ദുബായില്‍ പറക്കും ടാക്‌സികള്‍ 5 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും

ദുബായില്‍ പറക്കും ടാക്‌സികള്‍ 5 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും

മൊബീല്‍ ഫോണിലൂടെ പറക്കും വാഹനങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് അഹ്മെദ് ബഹ്‌റോസ്യന്‍

ദുബായ്: പൈലറ്റില്ലാതെ പറക്കുന്ന ടാക്‌സികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) ലൈസന്‍സ് ഏജന്‍സി സിഇഒയും സ്മാര്‍ട്ട് വെഹ്ക്കിള്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായ അഹ്മെദ് ബഹ്‌റോസ്യന്‍ പറഞ്ഞു.

ഓട്ടോണമസ് വാഹനങ്ങളുടെ നിര്‍മാതാക്കളായ ജര്‍മന്‍ കമ്പനി വൊലോകോപറുമായി ആര്‍ടിഎ കഴിഞ്ഞ ആഴ്ച പങ്കാളിത്തക്കരാറില്‍ ഒപ്പുവച്ചിരുന്നു. 2017 ന്റെ അവസാന പാദത്തോടെ എയര്‍ ടാക്‌സി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. 2016 ല്‍ ദുബായ് ഗവണ്‍മെന്റ് പുറത്തിറക്കിയ ‘2030 സംരംഭ’ത്തിന്റെ ഭാഗമായാണ് ഡ്രൈവറില്ലാതെ പറക്കുന്ന ടാക്‌സികള്‍ നഗരത്തില്‍ അവതരിപ്പിക്കുന്നത്.

2030 ആകുമ്പോഴേക്കും നഗരത്തിന്റെ ഗതാഗത മേഖലയെ 25 ശതമാനം ഓട്ടോണമസ് സംവിധാനങ്ങളിലേക്ക് മാറ്റുക എന്നതാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. സ്വയം പ്രവര്‍ത്തിക്കുന്ന ഗതാഗത സംവിധാനത്തിലൂടെ നഗരത്തിന്റെ സാമ്പത്തിക വരുമാനം വര്‍ധിക്കുമെന്നും ഇതിലൂടെ പ്രതിവര്‍ഷം 5.99 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്.

പറക്കും ടാക്‌സിക്ക് വളരെ അധികം പ്രാധാന്യം ദുബായ് നല്‍കുന്നുണ്ടെന്നും സമീപഭാവിയില്‍ തന്നെ ഇതില്‍ യാത്ര ആരംഭിക്കാന്‍ സാധിക്കുമെന്നും അഹ്മെദ് ബഹ്‌റോസ്യന്‍ പറഞ്ഞു. എയര്‍ ടാക്‌സി സര്‍വീസ് അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നഗരമായി മാറുന്നതിന്റെ ഭാഗമായി നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും അദ്ദേഹം.

മൊബീല്‍ ഫോണ്‍ ഉപയോഗിച്ച് ഓട്ടോണമസ് എയര്‍ ടാക്‌സികള്‍ ബുക്ക് ചെയ്യുന്നത് യാഥാര്‍ഥ്യമാക്കുമെന്നും ബഹ്‌റോസ്യന്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ആദ്യം ആര്‍ടിഎ എയര്‍ ടാക്‌സി ഒരു പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. കൂടുതല്‍ പരീക്ഷണ പറക്കലുകള്‍ നടത്തുന്നതിനെക്കുറിച്ച് വോലോകോപ്റ്ററുമായും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പറക്കും വാഹനങ്ങള്‍ നിര്‍മിക്കുന്ന മറ്റ് കമ്പനികളേക്കാള്‍ കൂടുതല്‍ നിലവാരമുള്ള കമ്പനിയാണ് വൊലോകോപ്റ്ററെന്ന് ബഹ്‌റോസ്യന്‍ വ്യക്തമാക്കി. ഏറ്റവും മികച്ച പറക്കും വാഹനങ്ങളുടെ നിര്‍മാതാക്കളാണ് വോലോകോപ്റ്റര്‍ എന്ന് ആര്‍ടിഎ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഉയര്‍ന്ന സുരക്ഷ നിലവാരത്തിന്റെ പേരില്‍ ലോകപ്രശസ്തി നേടിയ കമ്പനിക്ക് ജര്‍മന്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം.

വൊലോകോപ്റ്ററിനെ കൂടാതെ കൂടുതല്‍ പറക്കും വാഹന നിര്‍മാതാക്കളുമായി ദുബായ് പങ്കാളിത്തത്തില്‍ ഏര്‍പ്പെടുമെന്ന് ബഹ്‌റോസ്യന്‍ പറഞ്ഞു. വൊലോകോപ്റ്റര്‍ മാത്രമായിരിക്കും ഞങ്ങളുടെ പങ്കാളിയെന്ന് അര്‍ഥമില്ലെന്നും എന്നാല്‍ ആദ്യത്തെ പങ്കാളികള്‍ എന്ന നിലയില്‍ കൂടുതല്‍ അധികാരം അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികമായി പുരോഗതി നേടുക, ഏരിയല്‍ ഗതാഗതത്തിനായി നഗരത്തെ പ്രാപ്തമാക്കുക തുടങ്ങിയവ ഉള്‍പ്പടെന്ന പ്രവര്‍ത്തനങ്ങള്‍ വൊലോകോപ്റ്ററുമായി ചേര്‍ന്നായിരിക്കും ആര്‍ടിഎ നടപ്പാക്കുക.

രണ്ട് പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് വൊലോകോപ്റ്റര്‍ ടാക്‌സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 18 പങ്കായങ്ങള്‍ ഉള്ളതിനാല്‍ വളരെ കുറഞ്ഞ ശബ്ദം മാത്രമേ ഇതില്‍ നിന്നുണ്ടാകൂ. പരിസ്ഥിതി സൗഹൃദമായ വാഹനത്തിന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ പരമാവധി 30 മിനിറ്റാണ് സര്‍വീസ് നടത്താന്‍ സാധിക്കുക. മണിക്കൂറില്‍ 100 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ഓരോ 40 മിനിറ്റിലും വാഹനം ചാര്‍ജ് ചെയ്തുകൊണ്ടിരിക്കണം.

Comments

comments

Categories: World