അധികാരവാഞ്ഛയും അധികാര സംക്രമണവും

അധികാരവാഞ്ഛയും  അധികാര സംക്രമണവും

സി കെ ഗുപ്തന്‍

മൗലികമായ പ്രേരണയാണ് അധികാരവാഞ്ഛ. അധികാരം എങ്ങനെ ജനാധിപത്യപരമായി വിനിയോഗിക്കണമെന്ന് ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ലോകമനസാക്ഷിക്ക് മുന്‍പില്‍ കാട്ടിക്കൊടുത്തിട്ടുണ്ട്. അമേരിക്ക ജനാധിപത്യപരമാണെന്ന് പറയാമെങ്കിലും അത് പിന്തുടരുന്നത് മുതലാളിത്ത സംസ്‌കാരത്തെയാണ്. ഒട്ടും ജനാധിപത്യപരമല്ലാതെ നീങ്ങുന്നത് പാക്കിസ്ഥാനും ഗള്‍ഫ് രാജ്യങ്ങളുമാണ്. പല്ലിനു പല്ല്, തലയ്ക്കു തല എന്നാണ് അവിടത്തെ നിയമം. നേരിയ, ഒരു നൂലിട, വ്യത്യാസമേ ഏകാധിപത്യവും ജനാധിപത്യവും തമ്മിലുള്ളൂ.

ഒരിക്കല്‍ നമ്മുടെ രാജ്യവും ആ വഴിക്കുപോയി. പക്ഷേ, പെട്ടെന്ന് സ്വന്തം ട്രാക്കിലേക്ക് വണ്ടി തിരികെയെത്തി. സ്വാതന്ത്ര്യസമരം ബാദര്‍ യുദ്ധം പോലെയാണെന്ന് മാപ്പിള ലഹളയുടെ നേതാക്കള്‍ തെറ്റിദ്ധരിച്ചു. അത് വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിക്കുമാത്രം പറ്റിയ അബദ്ധമല്ല. അതിനു വിലകൊടുത്തത് വാഗണ്‍ ട്രാജഡിയിലെ രക്തസാക്ഷികള്‍ മാത്രവുമായിരുന്നില്ല. മതഗ്രന്ഥങ്ങളെക്കൊണ്ട് ഒരു സാമൂഹ്യഘടന ഉണ്ടാക്കാനാവില്ലെന്ന് അന്ന് പഠിച്ചതാണ്. പഠിക്കാത്തവരും ലോകരാഷ്ട്രങ്ങളില്‍ ഉണ്ട്. ഇറാനും ഇറാക്കും പാക്കിസ്ഥാനും മറ്റും അതാണ് കാണിക്കുന്നത്. മൂഢതകള്‍ തത്വങ്ങളെ നിര്‍വീര്യമാക്കുന്നതാണ് അവിടെയൊക്കെ കാണുന്നത്. ഇന്ത്യയിലെ സ്വാതന്ത്ര്യസമര നേതാക്കള്‍ക്ക് അത് വര്‍ജ്യം തന്നെ ആയിരുന്നു. പക്ഷേ പിന്നീട് ഇവിടത്തെ രാഷ്ട്രീയത്തിലേക്ക് എത്തിയവരോ? അവര്‍ക്കതായിരുന്നു പഥ്യം. അല്ലെങ്കില്‍ അതു മാത്രമേ പഥ്യമായിട്ടുണ്ടായിരുന്നുള്ളൂ. മൂല ഗ്രന്ഥം വായിക്കാതെ തര്‍ജ്ജമ വായിച്ചിട്ടാണ് പലരും ഭീകരവാദികളും തീവ്രവാദികളും ആയതെന്ന് കാണാം.

