വീണ്ടും ‘പ്രകാശം’ പരത്താന്‍ ജോതിഷ് കുമാര്‍

വീണ്ടും ‘പ്രകാശം’ പരത്താന്‍ ജോതിഷ് കുമാര്‍

ഹാവല്‍സ് ഇന്ത്യയിലൂടെ ബിസിനസില്‍ മായാജാലം തീര്‍ത്ത ജോതിഷ് കുമാറിന്റെ പുതിയ ദൗത്യം ലൂക്കര്‍ ഇന്ത്യയെ എല്‍ഇഡി വിപണിയിലെ അതികായരാക്കുകയാണ്. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ചിറകിലേറി മാനംമുട്ടെ ഉയര്‍ന്ന നിരവധി വ്യക്തികളുടെ ജീവിതകഥകള്‍ നമുക്ക് സുപരിചിതമാണ്. ആ നിരയില്‍ തലയെടുപ്പോടെ നില്‍ക്കും ലൂക്കര്‍ എല്‍ഇഡി മാനേജിംഗ് ഡയറക്റ്റര്‍ ജോതിഷ് കുമാറും. ഒരു സുപ്രഭാതത്തില്‍ പൊട്ടിവിരിഞ്ഞ സൗഭാഗ്യങ്ങളല്ല ജോതിഷിന്റേത് വളരെ കാലത്തെ കഠിനാധ്വാനത്താല്‍ പടുത്തുയര്‍ത്തിയ വിജയകഥയാണിത്…

ജനങ്ങള്‍ക്ക് ഊര്‍ജ്ജ ക്ഷമതാ ബോധം കൈവന്നതോടെ എല്‍ഇഡി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെ നിറസാന്നിധ്യമായി മാറി. ലോകം മുഴുവന്‍ ഊര്‍ജ്ജ സംരക്ഷണമെന്ന വലിയ ദൗത്യത്തിന് പ്രാധാന്യം കൊടുത്തപ്പോള്‍, അതില്‍ നിന്നും ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യാന്‍ സാധിച്ചത് എല്‍ഇഡി ഉല്‍പ്പന്നങ്ങള്‍ക്കാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായേക്കില്ല. എല്‍ഇഡി വിപണിയില്‍ വിവിധ ബ്രാന്‍ഡുകള്‍ തമ്മില്‍ മത്സരം ശക്തമാണിന്ന്. രാജ്യത്തെ മുന്‍നിര ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍ മുതല്‍ ചൈനയില്‍ നിന്നും വരുന്ന നിലവാരം കുറഞ്ഞ ബ്രാന്‍ഡുകള്‍ വരെ വിപണി വിഹിതത്തിനായി തന്ത്രങ്ങള്‍ മെനയുകയാണ്. ഈ മത്സരത്തില്‍ തങ്ങളുടെ വ്യതിരികത്മായ സവിശേഷതകള്‍ക്കൊണ്ട് നിറസാന്നിധ്യമാവുകയാണ് ലൂക്കര്‍ എല്‍ഇഡി.

ആഗോള തലത്തില്‍ എല്‍ഇഡി ഉല്‍പ്പന്ന വിപണിയിലെ മുന്‍നിര ബ്രാന്‍ഡാണ് ലൂക്കര്‍. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യ പോലുള്ള ഒരു വികസ്വര വിപണിയിലേക്ക് കടന്നപ്പോള്‍ മുന്നിലുണ്ടായിരുന്നത് വലിയ അവസരവും അതിനെ വെല്ലുന്ന വെല്ലുവിളികളുമായിരുന്നു. കാര്യക്ഷമതയോടെ ഈ ദൗത്യം നിറവേറ്റുന്നതിന് ഏറ്റവും പ്രാപ്തനായ വ്യക്തിയിലേക്കാണ് അവര്‍ ചെന്നെത്തിയതും, ജോതിഷ് കുമാര്‍. ഹാവെല്‍സ് ഇന്ത്യയുടെ വിജയഗാഥയിലൂടെ മലയാളിക്ക് സുപരിചിതമാണ് ഈ പേര്.

