മലയാളികള്‍ മനസറിഞ്ഞ് നല്‍കിയ വിജയം

മലയാളികള്‍ മനസറിഞ്ഞ് നല്‍കിയ വിജയം

ഒരു ജനതയുടെ മുഴുവന്‍ വിശ്വാസം കാലങ്ങളായി കാക്കുകയെന്നത് അല്‍പ്പം ശ്രമകരമാണ്, ഏതൊരു പ്രസ്ഥാനത്തെ സംബന്ധിച്ചും. എന്നാല്‍ അതിന് സാധിച്ചുവെന്നതാണ് മില്‍മയെന്ന സംരംഭത്തിന്റെ വിജയം. മലയാളിയുടെ അമൂല്‍ ആയി മില്‍മ മാറിയ കഥ

1950-ല്‍ ഗുജറാത്തില്‍ മലയാളിയായ വര്‍ഗീസ് കുര്യന്‍ ക്ഷീരവിപ്ലവത്തിന് നേതൃത്വം നല്‍കിയപ്പോള്‍ അവിടെ അമുല്‍ എന്നൊരു ബ്രാന്‍ഡ് പിറവിയെടുത്തു. ബഹുരാഷ്ട്ര ഉപഭോക്തൃ കമ്പനികളെ പോലും വെല്ലുവിളിക്കുന്ന നിലയില്‍ ഗുജറാത്തിലെ കര്‍ഷകരുടെ കൂട്ടായ്മയില്‍ രൂപം കൊണ്ട ഈ സംരംഭം വളര്‍ന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം 1980-കളില്‍ വര്‍ഗീസ് കുര്യന്റെ നാട്ടില്‍ മറ്റൊരു ക്ഷീരവിപ്ലവത്തിന് വേദിയൊരുങ്ങിയിരുന്നു. അതിന്റെ പ്രതിഫലനമാണ് ഇന്ന് കേരളം കണികണ്ടുണരുന്ന മില്‍മ എന്ന ബ്രാന്‍ഡ്. മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി മില്‍മ ബ്രാന്‍ഡ്.

തിരുവനന്തപുരം ആസ്ഥാനമായി കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍(കെസിഎംഎംഎഫ്) അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് 1980-ലാണ്. നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ, ‘ഓപ്പറേഷന്‍ ഫഌഡ്’ എന്ന പദ്ധതിയുടെ ചുവട് പിടിച്ചായിരുന്നു കെസിഎംഎംഎഫ് പ്രവര്‍ത്തനം തുടങ്ങിയത്. ഇആര്‍സിഎംപിയു, ടിആര്‍സിഎംപിയു, എംആര്‍സിഎംപിയു എന്നീ മൂന്ന് റീജണുകളായി തരംതിരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഒരു സഹകരണ സംഘത്തിന്റെ ഘടനയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന മില്‍മ, കേരളത്തിലെ ഏറ്റവും ലാഭകരമായ സംരംഭങ്ങളിലൊന്നാണ്

കേരളം ഒരു ക്ഷീരസൗഹൃദ സംസ്ഥാനമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ക്ഷീരഉല്‍പ്പന്നങ്ങള്‍ക്കായി അയല്‍സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കേരളം പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമായി മാറാനുള്ള തയാറെടുപ്പിലാണ്. കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനും അതിന്റെ മൂന്ന് റീജണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനുകളുമാണ് നമ്മുടെ സംസ്ഥാനത്തെ ഈ നേട്ടത്തിലേക്ക് നയിക്കുന്നത്.

ക്ഷീരകര്‍ഷകരുടെ സമ്പൂര്‍ണ്ണ പിന്തുണയോടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്ന ഈ സംരംഭം അവരുടെ മുന്നേറ്റങ്ങള്‍ക്കും, ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലും ശ്രദ്ധനല്‍കിവരുന്നു. സംഭരണ, വിപണന ശൃംഖലയുടെ നടത്തിപ്പ്, ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും ഉപഭോക്തൃ സൗഹൃദ നയങ്ങള്‍, ആധുനിക മാനേജ്‌മെന്റ് രീതികള്‍ എന്നിവയിലൊന്നും മാനേജ്‌മെന്റിന് യാതൊരുവിധ വിട്ടുവീഴ്ച്ചയുമില്ല.