അധികാര സംക്രമണം പൊതുപ്രശ്‌നമാണ്. നമ്മെ ആരാണ് ഭരിക്കേണ്ടത്? ഇതാണ് പ്രശ്‌നം. ദിവ്യാവകാശം, വംശപാരമ്പര്യം, ബലപ്രയോഗം തുടങ്ങിയവയൊക്കെ അപ്രസക്തമായിരിക്കുന്നു. നിയമസഭ, ലോക്‌സഭ എന്നീ ജനപ്രതിനിധി സഭകളില്‍ മാത്രം ഒതുങ്ങുന്നതാണോ അത്? ഭരണം അല്ലെങ്കില്‍ മരണം അങ്ങനേയും വ്യാഖ്യാനിക്കാം. ഇവിടെ മാനസികമായ ആസുര ശക്തികള്‍ പലപ്പോഴും നമ്മെ നാമല്ലാതാക്കുന്നു. ഭൂരിപക്ഷം നഷ്ടപ്പെടുമ്പോഴും ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കുമ്പോഴും ജനാധിപത്യാവകാശങ്ങള്‍ നഷ്ടപ്പെടാം എന്നതിന് ഇവിടെത്തന്നെ ഉദാഹരണങ്ങളുണ്ട്. റോഡില്‍, അല്ലെങ്കില്‍ ഭരണസിരാകേന്ദ്രങ്ങളില്‍, അല്ലെങ്കില്‍ സാഹിത്യ അക്കാദമികള്‍, ലളിതകലാ അക്കാദമികള്‍ എന്നിവിടങ്ങളിലൊക്കെ പരശുരാമന്മാരെയും കുരിശുരാമന്മാരെയും തരിശുരാമന്മാരെയും കഴിഞ്ഞ മന്ത്രിസഭാക്കാലത്ത് നാം കണ്ടുമുട്ടിയിരുന്നു. അപ്പോഴൊക്കെ ഒന്നിലും ഇടപെടാതിരിക്കുകയെന്ന വിവേകബുദ്ധി നാം കാണിച്ചു. ‘യഥാ രാജ തഥാ പ്രജ ‘ എന്ന ചൊല്ല് അന്നും ഇന്നും പ്രസക്തമാണ്. ഇന്ന് ‘വേലി വിളവുതിന്നാ’റില്ല. ഉഗ്രകാമം പാമ്പായി നഹുഷനെ ദംശിച്ചത് പുരാണത്തില്‍ മാത്രമല്ല നമുക്ക് കാണാനാവുക. ഇപ്പോഴും അറിയാം; അറിയിക്കാം. ഒരുവിധത്തില്‍ അധികാര സംക്രമണം കുടമാറ്റമാണ്. ഭരിക്കുന്ന ആള്‍ മുന്‍പില്‍ നില്‍ക്കണം. അതാണ് ഇവിടെ നടക്കുന്നത്. കൂട്ടുത്തരവാദിത്തം മാത്രമല്ല ഭരിക്കുന്ന മറ്റു മന്ത്രിമാരുടെ തെറ്റുകുറ്റങ്ങള്‍ തന്നെക്കൂടി ബാധിക്കുമെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് അറിയാം.

