‘ആവശ്യങ്ങള്‍ അംഗീകരിക്കില്ല; സൈനിക നടപടിയെ ഭയക്കുന്നില്ല’

‘ആവശ്യങ്ങള്‍ അംഗീകരിക്കില്ല; സൈനിക നടപടിയെ ഭയക്കുന്നില്ല’

എന്ത് നടപടിയുണ്ടായാലും നേരിടാന്‍ ഖത്തര്‍ ഒരുക്കമാണെന്ന് വിദേശകാര്യ മന്ത്രി ഷേയ്ഖ് മൊഹമ്മെദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി. 13 ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും ഖത്തര്‍

ദോഹ: അറേബ്യന്‍ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന സൈനിക നടപടിയെ ഭയക്കുന്നില്ലെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രി ഷേയ്ഖ് മൊഹമ്മെദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി. ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കാന്‍ മറ്റ് അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഖത്തറിന്റെ പ്രതികരണം.

അറബ് രാജ്യങ്ങള്‍ ഞങ്ങള്‍ക്കു മുമ്പില്‍ വെച്ചിരിക്കുന്ന ആവശ്യങ്ങള്‍ തള്ളുന്നതായും ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മൂലം ഉണ്ടാകാന്‍ പോകുന്ന ഒരു നടപടിയേയും ഭയക്കുന്നില്ലെന്നും എന്തുണ്ടായാലും നേരിടാന്‍ ഖത്തര്‍ ഒരുക്കമാണെന്നും അല്‍ താനി. എന്നാല്‍ നിലനില്‍ക്കുന്ന അന്താരാഷ്ട്ര നിയമത്തെ ലംഘിക്കാന്‍ പാടില്ലെന്നും ഇവിടെയുള്ള അതിര്‍ത്തി മുറിച്ച് കടക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ക്കെതിരേ തെളിവുണ്ടെങ്കില്‍ ആരോപണങ്ങള്‍ നടത്താന്‍ എല്ലാ രാജ്യങ്ങള്‍ക്കും സ്വാതന്ത്രമുണ്ട്. ഇത്തരം പ്രതിസന്ധികളുണ്ടാകുമ്പോള്‍ അത് ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. അല്ലാതെ അവര്‍ക്ക് മേല്‍ അന്ത്യശാസനം നടത്തുകയല്ല വേണ്ടത്. ലോകത്തെ നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ചെറിയ രാജ്യങ്ങള്‍ക്കുമേല്‍ വലിയരാജ്യങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്നതിന് നിയമങ്ങളില്‍ അനുവാദം നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര രാജ്യത്തിന് മേല്‍ അന്ത്യശാസനം നല്‍കാന്‍ മറ്റാര്‍ക്കും സ്വാതന്ത്രമില്ലെന്നും അദ്ദേഹം.

തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നാരോപിച്ചാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളാണ് ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. മുന്നോട്ടുവെച്ച 13 ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉപരോധം കൂടുതല്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പ് രാജ്യങ്ങള്‍ നല്‍കിയിട്ടുണ്ട്.

Comments

comments

Categories: World