മില്‍മയുടെ കീഴിലുള്ള മൂന്ന് റീജണുകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വയ്ക്കുന്നവരാണ് എറണാകുളം റീജണ്‍. ഈ നേട്ടത്തിലേക്ക് എത്തുന്നതിനായി വളരെയധികം കഷ്ടതകളും ദുരിതങ്ങളും എറണാകുളം മേഖലയ്ക്ക് തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. 1985-ലാണ് എറണാകുളം യൂണിയനെ മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്യുന്നത്. നഷ്ടത്തിലോടിക്കൊണ്ടിരുന്ന സ്ഥാപനത്തെയാണ് ഫെഡറേഷന്‍ ഏറ്റെടുത്തത്. പലതരത്തിലുള്ള പ്രശ്‌നങ്ങളിലൂടെയാണ് ഇവര്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. ഒരു കാലത്ത് പാലിന്റെ ഉല്‍പ്പാദനം കുറവായിരുന്നു. പിന്നീട് സ്ഥിതിഗതികളില്‍ മാറ്റം വരികയും ഉല്‍പ്പാദനം അമിതമാകുകയും ചെയ്തു. അന്ന് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കാതെ വന്നു, ഭീമമായ നഷ്ടവും നേരിട്ടു.

2015-16 കാലം വരെ എറണാകുളം റീജണ്‍ നഷ്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2016 പകുതിയോടുകൂടി നഷ്ടങ്ങളില്‍ നിന്ന് വിടുതല്‍ നേടി. 2.32 കോടി രൂപയുടെ അറ്റലാഭം കൈവരിക്കാനും റീജണ് സാധിച്ചു,” എറണാകുളം റീജണ്‍ മാനേജിംഗ് ഡയറക്റ്റര്‍ ഡോ എം മുരളീധരദാസ് ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

മില്‍മയുടെ എറണാകുളം റീജണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഡോ എം മുരളീധരദാസ് ആണ്. കോട്ടയം ജില്ലയിലുള്ള ഞീഴൂര്‍ എന്ന പ്രദേശത്ത് ജനിച്ചുവളര്‍ന്ന ഇദ്ദേഹം നാട്ടില്‍ തന്നെയുള്ള വിദ്യാലയങ്ങളില്‍ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. അതിനു ശേഷം മണ്ണൂത്തിയിലുള്ള വെറ്ററനറി കോളെജില്‍ നിന്നും വെറ്റിനററി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറിയില്‍ ബിരുദം നേടി. ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിക്കുന്നത് മില്‍മയില്‍ തന്നെയാണ്.

1985-ല്‍ മില്‍മയില്‍ വെറ്ററിനറി ഓഫീസര്‍ എന്ന തസ്തികയിലാണ് മുരളീധരദാസ് ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് 1990-ല്‍ ഇദ്ദേഹത്തിന് സ്ഥാനകയറ്റം ലഭിക്കുകയും പ്രൊക്യുര്‍മെന്റ് ആന്‍ഡ് ഇന്‍പുട്ട് വിഭാഗത്തിന്റെ അസിസ്റ്റന്റ് മാനേജരായി ചുമതലയേല്‍ക്കുകയും ചെയ്തു. മില്‍മയിലെ കരിയറിനിടയില്‍ മാനേജ്‌മെന്റ് ബിരുദം നേടാനും അദ്ദേഹം സമയം കണ്ടെത്തി.