അതുകൊണ്ടുതന്നെയാണ് തന്റെയൊപ്പം സത്യപ്രതിജ്ഞ ചെയ്ത രണ്ടുപേരെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. രാജിക്കത്ത് പോക്കറ്റില്‍ ഇട്ടുകൊണ്ട് മാസങ്ങളോളം നടക്കുകയും പിന്നീട് അത് കീറിക്കളയുകയും ചെയ്യാമെന്നും നമ്മെ ഒരാള്‍ കാണിച്ചുതന്നു. അതും ഒരു ശൈലിയാണ്. സുരക്ഷിതമായ ഒരിടത്തു നിന്നു കല്‍പ്പന പുറപ്പെടുവിക്കാനല്ല താന്‍ ശീലിച്ചിട്ടുള്ളതെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി പൊതുസമൂഹത്തെ കാണിച്ചു തന്നു. അത് മറ്റൊരു ശൈലി. സ്യാലഭാരത്തിന്റെ ഭീകരത നാം അനുഭവിച്ചിട്ടുള്ളത് കോണ്‍ഗ്രസ് ഭരണത്തിലാണ്; കേന്ദ്രത്തിലായാലും കേരളത്തിലായാലും. രാജഹിതമല്ല പ്രജാഹിതം കാരണമാണ് സീത പരിത്യക്തയായത്. ശ്രീരാമന്റെ മകനെ രാജ്യഭാരം ഏല്‍പ്പിക്കാന്‍ അദ്ദേഹം തയാറായില്ല. പ്രജാഹിതം നോക്കണം. ഇന്ത്യക്കു പുറത്തുള്ള ഹോട്ടലില്‍ ഭക്ഷണം വിളമ്പിയിരുന്ന സ്ത്രീക്ക് കിരീടാവകാശിയാകാനായില്ലെങ്കിലും ഭരണം നിയന്ത്രിക്കാനാവുമെന്നും കഴിഞ്ഞ 10 വര്‍ഷക്കാലത്ത് നമ്മളില്‍ ചിലര്‍ കാണിച്ചുകൊടുത്തു. സീതയുടെ മക്കള്‍ക്ക് രാജത്വം സിദ്ധമായത് പ്രജകളുടെ ഇച്ഛകൊണ്ടാണ്. കമ്പരാമായണക്കേസില്‍ ഒരു മുസ്ലീം ജഡ്ജി ശ്രീരാമന്‍ കുറ്റക്കാരനല്ലെന്ന് വിധിച്ചു. ഇവിടെയല്ല ചെന്നൈയില്‍.

നമ്മുടെ പൗരുഷം ഒരിക്കല്‍ ഭൂതത്താന്‍മാര്‍ കുളത്തില്‍ വലിച്ചെറിഞ്ഞു. അതൊരു പൊന്‍ കൊടിമരമായിരുന്നു. ഏറെ ആഴമുള്ള കുളത്തില്‍ അത് തെളിയുന്നുവോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വര്‍ഗ്ഗചിത്തത്തില്‍ മറഞ്ഞുകിടക്കുന്ന ആ പൊന്‍ കൊടിമരമാണ് പൗരുഷം. ചിലപ്പോള്‍ മായും മറ്റു ചിലപ്പോള്‍ തെളിയും. അകത്തുനിന്ന് ഇത് പുറത്തെടുക്കാനായാല്‍ സംശയമില്ല അത് പൂക്കളമായി മാറും. പൂവട്ടി നമ്മുടെ മനസാണ്. തേച്ചു അരംവന്ന കത്തി കൊണ്ടും മിനുക്കിയ പല്ലു കൊണ്ടും ആളെക്കൊല്ലാം എന്നാണല്ലോ കൊലച്ചിരിയുടെ സ്വാരസ്യം. ക്രോധത്തെ സംസ്‌കരിച്ചു വിമലീകരിച്ചെടുക്കുമ്പോഴാണ് അത് സൗന്ദര്യമാവുന്നത്. സുവര്‍ണ്ണമായിരുന്നത് നമുക്കൊരിക്കല്‍ ശ്രാവണമായിരുന്നു. ക്രൂരമായ നിര്‍മ്മലത സ്വാംശീകരിക്കേണ്ട സിദ്ധിവിശേഷമാണ്. നമ്മള്‍ ഒരു നടുക്കണ്ടത്തിലാണ്. ജീവിതവും മരണവും എന്ന നടുക്കണ്ടത്തില്‍. വിശ്വാസത്തിന്റേതായ പഴയ കാലത്തില്‍ നിന്ന് അവിശ്വാസത്തിന്റെ പുതിയ കാലത്തില്‍ എത്തിനില്‍ക്കുകയാണ് നാം. അതുകൊണ്ടുതന്നെയാണ് അധികാരത്തിലെത്താന്‍ പണ്ട് ഉപയോഗിച്ചിരുന്ന ആയുധമായി കുതികാല്‍വെട്ട് മാറിയത്.

