ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു

ഭൂസ്ഥിര ഭ്രമണപഥത്തില്‍ (ജിടിഒ) ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങളുടെ എണ്ണം 17 ആയി

ബെംഗളുരു: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറോ സ്‌പേസ് പോര്‍ട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് വിക്ഷേപണം നടത്തിയത്. 3477 കിലോഗ്രാം ഭാരമുള്ളതാണ് ജി സാറ്റ് 17 ഉപഗ്രഹം. വിവിധ തരത്തിലുള്ള വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി സി ബാന്‍ഡ്, എസ് ബാന്‍ഡ് എന്നിവ ജി സാറ്റ് 17 നില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാലാവസ്ഥാ വിവരങ്ങളുടെ ശേഖരണം, തിരയല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ഉപഗ്രഹം നല്‍കും. കൗറോയിലെ ഏരിയന്‍ ലോഞ്ച് കോംപ്ലക്‌സ് നമ്പര്‍ 2വില്‍ നിന്നുമാണ് യൂറോപ്പിന്റെ ഉപഗ്രഹ വിക്ഷേപണ വാഹനമായ അരീന സ്‌പേസ് ഫ്‌ളൈറ്റ് വിഎ 238ലേറി ജിസാറ്റ് 17 കുതിച്ചുയര്‍ന്നത്. സൗത്ത് അമേരിക്കന്‍ തീരത്തെ ഫ്രഞ്ച് ടെറിട്ടറിയിലാണ് കൗറോ സ്ഥിതി ചെയ്യുന്നത്.

ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചുവെന്ന് ഐഎസ്ആര്‍ഒ ആസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉപഗ്രത്തിന്റെ വിക്ഷേപണ വിജയത്തോടെ ഭൂസ്ഥിര ഭ്രമണപഥത്തില്‍ (ജിടിഒ) ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങളുടെ എണ്ണം 17 ആയി. ഈ മാസം ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ് 17. മറ്റ് രണ്ട് ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപിച്ചത്. ജിഎസ്എല്‍വി മാര്‍ക് 3 ജൂണ്‍ 5ന് ജിസാറ്റ്-19 സാറ്റലൈറ്റിലാണ് വിക്ഷേപിച്ചത്. ജൂണ്‍ 23ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് കാര്‍ട്ടോസാറ്റ് ശ്രേണിയിലേതടക്കമുള്ള 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 38 കുതിച്ചുയര്‍ന്നത്.

തങ്ങളുടെ ഭാരമേറിയ റോക്കറ്റുകള്‍ വഹിക്കുന്നതിനാണ് ഐഎസ്ആര്‍ഒ ഏരിയന്‍ 5 റോക്കറ്റിനെ ആശ്രയിക്കുന്നത്. ജിഎസ്എല്‍വി മാര്‍ക് 3 ഇതേ ആവശ്യത്തിനായി ഐഎസ്ആര്‍ഒ വികസിപ്പിച്ച് വരികയാണ്. ഐഎസ്ആര്‍ഒയുടെ പ്രത്യേക ദൗത്യമാണ് ജിസാറ്റ് 17 എന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്റ്റര്‍ ഡോ. കെ ശിവന്‍ വ്യക്തമാക്കി. ഏരിയന്‍ സ്‌പേസില്‍ നിന്ന് ഐഎസ്ആര്‍ഒ വിക്ഷേപിയ്ക്കുന്ന 21-ാമത്തെ ഉപഗ്രഹമാണ് ജിസാറ്റ് 17. 15 വര്‍ഷമാണ് ജിസാറ്റ് 17ന്റെ ഭ്രമണപഥ ആയുസായി കണക്കാക്കിയിരിക്കുന്നത്.

Comments

comments

Categories: Tech, World