ബജാജ് പള്‍സര്‍ എന്‍എസ്160 അവതരിപ്പിച്ചു

ബജാജ് പള്‍സര്‍ എന്‍എസ്160 അവതരിപ്പിച്ചു

മുംബൈ എക്‌സ്-ഷോറൂം വില 80,648 രൂപ

ന്യൂ ഡെല്‍ഹി : ബജാജ് പള്‍സര്‍ എന്‍എസ്160 അവതരിപ്പിക്കുന്നതായി ബജാജ് ഓട്ടോ പ്രഖ്യാപിച്ചു. 160 സിസി മോട്ടോര്‍സൈക്കിളിന് 80,648 രൂപയാണ് മുംബൈ എക്‌സ്-ഷോറൂം വില. പ്രീമിയം ക്വാളിറ്റി, ഇന്റര്‍നാഷണല്‍ സ്റ്റൈല്‍, പെര്‍ഫോമന്‍സ് എന്നിവ ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്ക് മുതല്‍ക്കൂട്ടാണ് പുതു തലമുറ പള്‍സര്‍ എന്‍എസ്160 എന്ന് ബജാജ് ഓട്ടോ പ്രസ്താവിച്ചു. കരുത്ത്, അഗ്രസീവ് സ്റ്റൈല്‍, സുപീരിയര്‍ പെര്‍ഫോമന്‍സ് എന്നിവ ഒത്തുചേര്‍ന്ന പള്‍സര്‍ എന്‍എസ്160 ക്ക് പകരം വെയ്ക്കാന്‍ ഈ സെഗ്‌മെന്റില്‍ മറ്റൊരുത്തനില്ലെന്ന് ബജാജ് ഓട്ടോ, മോട്ടോര്‍സൈക്കിള്‍സ് പ്രസിഡന്റ് എറിക് വാസ് പറഞ്ഞു.

നിലവിലെ പള്‍സര്‍ എഎസ് 150 ആണ് പള്‍സര്‍ എന്‍എസ് 160 യുടെ അടിസ്ഥാനമെങ്കിലും സ്റ്റൈലിന്റെ കാര്യത്തില്‍ എന്‍എസ് 200 മോഡലിനെയാണ് അനുകരിക്കുന്നത്. പെരിമീറ്റര്‍ ഫ്രെയിമില്‍ നിര്‍മ്മിച്ച എന്‍എസ്160 യില്‍ എയര്‍/ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന സിംഗ്ള്‍ സിലിണ്ടര്‍ എന്‍ജിന്‍ 17 പിഎസ് കരുത്തും 13 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. പിന്നില്‍ നൈട്രക്‌സ് മോണോഷോക്ക് സസ്‌പെന്‍ഷനും മുന്നില്‍ 37 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളുമാണ് നല്‍കിയിരിക്കുന്നത്. പള്‍സര്‍ എന്‍എസ്160 യുടെ അവതരണത്തോടെ സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ബജാജ് ഓട്ടോ പിടിമുറുക്കും.

Comments

comments

Categories: Auto