മോദിയുടേത് ഫലപ്രദമായ സന്ദര്‍ശനം

മോദിയുടേത് ഫലപ്രദമായ സന്ദര്‍ശനം

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന തരത്തില്‍ അമേരിക്കയെ എത്തിക്കാന്‍ സാധിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം എന്തുകൊണ്ടും ഇന്ത്യക്ക് നേട്ടം തന്നെയാണ് നല്‍കിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭീകരതയുമായി ബന്ധപ്പെട്ടതാണ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ എടുക്കുന്ന നിലപാടുകളോട് യോജിക്കുന്ന തരത്തില്‍ നടപടി കൈക്കൊള്ളാന്‍ അമേരിക്കയെ നിര്‍ബന്ധിതമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമായി വേണം കണക്കാക്കാന്‍.

ഇന്ത്യാ വിരുദ്ധ ഭീകരതയുടെ പ്രഭവ കേന്ദ്രമായ പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെയുണ്ടായത്. കുപ്രസിദ്ധ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദിന്‍ തലവന്‍ സയിദ് സലാഹുദീനെ ആഗോള തീവ്രവാദിയായി മുദ്ര കുത്താനുള്ള അമേരിക്കയുടെ തീരുമാനം പാക്കിസ്ഥാന് അടുത്ത കാലത്ത് ലഭിച്ച ഏറ്റവും കാഠിന്യമേറിയ തിരിച്ചടികളിലൊന്നാണ്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അതിശക്തമായ രാഷ്ട്രീയ ധാരണയുടെ ഫലമാണ് ഇതെന്നു വേണം കരുതാന്‍. കശ്മീര്‍ സംഘര്‍ഷത്തില്‍ പാക്കിസ്ഥാന്റെ മുറവിളി അവഗണിക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളിലും അതിനു ചുറ്റും പാക്കിസ്ഥാന്‍ തീര്‍ത്ത ഭീകരതയുടെ പരിരക്ഷയ്ക്കും ഏറ്റ ആഘാതമാണ് സയിദ് സലാഹുദീനെ ആഗോള ഭീകരനായി മുദ്ര കുത്തിയ നടപടി. ബുര്‍ഹാന്‍ വാനിയും ഹിസ്ബുള്‍ കേഡറില്‍ പെട്ടയാളാണെന്നതാണ് അമേരിക്കയുടെ പുതിയ നടപടിയെ പ്രസക്തമാക്കുന്നത്. പാക്കിസ്ഥാന്റെ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി ഹിസ്ബുളിനെ കൊടും ഭീകര സംഘടന തന്നെയായാണ് അമേരിക്ക കാണുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇതിലൂടെ.

അതുകൊണ്ടുതന്നെ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്റെ തന്ത്രങ്ങള്‍ ആഗോള തലത്തില്‍ വിലപ്പോകില്ലെന്നു കൂടി വേണം ഇതിലൂടെ വിലയിരുത്താന്‍. ലഷ്‌കര്‍-ഇ-തോയ്ബയെയും ജയ്ഷ്-ഇ-മൊഹമ്മദിനെയും കാണുന്ന അതേ കണ്ണുകള്‍ കൊണ്ടുതന്നെയാണ് അമേരിക്ക ഹിസ്ബുള്‍ മുജാഹിദിനെയും കാണുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.കശ്മീരിലെ നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദിന്‍ ആണെന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിഗമനം. അതുകൊണ്ടുതന്നെ ഹിസ്ബുളിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ധാര്‍മിക പിന്തുണ കൂടിയാണ് യുഎസ് നല്‍കുന്നത്.

ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചിരുന്നു. ഇതിനായി യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ലോബിയിംഗ് നടത്തുകയും ചെയ്തിരുന്നു. കശ്മീരില്‍ സൈനിക ശക്തി ഉപയോഗിച്ച് ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഉദാഹരണമാണ് വാനിയുടെ കൊലപാതകം എന്ന മട്ടിലായിരുന്നു പാക്കിസ്ഥാന്റെ ചിത്രീകരണം. ഇന്ത്യക്കെതിരെയുള്ള സ്വതന്ത്ര പോരാട്ടത്തിന്റെ മുഖം എന്ന നിലയിലായിരുന്നു വാനി വാഴ്ത്തപ്പെട്ടിരുന്നത്. എന്നാല്‍ അതിനാണ് ഇപ്പോള്‍ ശക്തമായ തിരിച്ചടി യുഎസില്‍ നിന്നുണ്ടായിരിക്കുന്നത്.

ഇന്ത്യയോടും പാക്കിസ്ഥാനോടും സംതുലിതമായ നയതന്ത്രമായിരിക്കില്ല ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുകയെന്ന് വേണം അനുമാനിക്കാന്‍. ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ ഇപ്പോഴത്തെ നിലപാടിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതേസമയം ട്രംപ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മലക്കം മറിച്ചില്‍ നടത്തുകയാണെങ്കില്‍ ഇപ്പോഴത്തെ നടപടി പൊള്ളയായി തീരും. അമേരിക്കയുടെ സുരക്ഷാ ഏജന്‍സികള്‍ എന്നും അവരുടെ രാജ്യത്തിന്റെ പാക്കിസ്ഥാന്‍ നയത്തിനെതിരെ ആഭ്യന്തര വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായി ബാലന്‍സ് സൂക്ഷിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനെ അത്രക്കങ്ങ് ഒറ്റപ്പെടുത്താന്‍ അമേരിക്കയുടെ ഭരണാധികാരികള്‍ തയാറായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രസിഡന്റ് ഇത്രയും ഉറച്ച നിലപാട് ഇപ്പോള്‍ സ്വീകരിച്ചത് താല്‍ക്കാലികമായേക്കില്ല എന്ന് പ്രതീക്ഷിക്കാം. ട്രംപിന്റെ പോളിസികളിലെ വ്യക്തതയില്ലായ്മയും യുക്തിയില്ലായ്മയും ഇക്കാര്യത്തില്‍ പ്രതിഫലിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Comments

comments

Categories: Editorial