ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് നിക്ഷേപമുള്ള ലണ്ടന്‍ ടവര്‍ വില്‍ക്കാന്‍ ധാരണയായി

ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് നിക്ഷേപമുള്ള ലണ്ടന്‍ ടവര്‍ വില്‍ക്കാന്‍ ധാരണയായി

ഹോങ്കോംഗിലെ ഫുഡ് കമ്പനിയായ ലീ കും കീ ഗ്രൂപ്പാണ് കെട്ടിടം വാങ്ങാന്‍ ഒരുങ്ങുന്നത്

ലണ്ടന്‍: ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഉള്‍പ്പെട്ട കണ്‍സോഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള ലണ്ടനിലെ വമ്പന്‍കെട്ടിടം ഹോങ്കോംഗിലെ ഫുഡ് കമ്പനിയായ ലീ കും കീ ഗ്രൂപ്പ് വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാക്കി ടോക്കി എന്ന പേരില്‍ അറിയപ്പെടുന്ന 20 ഫെഞ്ച്‌റച്ച് സ്ട്രീറ്റിനെ പൂര്‍ണമായി വാങ്ങാനാണ് ലീ കും കീ ഗ്രൂപ്പ് തയാറെടുക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

കെട്ടിടത്തിന്റെ 50 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിന് നിക്ഷേപകര്‍ തയാറായിട്ടുണ്ടെന്നും ബാക്കി ഓഹരികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമായിട്ടുണ്ടെന്നും എന്നാല്‍ കരാര്‍ പരാജയപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ലൂ കും കീയുടെ വക്താവ് തയാറായില്ല.

ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, കാനറി വാര്‍ഫ് ഗ്രൂപ്പ്, ചൈന ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, മോര്‍ഗന്‍ സ്റ്റാന്‍ലെ റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റിംഗ്, ബ്രൂക്ക്ഫീല്‍ഡ് പ്രോപ്പര്‍ട്ടി പാര്‍ട്‌ണേഴ്‌സ് എല്‍പി എന്നിവരുടെ കൈവശമുള്ള 50 ശതമാനം വരുന്ന ഓഹരികള്‍ വില്‍ക്കാന്‍ മാര്‍ച്ചില്‍ തീരുമാനമെടുത്തിരുന്നു. ബാക്കി 50 ശതമാനം ഓഹരികള്‍ ലാന്‍ഡ് സെക്യൂരിറ്റീസ് ഗ്രൂപ്പിന്റെ കൈയിലാണ്. ഈ ഓഹരികളാണ് ലീ കും കീ ആവശ്യപ്പെട്ടിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടക്കണമെന്ന ഹിതപരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെ പൗണ്ടിന്റെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായി. ഇത് മുതലെടുത്തു നിരവധി ഏഷ്യന്‍ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകരാണ് യുകെ മാര്‍ക്കറ്റിലേക്ക് വരുന്നത്. ഹോങ്കോംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിക്ഷേപകരായ സിസി ലാന്‍ഡ് ലണ്ടനിലെ ചീസ്ഗ്രാറ്റര്‍ ടവര്‍ 1.5 ബില്യണ്‍ ഡോളറിന് വാങ്ങാന്‍ ധാരണയായിട്ടുണ്ട്.

Comments

comments

Categories: World