ഖത്തര്‍ റിയാലിന്റെ വിനിമയം അവസാനിപ്പിച്ച് ബ്രിട്ടീഷ് ബാങ്കുകള്‍

ഖത്തര്‍ റിയാലിന്റെ വിനിമയം അവസാനിപ്പിച്ച് ബ്രിട്ടീഷ് ബാങ്കുകള്‍

ഖത്തറിന്റെ വിദേശ വ്യാപാരത്തില്‍ ഇടിവുണ്ടായതാണ് നടപടിക്ക് കാരണമായത്

ലണ്ടന്‍: ഖത്തറിനു മേലുള്ള ഉപരോധം ശക്തമായ സാഹചര്യത്തില്‍ ഖത്തര്‍ റിയാലിന്റെ വിനിമയം നിരവധി ബ്രിട്ടീഷ് ബാങ്കുകള്‍ അവസാനിപ്പിച്ചു. അയല്‍ രാജ്യങ്ങള്‍ നയതന്ത്ര ബന്ധം അവസാനിപ്പിച്ചത് ഖത്തറിന്റെ വിദേശ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് നടപടി. തീവ്രവാദ ബന്ധം ആരോപിച്ച് ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചത്.

വിദേശ വിപണികളിലെ റിയാലിന്റെ വ്യാപാരം അസ്ഥിരാവസ്ഥയിലായത് ബാങ്കുകളില്‍ പ്രതിസന്ധി വര്‍ധിക്കാന്‍ കാരണമായി. ഖത്തര്‍ റിയാലിന്റെ വിനിമയം അവസാനിപ്പിക്കുകയാണെന്ന് ബ്രിട്ടനിലെ എല്ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പിന്റെ വക്താവ് അറിയിച്ചു. ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലോയ്ഡ്‌സ് ബാങ്ക്, ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ്, ഹാലിഫാക്‌സ് എന്നിവയിലൂടെയും വിപണനം സാധ്യമാകില്ലെന്നും അവര്‍ വ്യക്തമാക്കി.

ടെസ്‌കോ ബാങ്കും റിയാല്‍ കറന്‍സിയുടെ വിപണനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. ഫിനാന്‍ഷ്യല്‍ കമ്പനിയായ ബാര്‍ക്ലയ്‌സ് റീട്ടെയ്ല്‍ ഉപഭോക്താക്കുളുമായുള്ള വിപണനം മാത്രമാണ് അവസാനിപ്പിച്ചത്. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനം കമ്പനി തുടരും. റീട്ടെയ്ല്‍ ഉപഭോക്താക്കളുമായുള്ള റിയാലിന്റെ വിപണനം അവസാനിപ്പിച്ചതായി റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ് വ്യക്തമാക്കി.

ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ച നാല് അറബ് രാജ്യങ്ങളിലെ ബാങ്കുകളും ഖത്തര്‍ റിയാലിന്റെ വിനിമയം അവസാനിപ്പിച്ചിരുന്നു. ഇവര്‍ക്കൊപ്പം മറ്റ് ചില രാജ്യങ്ങളും ഖത്തര്‍ റിയാലിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചില വമ്പന്‍ അന്താരാഷ്ട്ര ബാങ്കുകള്‍ റിയാലിന്റെ വിപണനം തുടരുന്നുണ്ട്. തങ്ങളുടെ പ്രധാന മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ഖത്തര്‍ റിയാല്‍ നല്‍കുന്നുണ്ടെന്ന് എച്ച്എസ്ബിസിയുടെ വക്താവ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച വിദേശ ബാങ്കുകളിലൂടെ റിയാലിന്റെ വിപണനം നടന്നത് ഈ പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. എന്നാല്‍ ഖത്തറിന്റെ വമ്പന്‍ നിക്ഷേപത്തിന്റെ ശക്തിയില്‍ അവര്‍ കറന്‍സിയെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഖത്തറിന്റെ മുന്നില്‍വെച്ചിരിക്കുന്ന ഡിമാന്‍ഡുകള്‍ അംഗീകരിച്ചില്ലെങ്കില്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന നിലപാടിലാണ് മറ്റ് അറബ് ശക്തികള്‍. ഇത് ഖത്തറിന് കടുത്ത വെല്ലുവിളിയാകും.

ഖത്തര്‍ റിയാല്‍ ഇപ്പോഴും വിദേശത്ത് വ്യാപകമായി വിപണനം നടത്തുന്നുണ്ടെന്ന് വിപണിയെ സ്ഥിരീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ ഖത്തറിന് അകത്തും പുറത്തും നടത്തുന്ന ഇടപാടുകള്‍ക്ക് ഉറപ്പു നല്‍കിയിരിക്കുകയാണ് രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്ക്. യുഎസ് ഡോളറിനെതിരേയുള്ള ഖത്തര്‍ റിയാലിന്റെ എക്‌സ്‌ചേഞ്ച് റേറ്റ് സ്ഥിരതയാര്‍ജ്ജിച്ചിട്ടുണ്ടെന്ന് ബാങ്ക് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിദേശ കറന്‍സി മാര്‍ക്കറ്റുകളിലെ സ്ഥിരത ഉറപ്പാക്കാന്‍ കേന്ദ്രബാങ്ക് കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല.

Comments

comments

Categories: Business & Economy, World