1999-ല്‍ മുരളീധരദാസ് മില്‍മയുടെ മാര്‍ക്കറ്റിംഗ് രംഗത്തേക് ചുവട് മാറ്റി. കോട്ടയം ഡയറിയിലായിരുന്നു മാര്‍ക്കറ്റിംഗ് ഇന്നിംഗ്‌സിന് തുടക്കം കുറിക്കുന്നത്. ബിസിനസ് കാഴ്ച്ചപ്പാടുകളിലെ വ്യത്യസ്തത കൊണ്ട് മാര്‍ക്കറ്റിംഗ് രംഗത്ത് മികച്ച മുന്നേറ്റങ്ങള്‍ കാഴ്ച്ചവയ്ക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. കോട്ടയം ഡയറിയിലുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലത്ത് അവിടെയുള്ള കച്ചവടത്തില്‍ നല്ല രീതിയിലുള്ള പുരോഗമനം നേടിയെടുക്കാന്‍ സാധിച്ചു. പിന്നീട് ഇടപ്പളിയില്‍ എത്തിയ മുരളീധരദാസ് മാനേജര്‍ പി ആന്‍ഡ് ഐ എന്ന തസ്തികയിലാണ് പ്രവേശിക്കുന്നത്.

മാര്‍ക്കറ്റിംഗ് രംഗത്ത് മുരളീധരദാസിനുള്ള പ്രാവീണ്യം കണക്കിലെടുത്ത് മില്‍മ ഇദ്ദേഹത്തെ വീണ്ടും റീജണിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ പദവി നല്‍കി. 2017 മേയ് 31 വരെ മാര്‍ക്കറ്റിംഗ് മാനേജര്‍ പദവി വഹിച്ചു മുരളീധരദാസ്. അതിനുശേഷമാണ് ഇദ്ദേഹത്തെ റീജണിന്റെ മാനേജിംഗ് ഡയറക്റ്ററായി നിയമിക്കുന്നത്.

മാനേജിംഗ് ഡയറക്റ്റര്‍ പദവിയില്‍ ഇരിക്കാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള വ്യക്തിയാണ് മുരളീധരദാസ് എന്ന കാര്യത്തില്‍ കമ്പനിക്ക് സംശയമുണ്ടായിരുന്നില്ല. മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പരിചയം വരുംകാലങ്ങളില്‍ ബിസിനസിനെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷ.

സര്‍ക്കാരും, മില്‍മയും ഇന്ന് ക്ഷീരകര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി അനേകം പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മുരളീധരദാസ് പറയുന്നു. ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ് പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ വിലവര്‍ധനവിനുശേഷം സംസ്ഥാനത്ത് പാല് ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്, നിലവില്‍ പാലിന്റെ ആവശ്യങ്ങള്‍ക്കായി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ കേരളത്തിന് ഇല്ല-മുരളീധരദാസ് പറയുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന സംസ്ഥാനവും കേരളമാണ്. ക്ഷീരവിപ്ലവത്തിന് തുടക്കം കുറിച്ച ഗുജറാത്തില്‍ ലഭ്യമാകുന്നതിലും കൂടുതല്‍ തുകയാണ് ഒരു ലിറ്റര്‍ പാലിന് കേരളത്തിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകുന്നതെന്നത് നമുക്ക് സ്വല്‍പ്പം അഹങ്കാരത്തോടെ പറയാന്‍ സാധിക്കും.

ലാഭം നേടുക എന്നതിലുപരി കര്‍ഷകരുടെ ഉന്നമനത്തിനായാണ് മില്‍മ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇത്ര ഉയര്‍ന്ന വില പാലിന് ഇവര്‍ നല്‍കുന്നതും. പാലിന് ഉയര്‍ന്ന തുക നല്‍കുന്നതിന് പുറമേ കാലിത്തീറ്റ തുടങ്ങിയ ക്ഷീര കൃഷിയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ക്കും മില്‍മ സഹായം നല്‍കി വരുന്നു. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നും ലഭ്യമാകുന്ന ലാഭം ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടുന്നതിനാല്‍ വലിയ തോതില്‍ പരസ്യങ്ങള്‍ ചെയ്യാന്‍ ആകാറില്ലെന്ന് അദ്ദേഹം പറയുന്നു.

ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഇത്രയേറെ വര്‍ധനവ് ഇവിടെ ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ മില്‍മ അവരുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്താനാണ് ഇനിയുള്ള നാളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അല്ലാത്തപക്ഷം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ വരും എന്നാണ് മുരളീധരദാസ് പറയുന്നത്.

കേരളത്തിലെ പാല്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരാണ് മില്‍മ. പാല്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണിയിലും മുന്‍നിരയില്‍ എത്താനുള്ള ശ്രമത്തിലാണ് അവര്‍. ഉല്‍പ്പന്നങ്ങളുടെ മികച്ച പരസ്യങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിച്ചാല്‍ മാത്രമേ ഇനിയുള്ള കാലങ്ങളില്‍ മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ മുന്നേറ്റങ്ങള്‍ നടത്തുവാന്‍ സാധിക്കുകയുള്ളൂവെന്നാണ് മുരളീധരദാസ് അഭിപ്രായപ്പെടുന്നത്.

പാലിന് പുറമേ വിവിധ തരം ഐസ്‌ക്രീമുകള്‍, സംഭാരം, തൈര്, നെയ്യ്, പേഡ, പാലട മിക്‌സ്, സിപ്പ് അപ്പ്, ഗുലാബ് ജാമുന്‍, ഫ്‌ളേവേഡ് മില്‍ക്ക്, സെറ്റ് കേര്‍ഡ്, കുക്കിംഗ് ബട്ടര്‍, പനീര്‍ മുതലായ ഉല്‍പ്പന്നങ്ങളും മില്‍മ വിപണിയില്‍ എത്തിക്കുന്നു. ഇതിനു പുറമേ ഐസ്‌ക്രീമിന്റെ പുതിയ വൈവിധ്യങ്ങള്‍, ലസ്സി, പനീറിന്റെ വൈവിധ്യങ്ങള്‍ എന്നിവയും വൈകാതെ തന്നെ വിപണിയല്‍ എത്തിക്കുമെന്ന് അദ്ദേഹം പറയുന്നു. മില്‍മയുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം വര്‍ധിപ്പിക്കുന്നതിനായി മില്‍മ ഷോപ്പി എന്ന പുതിയ ആശയം കമ്പനി പ്രാവര്‍ത്തികമാക്കി വരുന്നകയാണ്.


മില്‍മയുടെ ക്ഷീരകര്‍ഷക പ്രോല്‍സാഹന പദ്ധതികള്‍

  • ഫാമുകളെ പ്രോല്‍സാഹിപ്പിക്കും. ഫാമുകളില്‍ നിന്നും കൊണ്ടുവരുന്ന പാലിന് ലിറ്ററിന് 50 പൈസ കൂടുതല്‍ നല്‍കി വരുന്നു
  • കാലിത്തീറ്റകള്‍, തൊഴുത്തില്‍ ഇടുന്നതിന് ആവശ്യമായ റബ്ബര്‍ മാറ്റുകള്‍, തൊഴുത്തുകള്‍ കഴുകുന്നതിന് ആവശ്യമായിട്ടുള്ള പ്രഷര്‍ വാഷറുകള്‍, ഫാമുകളില്‍ ഉപയോഗിക്കുന്നതിനായി വാങ്ങുന്ന ജനറേറ്ററുകള്‍, .കറവയന്ത്രം തുടങ്ങിയവയ്ക്ക് സബ്‌സിഡി ലഭിക്കും. പശുകള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പ്രീമയത്തിനും സബ്‌സിഡിയുണ്ട്

