില്‍ സര്‍വീസ്. സമൂഹത്തിലെ ഉന്നതരുടെ മക്കള്‍ക്ക് വേണ്ടി മാത്രമല്ല ഇതെന്നുള്ള തിരിച്ചരിവ് വളരെ അത്യാവശ്യമാണ്. ഓരോരുത്തരുടേയും പ്രയത്നത്തിന്റെ ഫലമാണ് സിവില്‍ സര്‍വീസെന്ന സ്വപ്ന സാഫല്യം-അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
എജുസോണില് കുട്ടികള്‍ക്ക് പഠിക്കാന്‍ സ്കോളര്‍ഷിപ്പും നല്‍കുന്നുണ്ട്. 200 പേരുള്ള അവസാന ബാച്ചില്‍ പോലും 50ഓളം കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കിയെന്ന് ജിജോ പറയുന്നു. എട്ടു മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളുള്ള ഒരു ബാച്ചും ഡിഗ്രി ആദ്യവര്‍ഷം മുതല്‍ അവസാന വര്‍ഷം വരെയുള്ളവര്‍ക്കായി മറ്റൊരു ബാച്ചും കൂടാതെ റെഗുലര്‍ ബാച്ചുകളുമാണ് എജുസോണിലുള്ളത്. കുട്ടികള്‍ക്ക് കൊടുക്കുന്ന പ്രധാന പരിശീലനങ്ങളിലൊന്ന് പത്രവായനയെന്ന ശീലമാണ്. സ്ഥിരമായുള്ള പത്രവായന അറിവ് ആര്‍ജ്ജിക്കുന്നതില്‍ പ്രധാന ഘടകമാണ്. ലോകത്തിന്റെ ഏറ്റവും വലിയ സര്‍വകലാശാല സ്വന്തം വീടിന്റെ ഊണ്‍മേശയാണ്. എല്ലാവരും ഒരുമിച്ച് കാണുകയും പല വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നു. ഒരാളുടെ അഭിപ്രായത്തിന് അനുകൂലമായും പ്രതികൂലമായും വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ സൃഷ്ടിക്കുന്ന ഇവിടം തീര്‍ത്തും അറിവിന്റെ വലിയ സ്രോതസാണെന്ന് ജിജോ പറയുന്നു.
കുട്ടികളില്‍ ഒരിക്കലും അമിതഭാരം അടിച്ചേല്‍പ്പിക്കാത്ത സമീപനമാണ് എജുസോണിന്റേത്. കളിക്കുടുക്കയും ബാലരമയും ബാലഭൂമിയും വായിക്കേണ്ട പ്രായത്തില്‍ അവ തന്നെ വായിക്കണം. അല്ലാതെ എടുത്താല്‍ പൊങ്ങാത്ത പുസ്തകങ്ങളല്ല വായിക്കേണ്ടത്. കൂട്ടത്തില്‍ വായിക്കാന്‍ താല്പര്യം ഉള്ള ബുക്കുകള്‍ കൊടുക്കുക. ഒരു വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഉപന്യാസം എഴുതാനും ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ കണ്ടെത്താനുമുള്ള മനോഭാവം വളര്‍ത്തിയെടുക്കുക തുടങ്ങിയവയാണ് ഓറിയന്റേഷന്‍ ക്ലാസുകള്‍ വഴി ചെയ്ത് വരുന്നത്.
ഡിഗ്രിക്ലാസുകളിലുള്ളവരുടെ ബാച്ചുകള്‍ക്ക് റെഗുലര്‍ ബാച്ചിന് നല്കുന്ന അടിസ്ഥാന കാര്യങ്ങള്‍ കൂടി പറഞ്ഞ് കൊടുക്കും. ഇതിന് ശേഷം ഒരു വര്‍ഷം കൂടി ക്ലാസുകള്‍ അറ്റെന്‍ഡ് ചെയ്താല്‍ രണ്ടാമത്തെ ചാന്‍സിനുള്ളില്‍ സിവില്‍ സവര്‍വീസ് കടമ്പ ലളിതമായി ചാടിക്കടക്കാമെന്ന് ജിജോ അഭിപ്രായപ്പെടുന്നു.
