പ്രാദേശിക ഭാഷകള്‍ ആയുധമാക്കി ഷെയര്‍ചാറ്റ്

പ്രാദേശിക ഭാഷകള്‍ ആയുധമാക്കി ഷെയര്‍ചാറ്റ്

എത്ര വളര്‍ന്നാലും എന്തെല്ലാം നേടിയാലും ഭാരതീയര്‍ക്ക് അവരുടെ മാതൃഭാഷ ഒരു സ്വകാര്യ അഹങ്കാരമായിരിക്കും. തമിഴ്‌നാട്ടിലെയും കര്‍ണടകയിലെയും ഭാഷാപ്രേമം ഏറെ പ്രശസ്തമാണ്. ഈ തിരിച്ചറിവാണ് ഷെയര്‍ചാറ്റിനെ ആഗോള സാമൂഹ്യമാധ്യമങ്ങളെ വെല്ലുവിളിക്കാന്‍ പ്രാപ്തമാക്കിയത്…

ദൈനംദിന ജീവിതത്തില്‍ അവിഭാജ്യഘടകമായി സാമൂഹ്യമാധ്യമങ്ങള്‍ മാറിയ കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. യുവതലമുറയ്ക്ക് സമൂഹമാധ്യമങ്ങളെക്കൂടാതെയുള്ള ജീവിതം അസാധ്യമായിത്തീര്‍ന്നിരിക്കുന്നു. വിദേശ കമ്പനികളായ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍ എന്നിവരാണ് ഇന്ത്യയിലെ സാമൂഹ്യ മാധ്യമരംഗം കൈയടക്കിയിരുന്നത്. എന്നാല്‍ ഭാഷാ വൈവിധ്യത്താല്‍ സമ്പന്നമായ ഇന്ത്യ പോലൊരു രാജ്യത്ത് പ്രാദേശിക ഭാഷകളില്‍ സജീവമാകാന്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് വലിയ തോതില്‍ സാധിച്ചിട്ടില്ലായിരുന്നു.

ഈ സാധ്യത തിരിച്ചറിഞ്ഞ് ഇന്ത്യയില്‍ നിന്നും ഉയര്‍ന്നുവന്ന പ്രാദേശിക സാമൂഹ്യമാധ്യമ സ്റ്റാര്‍ട്ടപ്പാണ് ഷെയര്‍ചാറ്റ്.ഫാരിദ് അഹ്‌സന്‍, ഭാനു പ്രതാപ് സിംഗ്, അന്‍കുഷ് സച്ച്‌ദേവ എന്നീ മൂന്ന് യുവ സംരംഭകരാണ് ഷെയര്‍ചാറ്റിനുപിന്നില്‍. സംഭവം ലളിതമാണ്. ഇംഗ്ലീഷ് ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ കണ്ടന്റ് പോസ്റ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും ചര്‍ച്ചകള്‍ നടത്താനുമുള്ള ഒരു പ്ലാറ്റ്‌ഫോം ആണിത്. ഐഐടി കാന്‍പൂരില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ഈ മൂവര്‍ സംഘം സംരംഭകത്വത്തെ കുറിച്ച് ചിന്തിക്കുന്നത്, 2012ല്‍. നിരവധി ആപ്പുകള്‍ വികസിപ്പിച്ചെങ്കിലും വിജയം വരിച്ചത് ഷെയര്‍ചാറ്റിലൂടെയാണ്.

പ്രാദേശിക ഭാഷയിലുള്ള സേവനങ്ങളാണ് ഷെയര്‍ ചാറ്റിനെ മറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഹിന്ദി, മലയാളം, ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുങ്ക് എന്നീ ആറ് ഇന്ത്യന്‍ ഭാഷകളില്‍ ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്പ് ഇന്ന് ലഭ്യമാണ്. ഉടന്‍ തന്നെ തമിഴ് ബംഗാളി ഭാഷകളും ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണിവര്‍.

ഫേസ്ബുക്ക് പോലെ തന്നെ ഫോട്ടോകളും വീഡിയോകളും അഭിപ്രായങ്ങളും വാര്‍ത്തകളുമെല്ലാം ഷെയര്‍ചാറ്റുവഴിയും ഷെയര്‍ ചെയ്യാന്‍ സാധ്യമാണ്. ഇതിനുപുറമേ ഡിക്ഷ്‌നറി സേവനം, ജാതക പൊരുത്തം, തമാശകള്‍, സിനിമാ അപ്‌ഡേറ്റ്‌സ്, മതപരമായ കാര്യങ്ങള്‍ എന്നിങ്ങനയുള്ള അനേകം കണ്ടന്റ് അനുബന്ധ സര്‍വീസും ഇതിലൂടെ ലഭ്യമാണ്.

