2020ഓടെ 3500 കോടി വരുമാനം ലക്ഷ്യമിട്ട് കനോണ്‍ ഇന്ത്യ

2020ഓടെ 3500 കോടി വരുമാനം ലക്ഷ്യമിട്ട് കനോണ്‍ ഇന്ത്യ

ഉല്‍പ്പന്നങ്ങളിലും ബിസിനസിലും നൂതന സാങ്കേതിക വിദ്യ അവതരിപ്പിക്കും

ന്യൂഡെല്‍ഹി: ജാപ്പനീസ് കാമറ, പ്രിന്റര്‍ നിര്‍മാണ കമ്പനിയായ കാനോണ്‍ ഇന്ത്യയില്‍ വന്‍ വളര്‍ച്ചയ്ക്ക് തയാറെടുക്കുന്നു. വിഷന്‍ 2020 എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ വിപുലീകരണ പരിപാടിയെ ഇന്ത്യയിലെ വളര്‍ച്ചയുടെ അടുത്ത ഘട്ടമായാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ ഫോട്ടോഗ്രാഫി സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് സഹായകമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തില്‍ നടപ്പാക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ബിസിനസിലും ഉപഭോക്തൃ ഉല്‍പന്നങ്ങളിലും നവീനമായ സാങ്കേതിക വിദ്യ കമ്പനി അവതരിപ്പിക്കും. വരും വര്‍ഷങ്ങളില്‍ തങ്ങളുടെ റീട്ടെയ്ല്‍ വ്യാപരത്തിലും മറ്റെല്ലാ ബിസിനസുകളിലും ഇരട്ട അക്ക വളര്‍ച്ച നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കനോണ്‍ ഇന്ത്യ മേധാവി കസുതാഡ കൊബായാഷി പറഞ്ഞു. 2020 ആകുമ്പോഴേക്കും വരുമാനം 3500 കോടി രൂപയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കാനോണ്‍ ഇന്ത്യയില്‍ 20 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വളരെ ചെറിയ രീതിയില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കമ്പനിക്ക് ഇപ്പോള്‍ 1,000 ജീവനക്കാരും 2,500 കോടിയുടെ ബിസിനസും രാജ്യത്തുണ്ട്. ഏതാനും കോപ്പിയര്‍ മെഷീനുകളുമായി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഇപ്പോള്‍ കമ്പനിക്ക് ഇപ്പോള്‍ 14 വ്യത്യസ്ത പ്രവര്‍ത്തന മേഖലകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ മേഖലകളിലേക്ക് ഉല്‍പ്പന്ന ശ്രേണി വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും കസുതാഡ കൊബായാഷി വ്യക്തമാക്കി. സുരക്ഷാ-നിരീക്ഷണ ക്യാമറുകളുടെ മേഖലയിലും മെഡിക്കല്‍ ഉപകരണങ്ങളുടെ മേഖലയിലും പ്രവര്‍ത്തിക്കുന്ന കമ്പനികളെ കാനോണ്‍ ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ ചെറിയ കോംപാക്റ്റ് കാമറകളിലാണ് കാനോണ്‍ ആദ്യം പങ്കാളിത്തം ഉറപ്പിച്ചത്. എന്നാലിപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായതോടെ ചെറിയ കാമറകളുടെ വിപണി ചുരുങ്ങി. അതിനാല്‍ ഡിജിറ്റല്‍ സിംഗിള്‍ റിഫ്‌ളെക്‌സിലാണ് ഇപ്പോള്‍ കമ്പനി വിപുലീകരണത്തിന് ശ്രമിക്കുന്നത്. 30,000 രൂപ നിരക്കിലുള്ള തങ്ങളുടെ എന്‍ട്രി ലെവല്‍ ക്യാമറകള്‍ വിപണി വിഹിതത്തെ വളരെ വേഗത്തില്‍ വികസിപ്പിക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും ഇവരുടെ പ്രധാന ഹോബികളിലൊന്ന് ഫോട്ടോഗ്രാഫിയാണെന്നും കൊബായാഷി പറയുന്നു. ഹൈ ഡെഫിനിഷന്‍ ഫോട്ടോ ആല്‍ബവും വിപണിയില്‍ കാനോണ്‍ വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ തന്നെ ഇന്‍പുട്ട് മുതല്‍ ഔട്ട്പുട്ട് വരെയുള്ള കാര്യങ്ങളില്‍ മികച്ച് സാങ്കേതിക വിദ്യയാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോക്യുമെന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന് തങ്ങളുടെ ഡോക്യുമെന്റ് സ്‌കാനര്‍ മികച്ച സംഭാവന നല്‍കമെന്നും കസുതാഡ കൊബായാഷി പറയുന്നു. സ്മാര്‍ട്ട് സിറ്റികളേയും ഐടി വിപ്ലവത്തേയും കുറിച്ച് സംസാരിക്കുമ്പോള്‍ നിലവിലുള്ള കടലാസ് രേഖകളുടെ ഡിജിറ്റലൈസേഷനും സൂക്ഷിപ്പും ഒരു പ്രധാന പ്രശ്‌നമാണെന്നും ഡോക്യുമെന്റ് സ്‌കാനര്‍ ഇതിന് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy, Tech