സഹോദര കലഹമായിരുന്നു അധികാരശ്രേണി വലിച്ചു മാറ്റിയത് പലപ്പോഴും. സഹോദരര്‍ എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയ കാലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് എന്നും പറയാം. അതുകൊണ്ടാണല്ലോ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായതും സുഭാഷ്ചന്ദ്രബോസ് അപ്രത്യക്ഷമായതും. മഹാത്മ ഗാന്ധിയുടെ പ്രതിനിധിയായ പട്ടാഭിസീതാരാമയ്യക്ക് എ ഐ സി സി യില്‍ തോല്‍ക്കേണ്ടിവന്നതും. സുഗ്രീവനും വിഭീഷണനും രാജാവാകാന്‍ മോഹമുണ്ടായിരുന്നുവെന്ന് പുരാണം പറയുന്നു. പഞ്ചശീലം നമ്മുടെ ശീലമായിരുന്നപ്പോഴാണല്ലോ ചൈനയും ഇന്ത്യയും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായത്. എന്തായാലും ‘ അഹം ബ്രഹ്മാസ്മി ‘ എന്നു പറയുന്നപോലെ ‘ അഹം രാഷ്ട്രമസ്മി’ എന്ന് പറയാനാവില്ലല്ലോ. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പ്രതിപക്ഷപാര്‍ട്ടികളുടെ മുന്നണിയുണ്ടാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഭരണകക്ഷി സമവായത്തിനായി പ്രതിപക്ഷ നേതാക്കളെ കണ്ടു; സംസാരിച്ചു. കൂട്ടത്തില്‍ എ കെ ജി ഭവനില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി എത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായപ്പോഴും പാര്‍ട്ടി ഓഫീസ് ആക്രമിച്ചപ്പോഴും അന്വേഷിക്കാതിരുന്നവരാണ് അവിടെ സന്ദര്‍ശനം നടത്തിയത്. ആക്രമിച്ചവരെ വെറുതെ വിടാനുള്ള വകുപ്പുകള്‍ തേടി അലഞ്ഞവരായിരുന്നു അക്കൂട്ടര്‍. ഇതാണ് കാവ്യനീതി.

സി കേശവനും കുമ്പളത്ത് ശങ്കുപ്പിള്ളയും ഒരുകാലത്ത് കോണ്‍ഗ്രസ്- കമ്യൂണിസ്റ്റ് ഐക്യത്തിന് ശ്രമിച്ചു. എന്നാലതു നടന്നില്ല. കോണ്‍ഗ്രസുകാരുടെ പിടിവാശിയായിരുന്നു കാരണം. ചരിത്രം പിന്നേയും ആവര്‍ത്തിച്ചു. 1980 ല്‍ അങ്ങനെ ഒരു ഐക്യം ഉണ്ടായി. അതു പൊളിച്ചത് എ കെ ആന്റണിയാണ്. ഇമ്മാതിരി ദുഷ്ടമനസുള്ളവരുമായി ചങ്ങാത്തം കൂടുകയെന്നാല്‍ പാമ്പിന് പാലു കൊടുക്കുന്നതുപോലെയാണ്. ഇതറിയാത്തവരല്ല ഇടതുപക്ഷ പാര്‍ട്ടികള്‍. വര്‍ത്തമാനം എന്ന സങ്കല്‍പ്പ ബിന്ദുവില്‍ നിന്നു സ്മൃതികളെ ദീപിപ്പിച്ചുകൊണ്ട് പിന്നിലേക്കും സ്വപ്‌നങ്ങളെ ജ്വലിപ്പിച്ചുകൊണ്ട് മുന്നിലേക്കും പറന്നുപോകുന്ന സന്മുഗ്ധ ഭാവനയാവാതിരിക്കട്ടെ ഇതൊക്കെ.

 

Comments

comments

Categories: FK Special
Tags: Politics