സ്വപ്‌നം പൊലിയുമോ ; വിഷന്‍ 2030 പ്രതിസന്ധിയില്‍?

സ്വപ്‌നം പൊലിയുമോ ; വിഷന്‍ 2030 പ്രതിസന്ധിയില്‍?

ഉല്‍പ്പാദനക്ഷമതയിലെ തളര്‍ച്ചയും സാമ്പത്തിക രംഗത്തുണ്ടാകുന്ന പ്രശ്‌നങ്ങളും സ്വപ്ന പദ്ധതിയുടെ നടത്തിപ്പിനെ കാര്യമായി ബാധിക്കുമെന്ന് കാപ്പിറ്റല്‍ ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ട്

റിയാദ്: ഉല്‍പ്പാദനക്ഷമതയില്‍ ഇടിവുണ്ടാകുന്നതും വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ദുര്‍ബലമാകുന്നതും സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ വിഷന്‍ 2030 ന്റെ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി കാപ്പിറ്റല്‍ ഇക്കണോമിക്‌സ്. 2030 വിഷനിലൂടെ എണ്ണ കേന്ദ്രീകൃത സമ്പദ്ഘടനയില്‍ നിന്ന് രാജ്യത്തിന് പുറത്തുകടക്കാനും എണ്ണ ഇതര സ്വകാര്യ മേഖലയെ ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് പ്രതിസന്ധിയില്‍ ആണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വിഷന്‍ 2030 ന്റെ ബുദ്ധികേന്ദ്രമായ മൊഹമ്മെദ് ബിന്‍ സല്‍മാനെ സൗദിയുടെ കിരീടാവകാശിയായി സ്ഥാനക്കയറ്റം നല്‍കിയത് സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച പദ്ധതികളാണ് ആസൂത്രണം ചെയ്തതെങ്കിലും സാമ്പത്തിക രംഗത്തെ തളര്‍ച്ച, പദ്ധതി നടത്തിപ്പിനെ കാര്യമായി ബാധിക്കുമെന്നാണ് കരുതുന്നത്. വരും വര്‍ഷങ്ങളില്‍ 2.5-3 ശതമാനമായിരിക്കും സാമ്പത്തിക വളര്‍ച്ച.

ഇത് കൂടാതെ എണ്ണ ഇതര കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച നടപടികളൊന്നും വിഷന്‍ 2030 ല്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കാപ്പിറ്റല്‍ ഇക്കണോമിക്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കി. സാമൂഹിക പരിഷ്‌കരണത്തിലൂടെ മാത്രമേ എണ്ണ ഇതര മേഖലകളില്‍ വളര്‍ച്ച കൊണ്ടുവരാന്‍ സാധിക്കുകയൊള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിലും സൗദി പൗരന്‍മാരും പ്രവാസി തൊഴിലാളികളും തമ്മില്‍ നിലനില്‍ക്കുന്ന ശമ്പള വ്യത്യാസം കുറയ്ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുമുള്ള പദ്ധതികള്‍ ഇല്ലാത്തത് തിരിച്ചടി നല്‍കും.

സൗദി അറേബ്യയിലെ ഏറ്റവും വലിയ വ്യവസായമായ എണ്ണ വിപണിയിലെ ഉല്‍പ്പാദന വളര്‍ച്ചാനിരക്ക് ഇടിയുന്നത് ഉയര്‍ന്ന ഉല്‍പ്പാദകക്ഷമതയുള്ള മേഖലകളുടെ വികസനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയില്‍ മികവ് കൈവരിക്കാത്തതിനാലാണ് കഴിവുറ്റ തൊഴിലാളികളെ ലഭ്യമാകാത്തത്.

ഉയര്‍ന്ന ശമ്പളം ഉള്ളതിനാല്‍ കൂടുതല്‍ സൗദി പൗരന്‍മാര്‍ സ്വകാര്യ മേഖലയിലേക്ക് പോകുന്നതും ഉല്‍പ്പാദക ക്ഷമതയില്‍ കുറവ് രേഖപ്പെടുത്തുന്നതിനുള്ള കാരണമാകുന്നുണ്ടെന്നും കാപ്പിറ്റല്‍ ഇക്കണോമിക്‌സ്. ഇത്തരം പ്രശ്‌നങ്ങള്‍ കാരണം വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥ വരുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നത്.

ഉല്‍പ്പാദന ക്ഷമതയില്‍ വളരെ ചെറിയ വര്‍ധനവ് മാത്രമാണ് പ്രതീക്ഷിക്കുന്നത്. 0.7 ശതമാനത്തില്‍ നില്‍ക്കുന്ന വാര്‍ഷിക ശരാശരി വരും വര്‍ഷങ്ങളില്‍ 1-1.5 ശതമാനമായി ഉയരുമെന്നാണ് കാപ്പിറ്റല്‍ ഇക്കണോമിക്‌സിന്റെ പ്രവചനം. ജിഡിപി വളര്‍ച്ചയിലും കാര്യമായ മുന്നേറ്റം ഉണ്ടാകില്ല.

Comments

comments

Categories: World