എജുസോണ് ഈ വര്‍ഷം തുടങ്ങാനിരിക്കുന്ന വലിയൊരു പദ്ധതിയാണ് സൂപ്പര്‍ 40 ബാച്ച്. മുന്‍ ചീഫ് സെക്രട്ടറി സി പി നായരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഒറ്റവര്‍ഷം കൊണ്ട് സിവില്‍ സര്‍വീസ് നേടിയെടുക്കുകയെന്ന തീവ്ര പരിശ്രമത്തിന് മുതിരുന്ന 40 കുട്ടികളെ ഉദ്ദേശിച്ചാണ് ഈ പദ്ധതി ആരംഭിക്കുന്നത്. സിവില്‍ സര്‍വീസിനെ പൂര്‍ണ്ണമായ അര്‍പ്പണ ബോധത്തോടെ സമീപിക്കുക എന്നത് മാത്രമാണ് മാനദണ്ഡമായി കണക്കാക്കുന്നത്.
ജനറല്‍ സ്റ്റഡീസ് പേപ്പറിനാണ് ഇവിടെ പ്രാധാന്യം നല്‍കുന്നത്. പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് സ്കോര്‍ ചെയ്യേണ്ടതും ഈ പേപ്പറിലാണ്. ‘പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. ജനറല്‍ സ്റ്റഡീസും സിവില്‍ സര്‍വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റും. ഇതില്‍ ഉള്‍പ്പെടുന്ന എല്ലാ വിഷയങ്ങളിലും ഇവിടെ പരിശീലനം നല്‍കുന്നുണ്ട്. മെയിന്‍ പരീക്ഷയ്ക്കും രണ്ട് വിഭാഗമുണ്ട്. ജനറല്‍ സ്റ്റഡീസും ഐച്ഛിക വിഷയവും. ഈ വിഭാഗത്തിലും ജനറല്‍ സ്റ്റഡീസ് ഇവിടെ പരിശാലിപ്പിക്കുന്നുണ്ട്. ഐച്ഛിക വിഷയങ്ങള്‍ ഓരോരുത്തരുടേയും താല്പര്യങ്ങള്ക്കനുസരിച്ച് സ്വീകരിക്കാവുന്നതാണെങ്കിലും എജുസോണ് കുറച്ച് വിഷയങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്-ഹിസ്റ്ററി, മലയാളം, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ട്രേഷന്,” ജിജോ പറയുന്നു.
വിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്ന് ജിജോ ഓര്‍മ്മിപ്പിക്കുന്നു. തെരഞ്ഞെടുക്കുന്ന വിഷയത്തെ കുറിച്ച് അറിവ് പകര്‍ന്നു നല്കാന് പ്രാപ്തരായവരുടെ ലഭ്യത, പഠനസാമഗ്രികളുടെ ലഭ്യത, ഏറ്റവും പ്രധാനമായി തെരഞ്ഞെടുത്തിരിക്കുന്ന വിഷയം തനിക്ക് വിജയിക്കാന്‍ സാധിക്കുന്നതാണോ എന്ന കാര്യത്തിലെ പൂര്‍ണ്ണ ബോധ്യം-ഈ ഘടകങ്ങള്‍ പ്രധാനമാണെന്നാണ് ജിജോയുടെ പക്ഷം.
സയന്‍സ് പഠിച്ച് വരുന്ന കുട്ടികള്‍ക്ക് ആര്‍ട്ട്സ് വിഷയങ്ങളെടുക്കാന്‍ പറ്റുമോ എന്നതാണ് കുട്ടികളുടേയും മാതാപിതാക്കളുടേയും പ്രധാന സംശയം. ബിരുദം മാത്രമാണ് അടിസ്ഥാന യോഗ്യത. മാത്രമല്ല ഏത് വിഷയം പഠിച്ചവര്‍ക്കും ഐച്ഛിക വിഷയമായി ഏത് വിഷയം വേണമെങ്കിലും തെരഞ്ഞെടുക്കാം. പക്ഷെ എടുക്കുന്ന വിഷയം സ്വന്തം താല്പര്യപ്രകാരമായിരിക്കണം എന്നുമാത്രം-അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.
