രാജ്യം ഏകീകൃത ചരക്കു സേവന നികുതിയുടെ പരിധിയില്‍ ; ജിഎസ്ടി നിലവില്‍ വന്നു

രാജ്യം ഏകീകൃത ചരക്കു സേവന നികുതിയുടെ പരിധിയില്‍ ; ജിഎസ്ടി നിലവില്‍ വന്നു

പ്രതീക്ഷയും ആശങ്കയുമായി വ്യാപാരി-വ്യവസായി സമൂഹം, കേരളത്തിന്റെ നികുതി വരുമാനം വര്‍ധിക്കും

ന്യൂഡെല്‍ഹി: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ഏകീകൃത ചരക്കു സേവന നികുതി അഥവാ ജിഎസ്ടി നിലവില്‍ വന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും വ്യാവസായിക അന്തരീക്ഷത്തെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജിഎസ്ടി ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലാണ് പ്രഖ്യാപിക്കപ്പെട്ടത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ ചുമത്തിയിരുന്ന വ്യത്യസ്ത നികുതികള്‍ ലയിപ്പിച്ചുകൊണ്ടാണ് ജിഎസ്ടി പ്രാബലത്തില്‍ വരുന്നത്. ഇതോടെ കേന്ദ്ര നികുതികളായ എക്‌സൈസ് ഡ്യൂട്ടി, എക്‌സൈസ് ഡ്യൂട്ടി (മരുന്ന്, ശൗചാലയ നിര്‍മിതി), അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി (തുണിത്തരങ്ങള്‍), സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി (എസ്എഡി), സേവന നികുതി എന്നിവയ്ക്കു പുറമേ സാധനങ്ങളുടെയും സേവനങ്ങളുടെയും ചരക്കുനീക്കവുമായി ബന്ധപ്പെട്ട് ചുമത്തിയിരുന്ന സര്‍ചാര്‍ജ്ജുകളും സെസ്സുകളും ഇനിമുതല്‍ ഉണ്ടാകില്ല. സംസ്ഥാന നികുതികളായ വാറ്റ്, കേന്ദ്ര വില്‍പ്പന നികുതി, ആഡംബര നികുതി, എല്ലാത്തരത്തിലുമുള്ള പ്രവേശന നികുതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേത് ഒഴികെയുള്ള വിനോദ നികുതി, പരസ്യനികുതി, പര്‍ച്ചേസ് നികുതി, ലോട്ടറി നികുതി, സംസ്ഥാന സര്‍ചാര്‍ജുകള്‍ തുടങ്ങിയവയും ഇല്ലാതായിരിക്കുകയാണ്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തിയിരുന്ന വിവിധങ്ങളായ നികുതികള്‍ നീക്കം ചെയ്ത് ഒറ്റ നികുതി ഘടനയിലേക്ക് നീങ്ങുന്നത് രാജ്യത്തിന്റെ ബിസിനസ് അന്തരീക്ഷത്തിനും നിക്ഷേപങ്ങളിലും ഗുണകരമായി പ്രതിഫലിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. നികുതിക്കു മേല്‍ നികുതി ചുമത്തപ്പെടുന്ന സാഹചര്യം ജിഎസ്ടിയില്‍ ഉണ്ടാകില്ല. അന്തിമ ഉപഭോക്താവില്‍ മാത്രമാണ് ജിഎസ്ടിയില്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി ചുമത്തപ്പെടുന്നത്. നിര്‍മാണം മുതല്‍ വിതരണം വരെയുള്ള ഘട്ടത്തില്‍ ഓരോഘട്ടത്തിലുമുള്ള മൂല്യ വര്‍ധനയുടെ അടിസ്ഥാനത്തിലും മുന്‍ ഘട്ടത്തില്‍ അടച്ച നികുതി കുറവു ചെയ്തു കൊണ്ടുമാണ് ജിഎസ്ടി ചുമത്തപ്പെടുന്നത്. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും മല്‍സരക്ഷമത വര്‍ധിക്കുന്നതിന് ഇത് സഹായകരമാകും.

