സ്മാര്‍ട്ട് കാറുകള്‍ വളരുന്നു, സ്മാര്‍ട്ടര്‍ കാറുകളിലേക്ക്

സ്മാര്‍ട്ട് കാറുകള്‍ വളരുന്നു, സ്മാര്‍ട്ടര്‍ കാറുകളിലേക്ക്

സ്മാര്‍ട്ടര്‍ കാറുകള്‍ക്കുവേണ്ട സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് കാര്‍ നിര്‍മ്മാതാക്കളും ടെക്‌നോളജി കമ്പനികളും തമ്മില്‍ വലിയ സഹകരണം പ്രകടമാണ്

ന്യൂ ഡെല്‍ഹി : കാറുകളിലെ സൗകര്യങ്ങള്‍, സുരക്ഷ, കാര്യക്ഷമത എന്നിവയ്ക്ക് പുതിയ നിര്‍വ്വചനം നല്‍കാനുള്ള ശ്രമത്തിലാണ് കാര്‍ നിര്‍മ്മാതാക്കളും ടെക്‌നോളജി കമ്പനികളും. ഇതുമായി ബന്ധപ്പെട്ട് സിലിക്കണ്‍ വാലിയിലെ ഗവേഷകരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് ‘ഡിട്രോയിറ്റ് ഗ്യാങ്’. വിവിധങ്ങളായ സാങ്കേതികവിദ്യകളും ഉപകരണങ്ങളും കാറുകളെ സ്മാര്‍ട്ടില്‍നിന്ന് സ്മാര്‍ട്ടര്‍ കാറുകളാക്കി മാറ്റുകയാണ്.

മെയ് മാസത്തില്‍ നടന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് തൊട്ടുമുമ്പ് കാര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഗൂഗ്ള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കംപാറ്റിബിള്‍ ഇന്‍-കാര്‍ സിസ്റ്റത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്ലഗ്-ഇന്‍ ചെയ്യുന്ന ആന്‍ഡ്രോയ്ഡ് ഓട്ടോ പോലെ ഒന്നായിരുന്നില്ല ഇത്. പകരം സിസ്റ്റത്തിന്റെ ഇന്റേണല്‍ സ്റ്റോറേജില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍. കാറിനകത്തിരിക്കുമ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇനി ഒരു അവശ്യ വസ്തു അല്ലാതായി മാറിയേക്കും.