സയന്‍സ് വിഷയങ്ങളില്‍ ഉത്തരേന്ത്യക്കാര്‍ കൂടുതല്‍ അഡ്വാന്‍സ്ഡ് ആണ്. മുന്‍നിര സര്‍വകലാശാലയ്ക്ക് അനുസൃതമായാണ് അവര്‍ കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കുന്നത്. ആ കാര്യത്തില്‍ നമ്മള് അല്‍പ്പം പുറകിലാണ്. അതിനാലാണ് പലപ്പോഴും മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് സാധിക്കാതെ വരുന്നത്-ജിജോ പറയുന്നു. എന്നാല്‍ സയന്‍സ് വിഷയങ്ങളില്‍ അസാധാരണ മികവ് പ്രകടിപ്പിക്കുന്നവരും കേരളത്തിലുണ്ടെന്ന് ജിജോ പറയുന്നു. രാജു നാരായണസ്വാമി, ഇടുക്കി ജില്ല കളക്റ്റര്‍ ജി ആര് ഗോകുല്‍ എന്നിവരുടെ ഐച്ഛിക വിഷയം ഫിസിക്സ് ആയിരുന്നു.
സിവില്‍ സര്‍വിസിലേക്ക് താല്പര്യം പ്രകടിപ്പിച്ച് വരുന്നവരില്‍ വലിയൊരു ശതമാനവും ബിടെക്കുകാരാണെന്നതാണ് മറ്റൊരു വസ്തുത. തൊട്ടുപിറകിലായി ഡോക്റ്റര്‍മാരും. ബിടെക് പഠിച്ച് വരുന്ന കുട്ടികള്‍ക്ക് ബുദ്ധിമുട്ടായി അനുഭവപ്പെടുന്നത് അവര്‍ പഠിച്ചതില്‍ മൂന്ന് വിഷയങ്ങള്‍ മാത്രമാണ് സിവില്‍ സര്‍വീസില്‍ പഠിക്കാനുള്ളതെന്നാണ്. കേരളത്തില്‍ ഈ വിഷയങ്ങള്‍ കാര്യക്ഷമായി പഠിക്കുകയെന്നത് സാധ്യമായ കാര്യവുമല്ല.
പബ്ലിക് അഡ്മിനിസ്ട്രേഷന്, സോഷ്യോളജി, മലയാളം, ചരിത്രം എന്നീ വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ സവില്‍ സര്‍വീസ് നേടിയെടുക്കാന്‍ സാധിക്കുമെന്ന് എജുസോണ് സ്ഥാപകന്‍ പറയുന്നു. പഠിക്കുന്നതിന് ഒരു താളവും രീതിയുമുണ്ട്. അതറിഞ്ഞ് പഠിച്ചാല്‍ ഒരു വിജയവും പിടിതരാതിരിക്കില്ല-ആത്മവിശ്വാസത്തോടെയുള്ള ജിജോയുടെ വാക്കുകള്‍. ഇന്‍ര്‍വ്യൂ പരിശീലനം നല്‍കുന്നതിന് പ്രഗത്ഭരായ സിവില്‍ സര്വീസുകരുടെ സേവനവും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. കേരളത്തിന് വെളിയില്‍ നിന്നും പ്രഗത്ഭരും ക്ലാസുകളെടുക്കാന്‍ ഇവിടെ എത്തുന്നുണ്ട്.
