കിളിമാന്‍ജാരോയിലേക്ക് പറക്കാനൊരുങ്ങി ഫ്‌ളൈദുബായ്

കിളിമാന്‍ജാരോയിലേക്ക് പറക്കാനൊരുങ്ങി ഫ്‌ളൈദുബായ്

ഒക്‌റ്റോബര്‍ 29 മുതല്‍ ആഴ്ചയില്‍ ആറ് സര്‍വീസുകളായിരിക്കും നടത്തുക

ദുബായ്: ഒക്‌റ്റോബര്‍ 29 മുതല്‍ കിളിമാന്‍ജാരോയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ചെറുകിട വിമാനകമ്പനിയായ ഫ്‌ളൈദുബായ് അറിയിച്ചു. ടാന്‍സാനിയയിലേക്കുള്ള വിമാനകമ്പനിയുടെ മൂന്നാമത്തെ സര്‍വീസാണിത്.

നിലവില്‍ ദര്‍ എസ് സലാം, സാന്‍സിബാര്‍ എന്നിവിടങ്ങളിലേക്കാണ് ഫ്‌ളൈ ദുബായ് സര്‍വീസ് നടത്തുന്നത്. ഇതോടെ ആഫ്രിക്കയിലേക്കുള്ള ഫ്‌ളൈദുബായിയുടെ ഡെസ്റ്റിനേഷനുകളുടെ എണ്ണം 12 ആയി. ടാന്‍സാനിയയിലേക്ക് 2014 ലാണ് ഫ്‌ളൈദുബായ് സര്‍വീസ് ആരംഭിച്ചത്.

യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച വര്‍ധനവാണുള്ളത്. കിളിമാന്‍ജാരോയിലേക്ക് ആഴ്ചയില്‍ ആറ് വിമാന സര്‍വീസുകളായിരിക്കും നടത്തുക. ഇതില്‍ മൂന്നെണ്ണം രാജ്യതലസ്ഥാനമായ ദര്‍ എല്‍ സലാമിലൂടെയായിരിക്കും പോകുന്നത്. ഇത് കൂടാതെ സാന്‍സിബാറിലേക്ക് ആഴ്ചയിലെ നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം മൂന്നില്‍ നിന്നും എട്ടായി വര്‍ധിക്കുമെന്നും പത്രക്കുറിപ്പിലൂടെ വിമാനകമ്പനി വ്യക്തമാക്കി.

കിളിമാന്‍ജാരോയിലേക്കും സാന്‍സിബാറിലേക്കും പ്രതിവാരം 14 വിമാനങ്ങളായിരിക്കും പ്രവര്‍ത്തനം നടത്തുന്നതെന്നും മുന്‍ വര്‍ഷത്തേക്കാള്‍ കപ്പാസിറ്റിയില്‍ 133 ശതമാനത്തിന്റെ വര്‍ധനവാണ് കൈവരിക്കുന്നതെന്നും ഫ്‌ളൈദുബായ് സിഇഒ ഖൈദ് അല്‍ ഖൈദ് പറഞ്ഞു. ടാന്‍സാനിയയുടെ ജനസംഖ്യ വര്‍ധിക്കുന്നതിനാലും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറുന്നതിനാലും മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം.

കിളിമാന്‍ജാരോയിലേക്ക് വളരെ കുറച്ച് അന്താരാഷ്ട്ര വിമാനകമ്പനികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. യുഎഇയില്‍ നിന്ന് നേരിട്ട് സര്‍വീസ് നടത്തുന്ന ആദ്യത്തെ വിമാനകമ്പനിയാണ് ഫ്‌ളൈദുബായ്. 2015 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ നിന്ന് ആഫ്രിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 3.5 ശതമാനത്തിന്റെ വര്‍ധനവുണ്ടെന്ന് ഫ്‌ളൈദുബായ് പറഞ്ഞു. ആഫ്രിക്കയിലേക്ക് ശക്തമായ പ്രവര്‍ത്തന ശൃംഖലയാണ് ഫ്‌ളൈദുബായ്ക്കുള്ളത്. വേനല്‍ കാലത്ത് പ്രതിവാരം 80 ല്‍ അധികം സര്‍വീസുകള്‍ ആഫ്രിക്കയിലേക്ക് വിമാനകമ്പനി നടത്തുന്നുണ്ട്.

Comments

comments

Categories: World