ജിഎസ്ടിക്ക് പിന്നില്‍ വാജ്പയുടെ ആശയം; മന്‍മോഹന്‍ ഉള്‍ക്കൊണ്ടു; മോദി നടപ്പാക്കി

ജിഎസ്ടിക്ക് പിന്നില്‍ വാജ്പയുടെ ആശയം; മന്‍മോഹന്‍ ഉള്‍ക്കൊണ്ടു; മോദി നടപ്പാക്കി

മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജപയ്ക്കാണ് ജിഎസ്ടി എന്ന ആശയത്തോട് രാജ്യം നന്ദി പറയേണ്ടത്. ഈ ആശയം പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പിന്നീട് വന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനും സാധിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ചരക്കു സേവന നികുതി നടപ്പാക്കുമ്പോള്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പേരുകളാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തി ഇല്ലായിരുന്നെങ്കില്‍ ജിഎസ്ടി യാഥാര്‍ത്ഥ്യമാകില്ലായിരുന്നു എന്നത് വസ്തുത ആണ്. എങ്കിലും ഒരിക്കല്‍ ഇതേ മോദി തന്നെ എതിര്‍ത്ത ജിഎസ്ടി എന്ന വമ്പന്‍ പരിഷ്‌കരണം ആദ്യമായി അവതരിപ്പിച്ചത് അടല്‍ ബിഹാരി വാജ്പയ് ആണ്.

വാജ്പയ് സര്‍ക്കാര്‍ രാജ്യം ഭരിച്ചിരുന്ന 1999ലാണ് ജിഎസ്ടി എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. സാമ്പത്തിക വിദഗ്ധരായ ഐജി പട്ടേല്‍, ബിമല്‍ ജലാന്‍, സി രംഗരാജന്‍ എന്നിവരടങ്ങിയ അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേശക സമിതിയാണ് ഈ വലിയ പരിഷ്‌കരണം ധൈര്യസമേതം ഏറ്റെടുക്കാന്‍ വാജ്പയോട് നിര്‍ദേശിച്ചത്. അതിനും മുമ്പ് സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ് ചെല്ലയ്യയും ഇത്തരത്തിലൊരു ഏകീകൃത നികുതി സംവിധാനമെന്ന ആശയം അവതരിപ്പിച്ചിരുന്നു.

എല്ലാ തരത്തിലുള്ള വിഭജനങ്ങള്‍ക്കും അതീതമായ വിശാലഭാരതം എന്ന കാഴ്ച്ചപ്പാടിലായിരുന്നു ഒരു രാഷ്ട്രം, ഒരു നികുതി എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ വാജ്പയ് പല എതിര്‍പ്പുകള്‍ അവഗണിച്ചും തയാറായത്. ജിഎസ്ടി സ്വപ്നം എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്ന് ചിന്തിച്ച വാജ്പയ് ആദ്യം ചെയ്തത് അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന കമ്യൂണിസ്റ്റ് നേതാവ് ജ്യോതി ബസുവിനെ വിളിക്കുക ആയിരുന്നു. ബംഗാള്‍ ധനമന്ത്രിയായിരുന്ന, എംഐടി പാരമ്പര്യം പേറുന്ന അസിംഗ് ഗുപ്തയെ ഒന്നു വിട്ടുതരണമെന്നായിരുന്നു ആവശ്യം. 2000ത്തില്‍ അസിം ഗുപ്തയുടെ നേതൃത്വത്തില്‍ ജിഎസ്ടിക്കായി വാജ്പയ് ഒരു കമ്മിറ്റിയുണ്ടാക്കി. ജിഎസ്ടിയുടെ പ്രാഥമിക ഘടന സംബന്ധിച്ച നിരവധി കാര്യങ്ങള്‍ രൂപപ്പെടുത്തിയത് അസിം ഗുപ്ത കമ്മിറ്റി ആയിരുന്നു. രാഷ്ട്രീയപരമായി എതിര്‍ചേരിയിലാണെങ്കിലും ഗുപ്തയ്ക്ക് സാമ്പത്തിക ശാസ്ത്രത്തിലുള്ള അഗാധമായ പാണ്ഡിത്യത്തെക്കുറിച്ച് വാജ്പയ്ക്ക നല്ല ബോധ്യമുണ്ടായിരുന്നു. 2004ല്‍ അധികാരം നഷ്ടമായതോടെ വാജ്പയുടെ ജിഎസ്ടി സ്വപ്‌നം പൊലിഞ്ഞു.

എന്നാല്‍ തുടര്‍ന്ന് അധികാരത്തിലേറിയ മന്‍മോഹന്‍ സിംഗ് ജിഎസ്ടിയെ ഏറ്റവും വലിയ പരിഷ്‌കരണങ്ങളില്‍ ഒന്നെന്നാണ് വിശേഷിപ്പിച്ചത്. വാജ്പയുടെ ആശയത്തെ അദ്ദേഹം പൂര്‍ണമനസോടെ തന്നെ ഉള്‍ക്കൊണ്ടു. ജിഎസ്ടി ബില്ലിന്റെ ഘടന തീരുമാനമാക്കാന്‍ അദ്ദേഹം കമ്മിറ്റിയെയും നിയോഗിച്ചു, ദാസ്ഗുപ്ത തന്നെ ആയിരുന്നു നേതാവ്.

വ്യവസായ ലോകവുമായും വിവിധ സംസ്ഥാനങ്ങളുമായും ഗവേഷണ സ്ഥാപനങ്ങളുമായെല്ലാം വിശദമായ ചര്‍ച്ച തന്ന ദാസ്ഗുപ്ത നടത്തി. അദ്ദേഹം മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് 2010 ആകുമ്പോഴേക്കും ജിഎസ്ടിയുമായി ബന്ധപ്പെട്ട 80 ശതമാനം ജോലികളും പൂര്‍ത്തീകരിച്ചു എന്നാണ്. തുടര്‍ന്ന് 2006 ഫെബ്രുവരി 28നാണ് ഔദ്യോഗികമായി അന്നത്തെ ധനമന്ത്രി പി ചിദംബരം ജിഎസ്ടി ആശയം തന്റെ ബജറ്റ് പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ച് ഏപ്രില്‍ ഒന്ന്, 2010 നടപ്പാക്കല്‍ തീയതിയായി പ്രഖ്യാപിച്ചത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ജിഎസ്ടി നീണ്ടു പോയി.

നടപ്പാക്കുന്നതില്‍ ഉറച്ച നിലപാടെടുക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞതുമില്ല. പിന്നീടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ ജിഎസ്ടി നടപ്പാക്കുന്നതിന് നിയോഗിക്കുന്നതും. 2015 മേയ് ആറിനാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. മേയ് 14ന് രാജ്യസഭയുടെയും ലോക്‌സഭയുടെയും ജോയ്ന്റ് കമ്മിറ്റിക്ക് ബില്‍ വിട്ടു. 2016 ഓഗസ്റ്റ് മൂന്നിന് ബില്‍ രാജ്യസഭ അംഗീകരിച്ചു. ഉദാരവല്‍ക്കരണത്തിന് ശേഷം ഭാരതം കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കരണമെന്ന നിലയില്‍ ജിഎസ്ടി നടപ്പാക്കപ്പെടുമ്പോള്‍ വാജ്പയ് എന്ന ധിഷണാശാലിയായ പ്രധാനമന്ത്രിയെ ഓര്‍ക്കാം. ഒപ്പം അസിം ദാസ്ഗുപ്തയെയും മന്‍മോഹന്‍ സിംഗിനെയും.

Comments

comments

Categories: Top Stories, World