സംഝോധ എക്‌സ്പ്രസ് സ്‌ഫോടന കേസ് വിചാരണ ; ഇന്ത്യയോട് കൂടുതല്‍ സമയം ചോദിച്ച് പാകിസ്ഥാന്‍

സംഝോധ എക്‌സ്പ്രസ് സ്‌ഫോടന കേസ് വിചാരണ ; ഇന്ത്യയോട് കൂടുതല്‍ സമയം ചോദിച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: 68 പേരുടെ മരണത്തിനു കാരണമായ 2007 ഫെബ്രുവരി 18നു സംഝോധ എക്‌സ്പ്രസ് സ്‌ഫോടന കേസിന്റെ വിചാരണയ്ക്കായി സാക്ഷികളായ 13 പേരെ ഹരിയാന പ്രത്യേക കോടതിയില്‍ ഹാജരാക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നു പാകിസ്ഥാന്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചു.

പഞ്ച്കുളയിലെ എന്‍ഐഎ പ്രത്യേക കോടതി സമന്‍സ് പുറത്തിറക്കിയിരുന്നു. വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനായി 13 സാക്ഷികളെ ഇന്ത്യയ്ക്ക് കൈമാറണമെന്നായിരുന്നു സമന്‍സില്‍ സൂചിപ്പിച്ചത്. ഈ സമന്‍സ് പാകിസ്ഥാന്‍ അധികാരികള്‍ക്കു കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാല് മാസത്തെ സമയം വേണമെന്നാണു പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്.

മാര്‍ച്ച് 17നാണ് കോടതി സമന്‍സ് പുറപ്പെടുവിച്ചത്. ജുലൈ നാലിന് വിചാരണ ആരംഭിക്കുമെന്നും സാക്ഷികളെ ഹാജരാക്കണമെന്നും പാകിസ്ഥാനോടു കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. നാളെ വിചാരണ ആരംഭിക്കാനിരിക്കവേയാണ് പാകിസ്ഥാന്‍ സാക്ഷികളെ ഇപ്പോള്‍ ഹാജരാക്കാനാവില്ലെന്ന് അറിയിച്ചിരിക്കുന്നത്.299 സാക്ഷികളുടെ വിസ്താരമാണു നടക്കാനുള്ളത്. ഇതില്‍ 249 പേരുടെ മൊഴി കോടതി രേഖപ്പെടുത്തി.

2007ല്‍ പാനിപ്പട്ടില്‍ വച്ച് സംഝോധ എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. 68 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിനു പിന്നില്‍ നിരോധിത സംഘടനയായ സിമിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യ ഘട്ടത്തില്‍ സംശയിച്ചിരുന്നെങ്കിലും തീവ്രവലതു ആശയങ്ങളുള്ള സംഘടനയാണെന്നു കണ്ടെത്തുകയുണ്ടായി. അജ്‌മേര്‍ ദര്‍ഗ സ്‌ഫോടന കേസില്‍ ഈ വര്‍ഷമാദ്യം കോടതി വെറുതേ വിട്ട സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്താണ് എന്‍ഐഎ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. 2011 ജൂണ്‍ 20ന് എന്‍ഐഎ പഞ്ച്കുളയിലുള്ള പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

Comments

comments

Categories: World