കേന്ദ്ര ജിഎസ്ടി, അന്തര്‍സംസ്ഥാന ജിഎസ്ടി, കോംപെന്‍സേഷന്‍& യുടിജിഎസ്ടി, സംസ്ഥാന ജിഎസ്ടി എന്നീ ബില്ലുകളാണ് ഈ ചരിത്രപരമായ നികുതി പരിഷ്‌കാരത്തിനായി രാജ്യത്തെ നിയമനിര്‍മാണ സഭകള്‍ പാസാക്കിയത്. ചരക്കുകളും സേവനങ്ങളും സംസ്ഥാനത്തിനുള്ളില്‍ വിതരണം ചെയ്യുമ്പോള്‍ കേന്ദ്രം ചുമത്തുന്ന നികുതിയെ കേന്ദ്ര ജിഎസ്ടി എന്നും സംസ്ഥാനം ചുമത്തുന്ന നികുതിയെ സംസ്ഥാന ജിഎസ്ടി എന്നും വിളിക്കുന്നു. ഇതിനു പുറമേ അന്തര്‍സംസ്ഥാന ചരക്കു സേവന വിതരത്തിനു കേന്ദ്ര സര്‍ക്കാര്‍ ഒരു ഇന്റഗ്രേറ്റഡ് ജിഎസ്ടി ചുമത്തുന്നുണ്ട്. ഈ തുക കേന്ദ്രവും സംസ്ഥാനവും വീതിച്ചെടുക്കും. കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധന-നികുതി മന്ത്രിമാരും ഉള്‍ക്കൊള്ളുന്ന ജിഎസ്ടി കൗണ്‍സിലാണ് വിവിധ നികുതി സ്ലാബുകളെ കുറിച്ച് തീരുമാനമെടുത്തത്. ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും 5, 12, 18, 28 എന്നിങ്ങനെ നിരക്കുകളിലുള്ള നാലു സ്ലാബുകളിലായാണ് ജിഎസ്ടി കൗണ്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ചരക്ക് സേവന നികുതി നടപ്പാക്കി തുടങ്ങി എങ്കിലും പലവ്യഞ്ജനങ്ങള്‍, ഗൃഹോപകരണങ്ങള്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലയില്‍ തല്‍ക്കാലം മാറ്റമുണ്ടാകില്ല. പുതിയ നികുതി സമ്പ്രദായം എങ്ങനെ ബാധിക്കുമെന്ന പരിശോധനകള്‍ക്കു ശേഷം മാത്രമാകും കമ്പനികള്‍ വിലകളില്‍ മാറ്റം വരുത്തുക. ജിഎസ്ടി സൃഷ്ടിക്കുന്ന ചലനങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ വിലയില്‍ പ്രതിഫലിച്ചു തുടങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി ഭാരം കുറവും ആഡംബര ഉല്‍പ്പന്നങ്ങള്‍ക്കും നികുതി കൂടുതലും വരുന്ന രീതിയിലാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തിട്ടുള്ളത്. ജിഎസ്ടിക്കു മുന്നോടിയായി സ്‌റ്റോക്ക് വിറ്റഴിക്കുന്നതിനുള്ള പ്രവണതയും കഴിഞ്ഞ ദിവസങ്ങളില്‍ പല വ്യാപാര മേഖലകളിലും ദൃശ്യമായി. ആമസോണ്‍ ഉള്‍പ്പടെയുള്ള ഇ മോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും വന്‍ ഓഫര്‍ വില്‍പ്പന നടന്നു. വിവിധ ഉല്‍പ്പന്ന-സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലും സംസ്ഥാനങ്ങളും തമ്മിലും രൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് കൗണ്‍സില്‍ നിരക്കുകള്‍ നിശ്ചയിച്ചത്. പലപ്പോഴും കേരളത്തിന്റെ നിലപാടും നിര്‍ണായകമായി.

ജിഎസ്ടി നടപ്പാക്കുന്നതിന്റെ സാങ്കേതിക സംവിധാനമായ ജിഎസ്ടി നെറ്റ്‌വര്‍ക്ക് നികുതിദായകര്‍ക്കായുള്ള മൂന്നാം ഘട്ട രജിസ്‌ട്രേഷന്‍ പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്. ജൂണ്‍ 25ന് ആരംഭിച്ച മൂന്നാംഘട്ട രജിസ്‌ട്രേഷനില്‍ 30 ദിവസത്തെ സമയമാണുള്ളത്. എന്നാല്‍ ജിഎസ്ടി എന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ജിഎസ്ടി നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികളും ചൂണ്ടിക്കാട്ടി. ജിഎസ്ടി നീട്ടിവെക്കണമെന്ന് വ്യോമയാന മന്ത്രാലയവും അഭ്യര്‍ത്ഥിച്ചിരുന്നു.

കേരളത്തെ എങ്ങനെ ബാധിക്കും?