സിവില്‍ സര്‍വീസെന്നു പറഞ്ഞാല്‍ ഐഎഎസും ഐപിഎസും മാത്രമാണെന്നും ഇവ പ്രത്യേകം പരീക്ഷയാണെന്നും കരുതുന്ന നിരവധി പേര് ഇപ്പോഴും കേരളത്തിലുണ്ടെന്ന് ജിജോ പറയുന്നു. ‘എന്നാല്‍ 24 സര്‍വീസുകളിലേക്ക് യുപിഎസ്സി നടത്തുന്ന ഒറ്റ പരീക്ഷയാണ് സിവില്‍ സര്‍വീസ്. അതില്‍ നമുക്ക് കിട്ടുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകളും കിട്ടുന്നത്.’ ഇന്റര്‍വ്യൂവിന്റെ സ്കോര്‍ അടക്കം 2025 മാര്‍ക്കിലാണ് സിവില്‍ സര്‍വീസ് പരീക്ഷ.
പരീക്ഷകളില്‍ ഫുള്‍മാര്‍ക്ക് വാങ്ങണം എന്നുപറയുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കുട്ടികളില്‍ അമിതമായ സമ്മര്‍ദ്ദം ചെലുത്തി പത്താംതരവും പ്ലസ്ടുവും മറ്റും പാസാക്കുമ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷകളുടെ വിജയശതമാനം കൂടി നമ്മള് അറിയണം. 52ശതമാനമാണ് ഇതുവരെയുള്ള ഫസ്റ്റ് റാങ്കിന്റെ ഏറ്റവും വലിയ ശതമാനം. പകുതി ശതമാനം മാര്‍ക്ക് മതി വിജയിക്കാന്‍. അത് നേടിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യം. ഒരു പേപ്പര്‍ 280 ല്‍ ആണ് അതില്‍ 100 നും 125 മും ഇടയില്‍ സ്കോര്‍ ചെയ്താല്‍ തീര്‍ച്ചയായും സര്‍വീസിലെത്തും. ഇത് മനസ്സിലാക്കാത്തവരാണ് സിവില്‍ സര്‍വീസിനെ ഹിമാലയന്‍ ടാസ്ക് ആയി കാണുന്നത്- ജിജോ പറയുന്നു. സിവില്‍ സര്‍വീസുകാര്‍ ആരും ബുദ്ധീജീവികളല്ല. അവര്‍ നേടിയെടുക്കുന്ന പ്രയത്നത്തിന്റെ ഫലമാണ് വിജയം. അത് തിരിച്ചറിഞ്ഞ് പഠിച്ച് മുന്നേറുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്-അദ്ദേഹം ഓര്‍മ്മിക്കുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് എക്കാലവും മാതൃകയാക്കാവുന്ന ഉദ്യോഗസ്ഥനാണ് പി വിജയന് ഐപിഎസ്. ജീവിത സാഹചര്യങ്ങളോട് പടപോരുതിയാണ് പി വിജയന് ഐപിഎസ് നേടിയെടുക്കുന്നത്. പല ഇന്റര്‍വ്യൂകളിലും അദ്ദേഹം പറയാറുള്ള കാര്യമാണ് കോഴിക്കോട്ടെ പല കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്ന കട്ടകള്‍ക്ക് എത്രഭാരമുണ്ടെന്ന് തന്റെ തലയ്ക്ക് അറിയാമെന്ന്. പത്താം ക്ലാസ് പരീക്ഷ തോറ്റ വ്യക്തിയാണദ്ദേഹം. പ്രചോദനം നല്കാന് ഒന്നല്ല ഒന്നിലധികം പേര് നമുക്ക് മുന്നിലുള്ളപ്പോള്‍ പുറകോട്ടല്ല ഓരോ ചുവടും മുന്നോട്ട് തന്നെയാണ് പോകേണ്ടത്-ജിജോ പറയുന്നു.
മാതാപിതാക്കള്‍ക്കാണ് പല കാര്യങ്ങളിലും അവബോധം നല്‍കേണ്ടത്. കുട്ടികളുടെ കാലിടറുമ്പോള്‍ കൈത്താങ്ങാകുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. അമിത സമ്മര്‍ദ്ദവും ശകാരവുമല്ല അവര്‍ക്ക് നല്‍കേണ്ടത്. തോല്‍വി ഒരു അവസാന വാക്കല്ലെന്ന് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് വേണ്ടത്-പ്രചോദനാത്മകമാണ് ജിജോയുടെ ഈ വാക്കുകള്‍.