2014-ലാണ് ജോതിഷിന്റെ നേതൃത്വത്തില്‍ ലൂക്കര്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. എല്‍ഇഡി വ്യവസായ രംഗത്ത് വളരെയഅധികം പ്രാവീണ്യം നേടിയിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് തുടക്കം ഗംഭീരമാക്കാന്‍ ലൂക്കറിനെ സഹായിച്ചു.

കേരളം പോലൊരു കൊച്ചു സംസ്ഥാനത്ത് പോലും 20 കോടി രൂപയ്ക്ക് മുകളിലുള്ള എല്‍ഇഡി ഉല്‍പ്പന്നങ്ങളാണ് വിറ്റഴിയുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇതിലെ പ്രധാന വിഹിതം നേടിയെടുക്കാന്‍ ലൂക്കറിന് സാധിച്ചുവെന്ന് ജോതിഷ് പറയുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന ജോതിഷിന്റെ ബിസിനസ് ശൈലിയാണ് ലൂക്കറിന്റെ വിജയത്തിന് അടിത്തറയേകിയെന്നതിന് കമ്പനിയുടെ നേതൃത്വത്തിനും സംശയമേതുമില്ല. ഇത്തരത്തിലൊരു വിജയത്തിലേക്ക് കമ്പനിയെ നയിച്ച ജോതിഷ് കുമാറിന് ഒരു പ്രചോദനാത്മകമായ കഥ പറയാനുണ്ട്…വിജയങ്ങള്‍ വെട്ടിപ്പിടിക്കാന്‍ കഠിനാധ്വാനമാണ് ഏറ്റവും മികച്ച വഴിയെന്ന് നമ്മെ ഓര്‍മപ്പെടുത്തുന്ന കരിയറാണ് അദ്ദേഹത്തിന്റേത്.

എളിയ തുടക്കം

ഒരു സാധാരണ മലയാളി കുടുംബത്തില്‍ അഞ്ചാമത്തെ പുത്രനായിട്ടായിരുന്നു ജോതിഷിന്റെ ജനനം. അച്ഛന്‍ ക്ലര്‍ക്ക് ആയിരുന്നു, അമ്മ ജോതിഷ് വിദ്യാഭ്യാസ ജീവിതം ആരംഭിച്ച തിരുവനന്തപുരം ചാല എല്‍പി സ്‌കൂളിലെ അധ്യാപികയും. ഏറെ കഷ്ടപ്പാടും ദുരിതങ്ങളും നിറഞ്ഞതായിരുന്നു ബാല്യമെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഇന്ന് കുട്ടികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളുടെ ഒരു ശതമാനം പോലും തന്റെ ബാല്യത്തില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ അതില്‍ പരാതികള്‍ ഉണ്ടായിരുന്നില്ല. എല്ലാ സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ടായിരുന്നു-ജോതിഷ് പറയുന്നു. തനിക്കും സഹോദരങ്ങള്‍ക്കും പഠിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ക്ക് ഒരു വിധത്തിലുള്ള കുറവും മാതാപിതാക്കള്‍ വരുത്തിയിരുന്നില്ലെന്നും ജോതിഷ്. പഠനത്തില്‍ ചെറുപ്പം മുതല്‍ മികച്ച പ്രകടനമായിരുന്നു ജോതിഷിന്റേത്, എല്‍പി സ്‌കൂളില്‍ എല്ലാ കൊല്ലവും ഒന്നാം സ്ഥാനം. അതുകൊണ്ടുതന്നെ അഞ്ചാം തരത്തില്‍ മികച്ച സ്‌കൂളിലായിരുന്നു ജോതിഷിനെ വിദ്യാഭ്യാസത്തിനായി അയച്ചത്. അവിടെയും ജോതിഷ് തിളങ്ങി, പത്താം തരത്തില്‍ സ്‌കൂളിലെ മികച്ച കുട്ടികളുടെ പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു ഇദ്ദേഹം.

