ആഗോളവില ഇടിഞ്ഞു ; ഇന്ത്യ കൂടുതല്‍ പഞ്ചസാര ഇറക്കുമതി ചെയ്യും

ആഗോളവില ഇടിഞ്ഞു ; ഇന്ത്യ കൂടുതല്‍ പഞ്ചസാര ഇറക്കുമതി ചെയ്യും

പ്രാദേശിക പഞ്ചസാരയുടെ ചരക്കുനീക്കവുമായുള്ള താരതമ്യത്തില്‍ ഇറക്കുമതിക്ക് 8% ചെലവ് കുറവ്

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര നിരക്കില്‍ ഇടിവ് വന്നതിന്റെയും രൂപ ശക്തിയാര്‍ജിച്ചതിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള പഞ്ചസാര ഇറക്കുമതി വര്‍ധിക്കുമെന്ന് വിലയിരുത്തല്‍. പഞ്ചസാര ഉപഭോഗത്തില്‍ ലോകത്തിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉയര്‍ന്ന ഇറക്കുമതി ചുങ്കം ചുമത്തുന്നുണ്ടെങ്കിലും വിലക്കുറവിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ സാധ്യമാണെന്നാണ് പഞ്ചസാര വ്യാപാരികള്‍ വിലയിരുത്തുന്നത്.
16 മാസക്കാലത്തിനിടിയലെ ഏറ്റവും താഴ്ന്ന ആഗോള വിലയാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് ഇപ്പോള്‍ അനുകൂലമാകുുന്നത്. എന്നിരുന്നാലും ഇന്ത്യയിലുല്‍പ്പാദിപ്പിക്കുന്ന പഞ്ചസാരയുടെ വിലയില്‍ ഇത് സമ്മര്‍ദം ചെലുത്തുമെന്നും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കര്‍ഷകര്‍ക്ക് വില നല്‍കുന്ന മില്ലുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

40 ശതമാനം ഇറക്കുമതി നികുതി ഉള്‍പ്പെടെ ഒരു ടണ്‍ അസംസ്‌കൃത പഞ്ചസാര വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നതിന് നിലവില്‍ ഏകദേശം 32,000 രൂപ ചെലവാകുമെന്നാണ് ഡീലര്‍മാര്‍ കണക്കാക്കുന്നത്. ഇത് പ്രാദേശിക പഞ്ചസാരയുടെ ചരക്ക്‌നീക്കവുമായി തട്ടിച്ച് നോക്കുമ്പോള്‍ 8 ശതമാനം കുറവാണ്. ഇന്ത്യന്‍ രൂപ ശക്തിയാര്‍ജിച്ചതാണ് ഇറക്കുമതിക്ക് പ്രേരണയാകുന്ന മറ്റൊരു ഘടകം. ഈ വര്‍ഷം രൂപയുടെ മൂല്യം 5 ശതമാനം വരെയാണ് ഉയര്‍ന്നത്. പ്രാദേശിക ഉല്‍പ്പാദനം ഗണ്യമായി ഇടിഞ്ഞതിനെ തുടര്‍ന്ന് നികുതി ഒഴിവാക്കി 500,000 ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യുന്നതിന് ഏപ്രിലില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ഒക്‌റ്റോബര്‍ മുതല്‍ ആരംഭിക്കുന്ന അടുത്ത പഞ്ചസാര സീസണില്‍ പഞ്ചസാര മില്ലുകള്‍ കരിമ്പു കര്‍ഷകര്‍ക്ക് നല്‍കേണ്ട നിരക്കില്‍ 11 ശതമാനം വര്‍ധനയാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന വിലയില്‍ പഞ്ചസാര വില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ ഈ വില നല്‍കാന്‍ കഴിയില്ലെന്നാണ് മില്ലുടമകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2017-18 സീസണില്‍ ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനം 25 മില്യണ്‍ ടണ്‍ ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy, World