എയര്‍ ഇന്ത്യ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇന്‍ഡിഗോ

എയര്‍ ഇന്ത്യ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇന്‍ഡിഗോ

വിറ്റഴിക്കലിന് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗം അനുമതി നല്‍കി

ന്യൂഡെല്‍ഹി: വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പൊതുമേഖലയിലുള്ള എയര്‍ ഇന്ത്യ വാങ്ങുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ഇതു സംബന്ധിച്ച് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗധരി റിപ്പോര്‍ട്ടര്‍മാരോട് വ്യക്തമാക്കി. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് എയര്‍ ഇന്ത്യയുടെ വിറ്റഴിക്കലിന് അനുമതി നല്‍കിയത്.

നിതി ആയോഗാണ് എയര്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായും വിറ്റഴിക്കുന്നതിന് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായും വിറ്റഴിച്ച ബ്രിട്ടീഷ് എയര്‍വേയ്‌സ്, ജപ്പാന്‍ എയര്‍ലൈന്‍സ്, ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍സ് എന്നിവയുടെ മാതൃകകള്‍ പരിശോധിച്ച ശേഷമാണ് നിതി ആയോഗ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് എയര്‍ ഇന്ത്യയെ വിറ്റൊഴിയുന്നതിന് സര്‍ക്കാര്‍ തയാറാകുന്നത്. 16,000 കോടി രൂപയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം എയര്‍ ഇന്ത്യയുടെ വികസനത്തിനായി നീക്കിവെച്ചത്. എയര്‍ ഇന്ത്യയുടെ 22,000 കോടി രൂപയുടെ കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും നിതി ആയോഗ് നിര്‍ദേശിച്ചിട്ടുണ്ട്.

സിവില്‍ ഏവിയേഷന്‍ ഡാറ്റ അനുസരിച്ച് എയര്‍ ഇന്ത്യയാണ് ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള ഏറ്റവുമധികം യാത്രക്കാരെ വഹിക്കുന്ന വിമാനക്കമ്പനി. 118 എയര്‍ക്രാഫ്റ്റുകളാണ് എയര്‍ ഇന്ത്യക്കുള്ളത്. ന്യൂയോര്‍ക്ക്, ചിക്കാഗോ, ലണ്ടന്‍ തുടങ്ങി ആഗോളതലത്തില്‍ നിരവധി വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് പാര്‍ക്കിംഗ് സ്ലോട്ടുകളുണ്ട്. നേരത്തേ ടാറ്റാ ഗ്രൂപ്പും എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Comments

comments