മാരുതി സുസുകി സര്‍വീസ് സെന്ററുകളുടെ എണ്ണം 5,000 ആയി വര്‍ധിപ്പിക്കും

മാരുതി സുസുകി സര്‍വീസ് സെന്ററുകളുടെ എണ്ണം 5,000 ആയി വര്‍ധിപ്പിക്കും

ആഗോള വില്‍പ്പനയുടെ അമ്പത് ശതമാനത്തിലധികം ഇന്ത്യയിലാണെന്നിരിക്കേ സുസുകിക്ക് ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട വിപണി

ന്യൂ ഡെല്‍ഹി : 2020 ഓടെ സര്‍വീസ് സെന്ററുകളുടെ എണ്ണം അയ്യായിരമായി വര്‍ധിപ്പിക്കാന്‍ മാരുതി സുസുകിയുടെ തീരുമാനം. സുസുകി മോട്ടോര്‍ കോര്‍പ്പ് പ്രസിഡന്റ് ആന്‍ഡ് സിഇഒ തോഷിഹിറോ സുസുകിയെ ഉദ്ധരിച്ച് ജപ്പാനിലെ ഒരു ബിസിനസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ പോള്‍ പൊസിഷന്‍ നിലനിര്‍ത്താന്‍ എന്തെല്ലാം കാര്യങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന ഓഹരിയുടമകളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുസുകി. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ വളര്‍ച്ചയില്‍ ബൃഹത്തായ സെയ്ല്‍സ്, സര്‍വ്വീസ് ശൃംഖല വലിയ പങ്കാണ് വഹിക്കുന്നത്.

ആഗോള വില്‍പ്പനയുടെ അമ്പത് ശതമാനത്തിലധികം ഇന്ത്യയിലാണെന്നിരിക്കേ, സുസുകി മോട്ടോറിന് ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ്. 2020 ഓടെ ഇന്ത്യയിലെ സര്‍വീസ് സ്റ്റേഷനുകളുടെ എണ്ണം 56 ശതമാനം വര്‍ധിപ്പിച്ച് 5,000 ആക്കി മാറ്റാനാണ് കമ്പനിയുടെ തീരുമാനം. അയ്യായിരം വര്‍ക്ക്‌ഷോപ്പുകളില്‍ 3,000 എണ്ണം ഡീലര്‍മാരുടെ കീഴിലായിരിക്കും. ഇന്ത്യയിലെ ടോപ് പൊസിഷന്‍ തീര്‍ച്ചയായും നിലനിര്‍ത്തുമെന്ന് ജപ്പാനിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന ഓഹരിയുടമകളുടെ യോഗത്തില്‍ സുസുകി മോട്ടോര്‍ ഗ്ലോബല്‍ പ്രസിഡന്റ് ആന്‍ഡ് സിഇഒ തോഷിഹിറോ സുസുകി വ്യക്തമാക്കി.

നിലവില്‍ മാരുതി സുസുകിക്ക് 1667 നഗരങ്ങളിലായി 2,000 ഡീലര്‍ഷിപ്പുകളും 3,200 സര്‍വീസ് സെന്ററുകളുമാണുള്ളത്. നെക്‌സ എന്ന പേരില്‍ 250 പ്രീമിയം ഡീലര്‍ഷിപ്പുകള്‍ വേറെയുമുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനിടെ പുതിയ ആയിരം ഡീലര്‍ഷിപ്പുകളും പുതിയ 1,800 സര്‍വീസ് സെന്ററുകളും തുറക്കാനാണ് മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതോടെ നിലവില്‍ നിസ്സാന്‍, റെനോ, ഫിയറ്റ് എന്നീ മൂന്ന് കാര്‍ നിര്‍മ്മാതാക്കളുടേതായി ഇന്ത്യയില്‍ പ്രവര്‍ച്ചുവരുന്ന സെയ്ല്‍സ് ആന്‍ഡ് സര്‍വീസ് സെന്ററുകളേക്കാള്‍ കൂടുതലായിരിക്കും മാരുതി സുസുകിയുടെ സെയ്ല്‍സ് ആന്‍ഡ് സര്‍വീസ് സെന്ററുകള്‍.

ചെറു കാറുകളുടെ വിപുലമായ ശേഖരത്തിനൊപ്പം ശക്തമായ ഡീലര്‍ഷിപ്പ് ശൃംഖലയാണ് മാരുതി സുസുകിയുടെ വലിയ കരുത്ത്. പുതിയ ഡീലര്‍ഷിപ്പുകളും സര്‍വീസ് സ്റ്റേഷനുകളുമായി മാരുതി സുസുകി രാജ്യത്തിന്റെ മുക്കിലും മൂലയിലും സാന്നിധ്യമറിയിക്കുമ്പോള്‍ എതിരാളികള്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.

വരും വര്‍ഷങ്ങളില്‍ മാരുതി സുസുകി കാറുകള്‍ക്ക് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍നിന്നും ഗ്രാമീണ മേഖലകളില്‍നിന്നും കൂടുതല്‍ ഡിമാന്‍ഡ് പ്രതീക്ഷിക്കാമെന്ന്പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ് പാര്‍ട്ണര്‍ അബ്ദുള്‍ മജീദ് പറഞ്ഞു. ഇക്കാരണത്താല്‍ ലോക്കല്‍ വിപണികളില്‍ സാന്നിധ്യമുണ്ടാകുന്നത് ഗുണം ചെയ്യുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.നിലവില്‍ 51.8 ശതമാനം വിപണി വിഹിതമാണ് മാരുതി സുസുകിയുടെ പേരില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈയിടെ കമ്പനി പുതു തലമുറ ഡിസയര്‍ അവതരിപ്പിച്ചിരുന്നു.

Comments

comments

Categories: World