ആന്‍ഡ്രോയ്ഡുമായി തങ്ങളുടെ മള്‍ട്ടി മീഡിയ ഇന്റര്‍ഫേസ് (എംഎംഐ) ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാനൊരുങ്ങുകയാണ് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഔഡി. അതേസമയം വോള്‍വോയുടെ സെന്‍സസ് കണക്റ്റ് സിസ്റ്റം ഫുള്‍ വേര്‍ഷന്‍ ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കും. വോള്‍വോ യൂസര്‍ ഇന്റര്‍ഫേസ് കാത്തുസൂക്ഷിക്കുന്നതോടൊപ്പം തന്നെ ആന്‍ഡ്രോയ്ഡിന്റെ ആവിര്‍ഭാവത്തോടെ പുതിയൊരു ഇക്കോസിസ്റ്റത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്ന് വോള്‍വോ കാര്‍ ഗ്രൂപ്പ് ഗവേഷണ-വികസന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ഹെന്റിക് ഗ്രീന്‍ പറഞ്ഞു. നൂറുകണക്കിന് പോപ്പുലര്‍ ആപ്പുകള്‍ ഓഫര്‍ ചെയ്യുമെന്നും കാറിനകത്തെ ‘കണക്റ്റഡ്’ പരിതസ്ഥിതിയില്‍ ‘ബെസ്റ്റ് ഇന്റഗ്രേറ്റഡ് എക്‌സ്പീരിയന്‍സ്’ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആപ്പിളിന്റെ കാര്‍പ്ലേ പോലെ ഫോണ്‍, ആപ്പുകള്‍ എന്നിവയെ ആശ്രയിച്ചാണ് ആന്‍ഡ്രോയ്ഡ് ഓട്ടോ പ്രവര്‍ത്തിക്കുന്നത്. എന്റര്‍ടെയ്ന്‍മെന്റ്, സ്ട്രീമിംഗ്, നാവിഗേഷന്‍, യൂട്ടിലിറ്റീസ് തുടങ്ങിയ കാര്യങ്ങള്‍ക്ക് ആപ്പുകളുടെ ഒരു ലൈബ്രറിയാണ് ആന്‍ഡ്രോയ്ഡ് ഒരുക്കുന്നത്.സാധാരണയായി കാര്‍ നിര്‍മ്മാതാക്കള്‍ സ്വന്തം സോഫ്റ്റ്‌വെയറാണ് കാറുകളില്‍ നല്‍കുന്നത്. പരിമിതമായ ആപ്പുകളാണ് ഈ സോഫ്റ്റ്‌വെയറുകളിലുള്ളത്. ഔഡി, വോള്‍വോ എന്നിവയെപ്പോലെ ആന്‍ഡ്രോയ്‌ഡോ സമാനമായ മറ്റ് പ്ലാറ്റ്‌ഫോമുകളോ ഉപയോഗിക്കുന്ന കൂടുതല്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഭാവിയില്‍ രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാര്‍ വാങ്ങുമ്പോള്‍ അഡ്വാന്‍സ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ്, സുരക്ഷാ സവിശേഷതകള്‍ക്കാണ് ആളുകള്‍ ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നത്. കാര്‍ ഡ്രൈവ് ചെയ്യുന്നവര്‍ പതിവായി നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതായാണ് ഐഎച്ച്എസ് മാര്‍കിറ്റ് കഴിഞ്ഞ വര്‍ഷം നടത്തിയ കണക്റ്റഡ് കാര്‍ ഉപഭോക്തൃ സര്‍വേയില്‍ കണ്ടെത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 41 ശതമാനം പേര്‍ അപ്‌ഡേറ്റുകള്‍ക്കായി കാലാവസ്ഥാ ആപ്പുകളും 37 ശതമാനം പേര്‍ മ്യൂസിക്, ന്യൂസ് ആപ്പുകളും ഉപയോഗിക്കുന്നതായി സര്‍വ്വേയില്‍ വ്യക്തമായി.

ഇന്ത്യയിലെ തങ്ങളുടെ കാറുകളില്‍ സിങ്ക് എന്ന കമ്യൂണിക്കേഷന്‍സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റമാണ് അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഫോണില്‍നിന്ന് ഇന്‍-കാര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സ്‌ക്രീനിലേക്ക് ഇന്‍ഫര്‍മേഷന്‍ ഷെയര്‍ ചെയ്യുന്നതിന് ആപ്പ്‌ലിങ്ക് എന്ന ഫീച്ചര്‍ കംപാറ്റിബിള്‍ ആപ്പുകളെ സഹായിക്കും. മീഡിയ സ്ട്രീമിംഗിന് ഹംഗാമ ഡ്രൈവ്, നാവിഗേഷന്‍ ആവശ്യങ്ങള്‍ക്ക് മാപ്‌മൈഇന്ത്യ, കാലാവസ്ഥ അറിയുന്നതിന് അക്യുവെതര്‍, പിപാര്‍ക് എന്ന പാര്‍ക്കിംഗ് ഫൈന്‍ഡര്‍ ആപ്പ് തുടങ്ങിയ പുതിയ ആപ്പുകള്‍ ഉള്‍പ്പെടുത്തി സിങ്ക് പ്ലാറ്റ്‌ഫോം ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഓണ്‍ ദ ഗോ ആയി ഹാന്‍ഡ്‌സ്-ഫ്രീ മ്യൂസിക് സ്ട്രീമിംഗ് കൂടാതെ പ്രത്യേക ഡ്രൈവ്-റിലേറ്റഡ് പ്ലേലിസ്റ്റുകളും മറ്റ് നൂതനമായ പ്രോഗ്രാമിംഗും സൃഷ്ടിച്ചതായി ഹംഗാമ.കോം സിഇഒ സിദ്ധാര്‍ത്ഥ റോയ് പറഞ്ഞു.