ഷെയര്‍ചാറ്റ് വിനോദത്തിനും, വിജ്ഞാനത്തിനുമായി ഉപയോഗിക്കാന്‍ സാധ്യമായിട്ടുള്ള മികച്ച ആപ്ലിക്കേഷന്‍ എന്ന തലത്തിലേക്ക് ഉയര്‍ന്നു വന്നിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ഇഷ്ടപ്പെട്ട ഇന്ത്യന്‍ ഭാഷയല്‍ ഷെയര്‍ചാറ്റ് ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ ഡിജിറ്റല്‍ പഌറ്റ്‌ഫോമുകളില്‍ കണ്ടന്റ് ഉണ്ടാക്കുകയോ ഷെയര്‍ ചെയ്യുകയോ എല്ലാം ചെയ്യാം. അതുപോലെ ഈ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് തിരിച്ച് ഷെയര്‍ ചാറ്റിലെ ഇന്റര്‍ഫേസിലേക്കും ഷെയറിംഗ് സാധ്യമാണ്. മാത്രമല്ല ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് ഷെയര്‍ചാറ്റ് വഴി ഉള്ളടക്കങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാനും സാധ്യമാണ്- ഷെയര്‍ചാറ്റിന്റെ സിഇഒ ഫാരിദ് അഹ്‌സാന്‍ പറയുന്നു

2014-ലാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രാദേശിക ഭാഷകള്‍ക്കായി ആളുകള്‍ വല്ലാതെ ആഗ്രഹിക്കുന്നു എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടാകുന്നത്. ബോളിവുഡ് വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുന്നതിനും പങ്കു വയ്ക്കുന്നതിനുമായി ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ തങ്ങളുടെ നമ്പറുകള്‍ നല്‍കി. ഷെയര്‍ചാറ്റിന്റെ സ്ഥാപകരിലൊരാളായ സച്ച്‌ദേവ ആ നമ്പറുകള്‍ എല്ലാം ശേഖരിച്ച് വാട്ട്‌സാപ്പില്‍ 100 പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകള്‍ തുടങ്ങുകയും ചെയ്തു. അന്ന് ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ പരമാവധി 100 പേരേ ഉള്‍പ്പെടുത്താനേ സാധിക്കുമായിരുന്നുള്ളു. ഗ്രൂപ്പുകളില്‍ സിനിമകളുടെ ട്രെയ്‌ലറുകള്‍, പോസ്റ്ററുകള്‍, പാട്ടുകള്‍ എല്ലാം ഷെയര്‍ ചെയ്യുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ആളുകള്‍ ഫിലിം ന്യൂസുകള്‍ അറിയാന്‍ ഗൂഗിളിനെക്കാള്‍ ഇത്തരം ഗ്രൂപ്പുകളെയാണ് ആശ്രയിക്കുന്നതെന്ന തിരിച്ചറിവാണ് സച്ച്‌ദേവയ്ക്കുണ്ടായത്. ഇതുപോലുള്ള വാര്‍ത്തകളും കാര്യങ്ങളും പ്രാദേശിക ഭാഷയില്‍ ചര്‍ച്ച ചെയ്യാനാണ് ആളുകള്‍ക്ക് താല്‍പ്പര്യമെന്നും ഇന്ന് ഷെയര്‍ ചാറ്റിന്റെ ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ സ്ഥാനത്തിരിക്കുന്ന അങ്കുഷ് സച്ച്‌ദേയ്ക്ക് ബോധ്യപ്പെട്ടു.

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നടത്തിയ ഈ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മൂവര്‍സംഘം 2015 ഒക്‌റ്റോബറില്‍ ഷെയര്‍ചാറ്റ് എന്ന സൗജന്യ മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. ഇന്ന് അഞ്ച് ദശലക്ഷത്തോളം ഉപയോക്താക്കളും ഗൂഗിള്‍ പ്ലേയില്‍ 1.7 ദശലക്ഷത്തോളം ഷെയറുകളുമായാണ് ഷെയര്‍ ചാറ്റ് മുന്നേറുന്നത്.

പ്രതിമാസം മുപ്പത് ശതമാനം വരെ വര്‍ധനവാണ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ കമ്പനി നേടിക്കൊണ്ടിരിക്കുന്നത്. ഇതാണ് നിക്ഷേകര്‍ക്ക് കമ്പനിയില്‍ താല്‍പ്പര്യമുണ്ടാക്കിയത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈറ്റ്‌സ്പീഡ് ഇന്ത്യ പാര്‍ട്ട്‌ണേഴ്‌സ്, സയ്ഫ് പാര്‍ട്ട്‌ണേഴ്‌സ്, വെഞ്ച്വര്‍ ഹൈവെ, ഇന്ത്യ ക്വാഷ്യന്റ് എന്നിവരില്‍ നിന്നുമായി 5.35 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഷെയര്‍ ചാറ്റ് സമാഹരിച്ചിരിക്കുന്നത്.

ഈ മേഖലയില്‍ വലിയ അവസരമാണുള്ളത്. ഡാറ്റയുടെ നിരക്കില്‍ വരുന്ന വന്‍ കുറവും കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതും ഞങ്ങള്‍ക്ക് സാധ്യത നല്‍കുന്നുവെന്നാണ് ഈ യുവാക്കളുടെ പക്ഷം. സാമൂഹ്യ മാധ്യമങ്ങളില്‍ എത്തുന്ന നല്ലൊരു ശതമാനം പേര്‍ക്കും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല എന്നതും ഷെയര്‍ചാറ്റിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും.

Comments

comments

Categories: FK Special, Tech
Tags: sharechat