ജിഎസ്ടി ; കെടിഎം ബൈക്കുകളുടെ വില വര്‍ധിപ്പിച്ചു

ജിഎസ്ടി ; കെടിഎം ബൈക്കുകളുടെ വില വര്‍ധിപ്പിച്ചു

വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന 200 ഡ്യൂക്, 250 ഡ്യൂക്, ആര്‍സി 200 ാേമഡലുകളുടെ വില ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്

ന്യൂ ഡെല്‍ഹി : ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ കെടിഎം ഇന്ത്യ വിവിധ മോഡലുകളുടെ വില 5,797 രൂപ വരെ വര്‍ധിപ്പിച്ചു. കെടിഎം 200 ഡ്യൂക്, 250 ഡ്യൂക്, 390 ഡ്യൂക്, കെടിഎം ആര്‍സി 200, ആര്‍സി 390 എന്നീ അഞ്ച് മോഡലുകളുടെയും വിലയാണ് വര്‍ധിപ്പിച്ചത്. കെടിഎം 390 ഡ്യൂക്കിന് 628 രൂപ മാത്രമാണ് വര്‍ധിപ്പിച്ചതെങ്കില്‍ (പുതിയ വില 2.26 ലക്ഷം രൂപ) ആര്‍സി 390 മോഡലിന് 5,797 രൂപയാണ് കൂടിയത് (പുതിയ വില 2.31 ലക്ഷം രൂപ). എല്ലാം ഡെല്‍ഹി എക്‌സ്-ഷോറൂം വില.

എന്നാല്‍ ജിഎസ്ടിയെതുടര്‍ന്ന് വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന 200 ഡ്യൂക്, 250 ഡ്യൂക്, ആര്‍സി 200 എന്നിവയുടെ വില ഉയര്‍ത്തുകയാണ് കെടിഎം ഇന്ത്യ ചെയ്തിരിക്കുന്നത്. കെടിഎം 200 ഡ്യൂക്കിന് 4,063 രൂപ വര്‍ധിപ്പിച്ചപ്പോള്‍ (പുതിയ വില 1.47 ലക്ഷം രൂപ) കെടിഎം 250 ഡ്യൂക്കിന്റെ വിലയില്‍ 4,427 രൂപ വര്‍ധന വരുത്തി (പുതിയ വില 1.77 ലക്ഷം രൂപ). കെടിഎം ആര്‍സി 200 ന് 4,787 രൂപയാണ് കൂട്ടിയത് (പുതിയ വില 1.76 ലക്ഷം രൂപ). ചെറിയ കപ്പാസിറ്റി മോഡലുകള്‍ക്ക് എന്തുകൊണ്ടാണ് വില വര്‍ധിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കിയില്ല.

ജിഎസ്ടി വന്നതോടെ 350 സിസിക്ക് താഴെ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി പഴയ നികുതി നിരക്കില്‍നിന്ന് രണ്ട് ശതമാനത്തോളമാണ് കുറഞ്ഞത്. 350 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകളുടെ വില ഒരു ശതമാനം വര്‍ധിക്കും. കെടിഎം 390 ഡ്യൂക്, ആര്‍സി മോഡലുകള്‍ 373 സിസി എന്‍ജിന്‍ ഉപയോഗിക്കുന്നതിനാല്‍ വില വര്‍ധന പ്രതീക്ഷിച്ചതാണ്.

പുതിയ ഗ്രാഫിക്‌സ്, ഫീച്ചറുകള്‍, ടെക്‌നോളജി എന്നിവ ഉള്‍പ്പെടുത്തി കെടിഎം ഈ വര്‍ഷമാദ്യം ആര്‍സി സീരീസ് മോഡലുകള്‍ പരിഷ്‌കരിച്ചിരുന്നു. കെടിഎം 390 ഡ്യൂക്, 250 ഡ്യൂക് എന്നിവ കഴിഞ്ഞ വര്‍ഷം അനാവരണം ചെയ്ത ശേഷമാണ് ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയില്‍ അവതരിപ്പിച്ച ശേഷം ആദ്യ പ്രധാന വില വര്‍ധനയാണ് ആസ്ട്രിയന്‍ കമ്പനി വരുത്തിയിരിക്കുന്നത്.

വില വര്‍ധന ഇപ്രകാരമാണ്
(ഡെല്‍ഹി എക്‌സ്-ഷോറൂം)

കെടിഎം 200 ഡ്യൂക്

പഴയ വില 1,43,500 രൂപ
പുതിയ വില 1,47,563 രൂപ

കെടിഎം 250 ഡ്യൂക്

പഴയ വില 1,73,000 രൂപ
പുതിയ വില 1,77,424 രൂപ

കെടിഎം 390 ഡ്യൂക്

പഴയ വില 2,25,730 രൂപ
പുതിയ വില 2,26,358 രൂപ

കെടിഎം ആര്‍സി 200

പഴയ വില 1,71,740 രൂപ
പുതിയ വില 1,76,527 രൂപ

കെടിഎം ആര്‍സി 390

പഴയ വില 2,25,300 രൂപ
പുതിയ വില 2,31,097 രൂപ

 

Comments

comments

Categories: Auto