ഇന്ത്യയില്‍ വില്‍ക്കുന്ന റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്, ഡിസ്‌കവറി സ്‌പോര്‍ട് എന്നീ വാഹനങ്ങളുടെ 2016 പതിപ്പുകള്‍ മുതല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ‘ഇന്‍കണ്‍ട്രോള്‍ ആപ്പ്‌സ്’ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. ജര്‍മ്മന്‍ ഇലക്ട്രോണിക്‌സ് കമ്പനി ബോഷുമായി ചേര്‍ന്നാണ് ഇന്‍കണ്‍ട്രോള്‍ ആപ്പ്‌സ് വികസിപ്പിച്ചത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കണ്‍ട്രോള്‍ ആപ്പ്‌സ് ഫോണ്‍ ഇന്റര്‍ഫേസ് കാറില്‍ ഡിസ്‌പ്ലേ ചെയ്യും. ഹംഗാമ, മാപ്‌മൈഇന്ത്യ, റെസ്റ്റോറന്റ് കണ്ടെത്തുന്നതിന് സഹായിക്കുന്ന സൊമാട്ടോ തുടങ്ങിയ ആപ്പുകള്‍ വാഹനത്തിലുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

ഭാവിയിലെ സ്മാര്‍ട്ടര്‍ കാറുകള്‍ക്കുവേണ്ട സാങ്കേതികവിദ്യകളും മറ്റും വികസിപ്പിക്കുന്നതിന് കാര്‍ നിര്‍മ്മാതാക്കളും ടെക്‌നോളജി കമ്പനികളും തമ്മില്‍ പത്തില്‍ പത്ത് പൊരുത്തമാണ് കാണാനാകുന്നത്.

മൈക്രോസോഫ്റ്റിന്റെ അസൂര്‍ ക്ലൗഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇന്‍-കാര്‍ ആവശ്യങ്ങള്‍ക്ക് ക്ലൗഡ്-ബേസ്ഡ് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് ഫെബ്രുവരിയില്‍ ടാറ്റ മോട്ടോഴ്‌സ് മൈക്രോസോഫ്റ്റുമായി പങ്കാളിത്തം സ്ഥാപിച്ചിരുന്നു. സ്മാര്‍ട്ട്, കണക്റ്റഡ് കാറുകള്‍ക്കായി ടെക് കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും ഒന്നിച്ച് അണിനിരത്തുകയെന്ന ഉദ്ദേശ്യത്തോടെ ഈ വര്‍ഷത്തെ ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ടാമോ എന്ന സബ്-ബ്രാന്‍ഡ് ടാറ്റ മോട്ടോഴ്‌സ് അനാവരണം ചെയ്തിരുന്നു. സോഫ്റ്റ്‌വെയര്‍ സര്‍വീസസ്, ഡ്രൈവര്‍ അസ്സിസ്റ്റ് സിസ്റ്റംസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡീപ് ലേണിംഗ് ആപ്ലിക്കേഷന്‍സ് എന്നീ മേഖലകളിലാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് അഡ്വാന്‍സ്ഡ് ആന്‍ഡ് പ്രൊഡക്റ്റ് എന്‍ജിനീയറിംഗ് വിഭാഗം പ്രസിഡന്റ് ടിം ലിവര്‍ട്ടണ്‍ പറഞ്ഞു.

കാറുകളുടെ സുരക്ഷ സംബന്ധിച്ച് വലിയ ഇന്നൊവേഷനുകളാണ് നടക്കുന്നത്. മെഴ്‌സിഡസ്-ബെന്‍സ് കാറുകള്‍ക്കായി വിര്‍ച്വല്‍ കീ ആണ് ഡച്ച് കമ്പനിയായ ജിമാള്‍ട്ടോ വികസിപ്പിക്കുന്നത്. ഇ-ക്ലാസ് സെഡാന്‍ ഉടമകള്‍ക്ക് ഇനി വിര്‍ച്വല്‍ കീ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍എഫ്‌സി)-എനേബ്ള്‍ഡ് ഫോണില്‍ സേവ് ചെയ്യുന്ന വിര്‍ച്വല്‍ കീ കാര്‍ അണ്‍ലോക്ക് ചെയ്യുന്നതിന് ഡോര്‍ ഹാന്‍ഡിലിന് നേരെ ഫോണ്‍ പിടിച്ചാല്‍ മതി.