പ്രീഡിഗ്രിക്ക് ശേഷം എന്‍ജിനീയറിംഗിന് പോകണം എന്നായിരുന്നു ജോതിഷിന്റെ തീരുമാനം. എന്നാല്‍ അപ്പോഴാണ് എന്‍ട്രന്‍സ് പരീക്ഷയുടെ കടന്നുവരവ്. പുതുതായി വന്ന സംവിധാനത്തോടുള്ള പരിചയകുറവ് മൂലം ആദ്യത്തെ ശ്രമത്തില്‍ ജോതിഷ് തോറ്റു. എന്നാല്‍ അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നടത്തിയ അടുത്ത ശ്രമത്തില്‍ ആ മിടുക്കന്‍ വിജയിക്കുക തന്നെ ചെയ്തു. എന്‍ജിനീയറിംഗിന് ചേര്‍ന്ന ജോതിഷ് പഠന ചെലവ് കണ്ടെത്തിയത് 10-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വീടുകളില്‍ പോയി ട്യൂഷന്‍ എടുത്തായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹത്തിന് യൗവന കാലഘട്ടം മുതല്‍ക്കേ നല്ല ബോധ്യമുണ്ടായിരുന്നു.

ആദ്യ ജോലിയും വഴിത്തിരിവും

എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന് ശേഷം തുടര്‍ന്ന് പഠിക്കണം എന്നുള്ള ആഗ്രഹം മനസിലുണ്ടായിരുന്നെങ്കിലും കുടുംബത്തിന് ബാധ്യതയാകുമോ എന്ന് ഭയന്ന് ജോലി തേടുക ആയിരുന്നു ജോതിഷ്. തൊഴിലന്വേഷിച്ച് എത്തിയതാകട്ടെ മദ്രാസിലും. ജോലി കിട്ടുന്നത് അത്ര എളുപ്പമായിരുന്നില്ല, നാല് മാസമെടുത്തു ഒരു അവസരം ലഭിക്കാന്‍. പല സ്ഥാപനങ്ങളിലും വിദ്യാഭ്യാസ യോഗ്യതകള്‍ അധികമാണ് എന്നുള്ള കാരണത്താല്‍ ജോലി ലഭിച്ചില്ലെന്ന് ജോതിഷ് ഓര്‍ക്കുന്നു.

1988 ജൂലൈ മാസത്തിലാണ് എംഡിഎസ് സ്വിച്ച് ഗിയര്‍ എന്ന സ്ഥാപനത്തില്‍ അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സെയ്ല്‍സ് എന്‍ജിനീയര്‍ എന്ന തസ്തികയിലായിരുന്നു നിയമനം. ജോലിക്കൊപ്പം ബെംഗളൂരുവിലുള്ള ക്‌സൈമി(സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ്)ല്‍ നിന്നും മാനേജ്‌മെന്റ് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പഠനത്തിലേതുപോലെ തന്നെ കരിയറിലും ജോതിഷ് തിളങ്ങി. തുടര്‍ന്നങ്ങോട്ട് വളര്‍ച്ചയുടെ നാളുകളായിരുന്നു ജോതിഷിന്.

ആറു വര്‍ഷത്തെ കമ്പനിയിലെ പ്രവര്‍ത്തനങ്ങള്‍ സെയ്ല്‍സ് മാനേജര്‍ എന്ന തലത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു. ഇലക്ട്രോണിക്ക് രംഗത്ത് നിലയുറപ്പിച്ചുകൊണ്ട് മുന്നേറ്റം നടത്താമെന്ന തീരുമാനം ജോതിഷിന്റെ ജീവിതത്തില്‍ നിര്‍ണാകമായി. പ്രവര്‍ത്തനമികവിന്റെ അംഗീകാരമായി അദ്ദേഹത്തെ തേടി നിരവധി അവസരങ്ങളും എത്തി. തേടി വരുന്ന അവസരങ്ങള്‍ ഒരിക്കലും പാഴാക്കരുത് എന്ന പക്ഷക്കാരനാണ് ജോതിഷ്, അതുതന്നെയാണ് തന്റെ വിജയിത്തിന് അടിസ്ഥാനമെന്നും അദ്ദേഹം.

എംഡിഎസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഫിനോലക്‌സ് കേബിള്‍സ്, ഹാവല്‍സ് എന്നീ സ്ഥാപനങ്ങളിലും ജോതിഷ് സേവനം അനുഷ്ഠിച്ചു. ഹാവല്‍സ് ഇന്ത്യയുടെ കേരള റീജണ്‍ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു ജോതിഷ്. കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയാണ് അദ്ദേഹം പടിയിറങ്ങിയത്.

‘ദി ടേണ്‍ എറൗണ്ട് മാന്‍’

യൂറോപ്പിലുള്ള ഒരു ഇലക്ട്രോണിക്ക് കമ്പനിയെ ഹാവല്‍സ് ഏറ്റെടുത്തത് ഈ കാലഘട്ടത്തിലാണ്. പ്രവര്‍ത്തന മികവിനുള്ള അംഗീകാരമെന്നോണം ജോതിഷിനെ യൂറോപ്യന്‍ ബിസിസിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ത്തി. 35-ഓളം രാജ്യങ്ങളിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജോതിഷ് നേതൃത്വം കൊടുത്തത്. ഒരു മലയാളി ഇത്ര വലിയ നേട്ടത്തിലേക്ക് എത്തിയത് അക്കാലത്ത് വലിയ വാര്‍ത്തയായി മാറുകയും ചെയ്തു.

2001-ലാണ് ജോതിഷ് ഹാവല്‍സില്‍ ചേര്‍ന്നത്. അപ്പോള്‍ കേരള റീജണ്‍ ഉണ്ടാക്കിയിരുന്ന പ്രതിമാസ വിറ്റുവരവ് 25 ലക്ഷം രൂപയായിരുന്നു. 2014ല്‍ ജോതിഷ് ഹാവല്‍സിനോട് വിടപറയുന്ന വേളയില്‍ കമ്പനിയുടെ പ്രതിമാസ വിറ്റുവരവ് 27 കോടി രൂപയായി കുതിച്ചു. ഈ കണക്ക് മാത്രം മതി ജോതിഷിന്റെ ട്രാക്ക് റെക്കോഡിന്റെ മേന്മ മനസിലാക്കാന്‍.

പുതുചുവടുവെപ്പ്

പല സ്ഥാപനങ്ങളുടേയും ഉന്നതപദവികള്‍ അലങ്കരിച്ചിരുന്നപ്പോഴും അതിലും വലുത് എന്തോ നേടണം എന്നുള്ള തീക്ഷ്ണമായ ആഗ്രഹം ജോതിഷിന്റെ മനസിലുണ്ടായിരുന്നു. ഈ ആഗ്രഹമാണ് അദ്ദേഹത്തെ ലൂക്കര്‍ എല്‍ഇഡിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലേക്ക് എത്തിച്ചത്. എല്‍ഇഡി രംഗത്തെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നായ ലൂക്കര്‍ അമേരിക്ക കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. യൂറോപ്പില്‍ ഹാവല്‍സിനുവേണ്ടി ജോലിചെയ്തിരുന്ന സമയത്താണ് ജോതിഷ് ലൂക്കറുമായി അടുത്ത് ഇടപെട്ടു തുടങ്ങിയത്. ഹാവല്‍സില്‍ നിന്നും ജോലി രാജി വച്ചതിനുശേഷം 2014-ല്‍ ലൂക്കറുമായി ജോതിഷ് ധാരണയിലെത്തി, തുടര്‍ന്നാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനമെടുക്കുന്നത്.

ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ടുള്ള ലൂക്കറിന്റെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് കോയമ്പത്തൂരിലുള്ള ഫാക്റ്ററിയിലാണ്. പ്രവര്‍ത്തനം ആരംഭിച്ച് വളരെ ചുരുങ്ങിയകാലങ്ങള്‍ക്കുള്ളില്‍ തന്നെ ജോതിഷ് കുമാര്‍ കേരളത്തിലെ മുന്‍നിര എല്‍ഇഡി ബ്രാന്‍ഡാക്കി മാറ്റി ലൂക്കറിനെ മാറ്റി.

എല്‍ഇഡി ബിസിനസ് എനിക്ക് ശക്തിയുള്ള മേഖലയാണ്, വര്‍ഷങ്ങളായി ഞാന്‍ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം വഹിച്ചുവരുന്നത്. അതിനാല്‍ തന്നെ ഏത് ഉല്‍പ്പന്നമാണ് മികച്ചതെന്നും ജനങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്നും എനിക്ക് മനസിലാകും. ലൂക്കര്‍ പോലുള്ള ഒരു അന്താരാഷ്ട്ര സ്ഥാപനത്തെ ഇന്ത്യയിലേക്ക് എത്തിക്കുന്നതില്‍ എനിക്ക് പിന്തുണയായി ഉണ്ടായിരുന്നത് ഈ മുന്‍പരിചയമാണ്-ആത്മവിശ്വാസത്തോടെ ജോതിഷ് കുമാര്‍ പറയുന്നു.

ഇന്ന് കേരളത്തിന്റെ എല്ലാ ജില്ലകളിലുമുള്ള പ്രമുഖ ഇലക്ട്രോണിക് വ്യാപാരികളള്‍ ലൂക്കര്‍ എല്‍ഇഡിയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കേരളത്തില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ ബിസിനസാണ് എല്‍ഇഡി ബ്രാന്‍ഡുകള്‍ നടത്തുന്നത്.

പ്രതിമാസം 9.5 കോടിരൂപയുടെ ബിസിനസ് വരെ ലൂക്കര്‍ നടത്തി വരുന്നുണ്ടെന്നാണ് ജോതിഷ് പറയുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തിന്റെ ബിസിനസ് ഇന്ന് ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ നാലു സംസ്ഥാനങ്ങളിലേക്ക് സാന്നിധ്യം ശക്തമാക്കാനാണ് ഇപ്പോള്‍ ജോതിഷ് ശ്രമിക്കുന്നത്. ഈ നാലു സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുംബൈയിലും ലൂക്കറിന്റെ ഓഫീസ് ആരംഭിച്ചിട്ടുണ്ട്.

ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ലൂക്കര്‍ ഇന്ന് ലോകത്തില്‍ മികച്ച നിലവാരം പുലര്‍ത്തി വരുന്ന ബ്രാന്‍ഡാണെന്ന് ജോതിഷ് സാക്ഷ്യപ്പെടുത്തുന്നു. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും ഈടുനില്‍പ്പും വളരെ മികച്ചതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ബിസിനസ് എന്നത് സ്വന്തം ലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ട് ചെയ്യേണ്ട ഒന്നല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന വ്യക്തിയാണ് ജ്യോതിഷ് കുമാര്‍. ഒരു സംരംഭവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ തരത്തിലുള്ള വ്യക്തികള്‍ക്കും ഉപഭോക്താക്കള്‍ക്കും ലാഭവും സന്തോഷവും നേടികൊടുക്കുന്നതായിരിക്കണം ബിസിനസിന്റെ പ്രത്യയശാസ്ത്രം എന്നാണ് ജോതിഷ് ഉറച്ച് വിശ്വസിക്കുന്നത്. ബിസിനസ് എന്നത് ഒരു ടീം വര്‍ക്കാണ് എല്ലാവരും ഒരേ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സ്ഥാപനം വിജയത്തിലേക്ക് എത്തുകയുള്ളു-ജോതിഷ് നയം വ്യക്തമാക്കുന്നു.

Comments

comments

Categories: FK Special, Motivation, Slider