ടിവിഎസ് ജിഎസ്ടി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ടിവിഎസ് ജിഎസ്ടി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

എന്തു തരം വിലക്കുറവാണ് ലഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയില്ല

ന്യൂ ഡെല്‍ഹി : ചരക്ക് സേവന നികുതി ജൂലൈ ഒന്നിന് പ്രാബല്യത്തിലാകാനിരിക്കേ ടിവിഎസ് മോട്ടോര്‍ കമ്പനി ജിഎസ്ടി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍ എന്തുതരം ആനുകൂല്യങ്ങളാണ് ഉപയോക്താക്കള്‍ക്ക് കൈമാറുന്നതെന്ന് കമ്പനി വ്യക്തമാക്കിയില്ല.

അതേസമയം ബിസിനസ് മെച്ചപ്പെടുത്തുന്നതിന് ജിഎസ്ടി ഉപകരിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രസിഡന്റ് ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ വലിയ പരിഷ്‌കരണങ്ങളിലൊന്നായ ജിഎസ്ടി സംബന്ധിച്ച് വലിയ പ്രത്യാശയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസ് വളരെയധികം എളുപ്പമാക്കുന്നതിന് ജിഎസ്ടി സഹായിക്കും. ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പാക്കുമ്പോള്‍ ടിവിഎസ് ഉപയോക്താക്കള്‍ക്ക് എന്തു തരം വിലക്കുറവാണ് ലഭിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ബജാജ് ഓട്ടോ തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ക്ക് 4,500 രൂപ വരെ വില കുറച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. റെനഗേഡ് നിരയിലെ രണ്ട് മോഡലുകള്‍ക്ക് 5,700 രൂപ വരെ വില കുറച്ചതായി യുഎം മോട്ടോര്‍സൈക്കിള്‍സും പ്രഖ്യാപിച്ചിരുന്നു. മൂന്ന് മുതല്‍ 5 ശതമാനം വരെയാണ് വിവിധ മോഡലുകള്‍ക്ക് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വില കുറച്ചത്.

350 സിസി വരെയുള്ള റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്കും വില കുറയും. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനും (411 സിസി) 500 സിസിക്ക് മുകളിലുള്ള മറ്റ് മോഡലുകള്‍ക്കും വില കൂടും.

Comments

comments

Categories: Auto