ഇലക്ട്രോണിക്‌സ് കംപോണന്റ്‌സ് നിര്‍മ്മാതാക്കളായ ജെന്റെക്‌സ് കോര്‍പ്പ് വാഹനങ്ങള്‍ക്കായി ഹൈ-ടെക് റിയര്‍ വ്യൂ മിറര്‍ ആണ് വികസിപ്പിച്ചിരിക്കുന്നത്. ഡ്രൈവറുടെ സീറ്റിലിരിക്കുന്ന വ്യക്തിയുടെ ബയോമെട്രിക്‌സ് പരിശോധിക്കുന്ന കണ്ണാടിക്ക് ആളുമാറിയെന്ന് തോന്നിയാല്‍ കാറിന്റെ എന്‍ജിന്‍ തനിയെ ഓഫാകും. മൊബീല്‍ സെക്യൂരിറ്റി കമ്പനിയായ ഡെല്‍റ്റ ഐഡിയുടെ ആക്റ്റീവ് ഐറിസ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് റിയര്‍ വ്യൂ മിറര്‍ പ്രവര്‍ത്തിക്കുന്നത്.

വാഹനമോടിക്കുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധ പതറിപ്പോകാതിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സിന്റെ എഡബ്ല്യുആര്‍ 1443 റഡാര്‍ സെന്‍സര്‍ ഡ്രൈവറെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല, ഡ്രൈവറുടെ മേലെ എപ്പോഴും ഒരു കണ്ണ് ഉണ്ടായിരിക്കുകയും ചെയ്യും. ഡ്രൈവര്‍ ജാഗ്രതക്കുറവ് കാണിച്ചുതുടങ്ങുന്നു എന്ന് മനസ്സിലാക്കിയാല്‍ ഉടനെ അലാം അടിച്ചുതുടങ്ങും. ബ്രിട്ടീഷ് കമ്പനിയായ റേസ്‌ലോജിക് മറ്റൊരു സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. കാറിനകത്ത് സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളുടെ ശ്രദ്ധ തിരിപ്പിന്നുണ്ടെങ്കില്‍ ഈ സംവിധാനം ഫോണ്‍ കണ്ടെത്തി ഡിസേബ്ള്‍ ചെയ്തുകളയും. ടച്ച്‌ലോക്ക് എന്ന് വിളിക്കുന്ന ഉപകരണം ഡ്രൈവറുടെ സീറ്റിന് സമീപമാണ് വെയ്ക്കുന്നത്. കാര്‍ അമിത വേഗത്തില്‍ സഞ്ചരിക്കുമ്പോഴൊക്കെ ഈ സംവിധാനം ആക്റ്റിവേറ്റ് ആകും. ഡ്രൈവര്‍ ഫോണെടുത്താല്‍ അക്കാര്യം മനസ്സിലാക്കുന്ന ടച്ച്‌ലോക്ക് സുരക്ഷ മുന്‍നിര്‍ത്തി ചില ഫീച്ചറുകള്‍ ഡീആക്റ്റിവേറ്റ് ചെയ്യും.

ആപ്പിള്‍ വാച്ച് ധരിച്ചിരിക്കുന്ന ഡ്രൈവറുടെ ശ്രദ്ധ പതറാതിരിക്കാന്‍ ചില നോട്ടിഫിക്കേഷനുകള്‍ ഡിസേബ്ള്‍ ചെയ്യുന്ന സംവിധാനത്തിന് പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആപ്പിള്‍.

കണക്റ്റഡ് കാര്‍ സെഗ്‌മെന്റിലെ സെന്‍സര്‍ ഡാറ്റ കാപ്ച്ചര്‍ ചെയ്ത് വിശകലനം ചെയ്യുന്നത് വലിയ മേഖലയായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ കണക്റ്റഡ് ഓട്ടോണമസ് കാറുകള്‍ ഓരോ സെക്കന്‍ഡിലും 150 ജിബി ഡാറ്റ സൃഷ്ടിക്കുമെന്നാണ് മൈക്രോസോഫ്റ്റ് കണക്കാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് കാര്‍ പ്രോജക്റ്റുകളും ഗവേഷണ പദ്ധതികളും ലോകമൊട്ടാകെ നടക്കുകയാണ്. 2022 ഓടെ കണക്റ്റഡ് കാറുകളുടെ എണ്ണം 70 മില്യണ്‍ യൂണിറ്റായി വര്‍ധിക്കുമെന്നാണ് ഫ്രോസ്റ്റ് ആന്‍ഡ് സുള്ളിവന്റെ ഗ്ലോബല്‍ കണക്റ്റഡ് കാര്‍ മാര്‍ക്കറ്റ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.

Comments

comments

Categories: Auto