മില്‍മ വിപണിയില്‍ എത്തിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ലഭ്യമാകുന്ന കടകളുടെ ശൃംഖലയാണ് മില്‍മ ഷോപ്പി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുരളീധരദാസ് പറഞ്ഞു. ഇത്തരം കടകള്‍ ആരംഭിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് മില്‍മ സാമ്പത്തിക സഹായവും ലഭ്യമാക്കും. ഇതുകൂടാതെ സര്‍ക്കാരിന്റെ പിന്തുണയോടെ ഉല്‍പ്പന്നങ്ങളുടെ വിപണനം വര്‍ധിപ്പിക്കുന്നതിനായി കനോപ്പി വണ്ടികളും മില്‍മ രംഗത്ത് ഇറിക്കിയിട്ടുണ്ട്. രണ്ടര ലക്ഷത്തോളം രൂപ മുതല്‍മുടക്കുള്ള കനോപ്പി വാഹനങ്ങള്‍ പട്ടികജാതി പട്ടിക വര്‍ഗത്തിലുള്ളവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് അന്‍പതിനായിരം രൂപയുടെ ഇളവോടെയും കൂടിയാണ് നല്‍കുന്നത്.

അത്യാധുനിക സംവിധാനങ്ങളെ കൂട്ടുപിടിച്ചാണ് മില്‍മ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ആധുനിക രീതിയിലുള്ള മെഷീനുകള്‍, പാക്കിംഗ് സംവിധാനങ്ങള്‍ എല്ലാം മില്‍മ ഉപയോഗപ്പെടുത്തുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള സംഭരണശാലകളില്‍ സജ്ജമാക്കിയിരിക്കുന്ന ബള്‍ക്ക് മില്‍ക്ക് കൂളറുകളും മില്‍മയുടെ നേട്ടങ്ങളില്‍ പെടും. ഇവയുടെ സഹായത്തോടെ സംഭരണശാലകളില്‍ എത്തുന്ന പാല് അണുവിമുക്തമായും കേടു വരാതെയും സൂക്ഷിക്കാന്‍ സാധിക്കുന്നു. 16 ലക്ഷത്തോളം രൂപ മുതല്‍മുടക്കിലാണ് ഒരു കൂളര്‍ സ്ഥാപിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ക്ലീന്‍ മില്‍ക്ക് പ്രൊഡക്ഷന്‍ പദ്ധതി വഴി മില്‍മയ്ക്ക് കൂളറുകള്‍ സ്ഥാപിക്കുന്നതിനായുള്ള സഹായവും ലഭ്യമായിട്ടുണ്ട്-അദ്ദേഹം വ്യക്തമാക്കി.

ഇന്ന് കേരളത്തില്‍ നിന്നും മില്‍മയില്‍ എത്തുന്ന പാലിന്റെ 95 ശതമാനവും ഇതുപോലുള്ള കൂളറുകളില്‍ സംഭരിച്ചിരിക്കുന്നതാണ്. ഈ സംവിധാനം വന്നതില്‍ പിന്നെ സംഭരണശാലകളില്‍ നിന്നും പ്ലാന്റിലേക്ക് എത്തുന്ന പാലിന്റെ മികവ് വര്‍ധിച്ചിട്ടണ്ട്-മുരളീധരദാസ് പറഞ്ഞു. കേരളത്തിന്റെ ക്ഷീരവ്യവസായരംഗത്ത് മില്‍മയ്ക്ക് മാത്രം കൈവരിക്കാന്‍ സാധിച്ചിട്ടുള്ള നേട്ടങ്ങളില്‍ ഒന്നാണ് ഇത്.

മില്‍മയുടെ പ്ലാന്റുകളുടെ നവീകരണത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും അകമഴിഞ്ഞ പിന്തുണ നല്‍കിയതായും മുരളീധരദാസ്. ഇതുമൂലം പ്ലാന്റുകളുടെ ആന്തരിക ഘടനയിലെല്ലാം നല്ല രീതിയിലുള്ള വികസനം കൊണ്ടുവരുവാന്‍ മില്‍മയ്ക്ക് സാധിച്ചു. എറണാകുളം റീജണിന്റെ ഉല്‍പ്പാദനക്ഷമത മൂന്നേകാല്‍ ലക്ഷത്തില്‍ നിന്നു ആറര ലക്ഷമായി ഉയര്‍ത്തുന്നതിനും സാധിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special
Tags: milma