‘അമേരിക്ക ഫസ്റ്റ്’ നയത്തെ വെല്ലുവിളിച്ച് മെര്‍ക്കല്‍

‘അമേരിക്ക ഫസ്റ്റ്’ നയത്തെ വെല്ലുവിളിച്ച് മെര്‍ക്കല്‍

ബെര്‍ലിന്‍: അടുത്തയാഴ്ച ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയില്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരേയും സ്വതന്ത്ര വ്യാപാരത്തിനു വേണ്ടിയും പോരാടാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നു ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ പറഞ്ഞു. ഇവ രണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നയങ്ങള്‍ക്കു വിരുദ്ധമാണ്. മെര്‍ക്കലിന്റെ പ്രസ്താവന അതു കൊണ്ടു തന്നെ ട്രംപിനുള്ള പരോക്ഷ മുന്നറിയിപ്പ് കൂടിയായി.
ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണു മെര്‍ക്കല്‍ ട്രംപിനെതിരേ ആഞ്ഞടിച്ചത്. ആഗോളതലത്തിലുള്ള പ്രശ്‌നങ്ങളെ സംരക്ഷണവാദം ഉയര്‍ത്തി കൊണ്ട് ഒരിക്കലും പരിഹരിക്കാനാവില്ലെന്ന് മെര്‍ക്കല്‍ പറഞ്ഞു.

ഇറ്റലിയിലെ സിസിലിയില്‍ ജി-7 ഉച്ചകോടി നടന്നു വെറും ഒരു മാസം പിന്നിട്ടപ്പോഴാണു ജി-20 ഉച്ചകോടി അരങ്ങേറുന്നത്. ജി-7 ഉച്ചകോടി നടന്ന വേദിയില്‍ പാശ്ചാത്യ സമൂഹവും ട്രംപും തമ്മില്‍ കാലാവസ്ഥ വ്യതിയാനം, വ്യാപാരം, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നിരുന്നു. ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത് ഏതാനു മണിക്കൂറുകള്‍ക്കു ശേഷമാണു കാലാവസ്ഥ വ്യതിയാനത്തിനെതിരേ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന പാരീസ് ഉടമ്പടിയില്‍നിന്നും പിന്മാറുന്നതായി ട്രംപ് അറിയിച്ചതും.

Comments

comments

Categories: World