കലാനികിന്റെ രാജി യുബര്‍ ഇന്ത്യയുടെ ബിസിനസിനെ ബാധിക്കില്ലെന്ന് അമിത് ജെയ്ന്‍

കലാനികിന്റെ രാജി യുബര്‍ ഇന്ത്യയുടെ ബിസിനസിനെ ബാധിക്കില്ലെന്ന് അമിത് ജെയ്ന്‍

ഇന്ത്യയിലെ ബജറ്റ് വെട്ടിച്ചുരുക്കില്ലെന്നും വിശദീകരണം

ബെംഗളുരു: ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തു നിന്നുള്ള കമ്പനി സഹസ്ഥാപകന്‍ ട്രവിസ് കലാനികിന്റെ രാജി ഇന്ത്യയിലെ തങ്ങളുടെ ബിസിനസിനെ ബാധിക്കില്ലെന്ന് യുബര്‍ ഇന്ത്യ പ്രസിഡന്റ് അമിത് ജയ്ന്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണ്‍ അവസാനത്തില്‍ പ്രതിദിന യാത്രകളുടെയും മൊത്തം വില്‍പ്പനയുടെയും കാര്യത്തില്‍ യുബര്‍ ഇന്ത്യയ്ക്ക് 2.5 മടങ്ങ് വര്‍ധനവാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

യുബര്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും നിക്ഷേപകരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ജൂണ്‍ ആദ്യം ട്രവിസ് കലാനിക് രാജിവെച്ചത്. കമ്പനിയിലെ തലവന്മാരുടെ തൊഴില്‍ശേഷി, നൈതികത എന്നിവയുള്‍പ്പടെയുള്ള വിഷയങ്ങളില്‍ കമ്പനി സ്വീകരിച്ച സമീപനത്തിലും സംസ്‌കാരത്തിലുമുള്ള ഡയറക്റ്റര്‍മാരുടെ അതൃപ്തിയാണ് കലാനികിന്റെ രാജിക്ക് വഴിയൊരുക്കിയത്. യുബറിന്റെ ഇന്ത്യന്‍ ബിസിനസിന് വന്‍ പിന്തുണ നല്‍കിയിരുന്ന കലാനികിന്റെ രാജി കമ്പനിക്ക് രാജ്യത്ത് ഹ്രസ്വകാലത്തേ്ക്ക് തിരിച്ചടി നല്‍കുമെന്നും മുഖ്യ എതിരാളിയായ ഒല ശക്തിപ്പെടുമെന്നും ചില വിപണി വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.

എന്നാല്‍ ഇന്ത്യയിലെ ബജറ്റ് യുബര്‍ കുറയ്ക്കില്ലെന്നാണ് അമിത് ജെയ്ന്‍ പറയുന്നത്. ഇന്ത്യയിലെ ബിസിനസില്‍ ഓരോ ആഴ്ചയിലും വര്‍ധനവാണ് കാണുന്നത്. ഇന്ത്യയില്‍ ബിസിനസ് നല്ലരീതിയില്‍ മുന്നോട്ട് പോകുന്നതിന് കാറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് തുടരും. യുബറിന്റെ തന്ത്രപ്രധാന വിപണിയായി ഇന്ത്യ തുടരുമെന്നും ജെയ്ന്‍ പറഞ്ഞു.

അതേസമയം പ്രതിദിന യാത്രകളുടെ എണ്ണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിന് അമിത് ജെയ്ന്‍ വിസമ്മതിച്ചു. ട്രിപുകളുടെ എണ്ണത്തില്‍ 2015 ജനുവരിയില്‍ ആഴ്ചയില്‍ 165,000 എന്നായിരുന്നത്് 2016 ഓഗസ്റ്റില്‍ 5.5 മില്യണായി വര്‍ധിച്ചിരുന്നുവെന്നും ജെയ്ന്‍ വ്യക്തമാക്കി. കലാനികിന്റെ രാജി സംബന്ധിച്ച് ജീവനക്കാര്‍ക്കുള്ള ആശങ്കള്‍ മാനേജ്‌മെന്റ് പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തുവര്‍ഷത്തിനിടെ സ്റ്റാര്‍ട്ടപ്പ് ലോകത്തുണ്ടായ ഏറ്റവും പ്രധാന സംഭവങ്ങളിലൊന്നായാണ് കലാനികിന്റെ രാജി കണക്കാക്കപ്പെടുന്നത്. പല യുബര്‍ ജീവനക്കാരും മറ്റ് സംരംഭകരും തൊഴിലാളികളും ഒരു റോള്‍ മോഡലായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ചൈനയിലെ തങ്ങളുടെ ബിസിനസ് പ്രാദേശിക എതിരാളികളായിരുന്ന ദിദി ചിക്‌സിംഗിന് കഴിഞ്ഞ ഓഗസ്റ്റില്‍ വിറ്റതിന് ശേഷം ഇന്ത്യയെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിപണിയായാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുബര്‍ കാണുന്നത്.

Comments

comments

Categories: Business & Economy