ജിഎസ്ടി കേരളത്തിന് പൊതുവില്‍ ഗുണകരമാകുമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കുന്നത്. ജിഎസ്ടി നടപ്പാക്കുന്നതിന് കേരളം സജ്ജമായിക്കഴിഞ്ഞതായും എന്നാല്‍ കേന്ദ്രം ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങള്‍ അപര്യാപ്തമാണെന്നും അദ്ദേഹം വിലയിരുത്തുന്നു.
ജിഎസ്ടി നടപ്പാക്കി കഴിഞ്ഞാല്‍ കേരളത്തിന് ആദ്യ വര്‍ഷത്തില്‍ തന്നെ 10 ശതമാനം അധിക നികുതി വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മൂന്നു വര്‍ഷത്തില്‍ ഇത് 20 ശതമാനമാകുമെന്നും കരുതപ്പെടുന്നു. ഒരു ഉപഭോഗ സംസ്ഥാനമായതിനാലാണ് കേരളത്തിന്റെ നികുതി വരുമാനത്തിന് ജിഎസ്ടി ഗുണകരമാകുന്നത്.

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി, കയര്‍ എന്നിവയുടെ കയറ്റുമതിയെ പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടൂറിസം മേഖലയ്ക്കും അനുകൂലമാകും ജിഎസ്ടി നിരക്കുകള്‍ എന്ന് വിലയിരുത്തലുകളുണ്ട്. തോമസ് ഐസക് ഉയര്‍ത്തിയ കടുത്ത സമ്മര്‍ദത്തിന്റെ കൂടി ഫലമായി അന്യ സംസ്ഥാന ലോട്ടറികളെ ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനത്തില്‍ ഉള്‍പ്പെടുത്തിയതും സംസ്ഥാനത്തിന് നേട്ടം സമ്മാനിക്കും. ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഇ വേ ബില്‍ സംവിധാനം നടപ്പാക്കുന്നതിനാല്‍ സംസ്ഥാന അതിര്‍ത്തികളിലെ വാണിജ്യനികുതി ചെക്‌പോസ്റ്റുകള്‍ക്ക് ഇല്ലാതാകും. എന്നാല്‍, ഇതിനുള്ള സാങ്കേതിക പശ്ചാത്തലം ഒരുങ്ങിയിട്ടില്ലെന്നത് പോരായ്മയാണ്.

സംസ്ഥാനത്തിലെ ചെക്ക്‌പോസ്റ്റുകള്‍ ഇന്നുമുതല്‍ വിവരശേഖരണ കേന്ദ്രങ്ങളായിരിക്കും. പുറത്തുനിന്ന് കൊണ്ടുവരുന്ന സാധനങ്ങളെപ്പറ്റിയുള്ള ഡിക്ലറേഷന്‍ ഇവിടങ്ങളില്‍ സ്വീകരിക്കുമെങ്കിലും പരിശോധന ഉണ്ടാവില്ല. ഈ ഡിക്ലറേഷന്‍ വാണിജ്യനികുതി ഓഫീസില്‍ പരിശോധിക്കും. ഇവിടെ ആവശ്യമെങ്കില്‍ തുടര്‍ പരിശോധനകള്‍ നടത്തും. ചെക്ക്‌പോസ്റ്റുകള്‍ക്ക് ഡിക്ലറേഷന്‍ സ്വീകരിക്കാന്‍ അധികാരം നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വേ ബില്‍ സംവിധാനം വരുന്നതുവരെ നിലവിലുള്ള സംവിധാനം തുടരാനാണ് കേന്ദ്രനിര്‍ദേശം.

സംസ്ഥാന വാണിജ്യ വകുപ്പ് ജിഎസ്ടിക്ക് അനുയോജ്യമായ തരത്തില്‍ സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിലെ ജീവനക്കാരുടെ പുനര്‍ വിന്യാസവും ഇതിന്റെ ഭാഗമായുണ്ടാകും. ധാന്യങ്ങള്‍ക്കും പയറിനങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും വില കുറയുന്നതും കോഴിയിറച്ചിയുടെ നികുതി ഇല്ലാതാകുന്നതും കേരളീയര്‍ക്ക് ഗുണകരമാകും. കേരളത്തില്‍ നിന്ന്് 2.62 ലക്ഷം വ്യാപാരികളാണ് ജിഎസ്ടിയുടെ ഭാഗമാകുന്നത്.

Comments

comments

Categories: Top Stories, World