ജനീവ ഓട്ടോ ഷോയിലാണ് ടാറ്റ മോട്ടോഴ്സും ഫോക്സ്വാഗണ് ഗ്രൂപ്പും ധാരണാപത്രം ഒപ്പുവെച്ചത്
ന്യൂ ഡെല്‍ഹി : അടുത്ത തലമുറ കാറുകള്‍ക്കായി പുതിയ പ്ലാറ്റ്ഫോം സംയുക്തമായി വികസിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് ടാറ്റ മോട്ടോഴ്സും ഫോക്സ്വാഗണ് ഗ്രൂപ്പും പിന്മാറിയേക്കും. ഈ വര്‍ഷമാദ്യം ജനീവ ഓട്ടോ ഷോയിലാണ് ടാറ്റ മോട്ടോഴ്സും ഫോക്സ്വാഗണ് ഗ്രൂപ്പും ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചത്. അടുത്ത തലമുറ ചെറു കാറുകള്‍ക്കും ചെറു സെഡാനുകള്‍ക്കും എസ്യുവികള്‍ക്കുമായി പ്ലാറ്റ്ഫോമുകള് നിര്‍മ്മിക്കുന്നതിനാണ് ഇരു കമ്പനികളും ധാരണയിലെത്തിയിരുന്നത്. ടാറ്റ മോട്ടോഴ്സിന്റെ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്ഫോം (എഎംപി) ഈയിടെ അനാവരണം ചെയ്ത പുതിയ ഫോക്സ്വാഗണ് പോളോയുടെ ഇന്ത്യന്‍ വേര്‍ഷനില്‍ ഉപയോഗിക്കുമായിരുന്നു.
ഫോക്സ്വാഗണ്, സ്കോഡ, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ നെക്സ്റ്റ് ജെന്‍ കാറുകള്‍ക്കായി പുതിയ പ്ലാറ്റ്ഫോം ഉപയോഗിക്കുമായിരുന്നു. പ്ലാറ്റ്ഫോം സംയോജിപ്പിക്കുന്നതിനും മറ്റുമായി ഫോക്സ്വാഗണ് ഗ്രൂപ്പിന് വലിയ ചെലവ് വരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേതുടര്‍ന്നാണ് ഫോക്സ്വാഗണ് ഗ്രൂപ്പ് പിന്മാറ്റത്തിന് ഒരുങ്ങുന്നത്.
എംക്യുബി-എ പ്ലാറ്റ്ഫോം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും പുതിയ നിക്ഷേപം വേണ്ടിവരുമെന്നാണ് ഫോക്സ്വാഗണ് ഗ്രൂപ്പ് കരുതുന്നത്. നിലവില്‍ എംക്യുബി പ്ലാറ്റ്ഫോം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നില്ല.
സ്കോഡ ഒക്ടേവിയ, സൂപ്പര്‍ബ്, ഫോക്സ്വാഗണ് ടിഗ്വാന്, ഔഡി എ4 എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ എംക്യുബി പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന കാറുകള്‍. ചെറു കാറുകളായ പോളോ, വെന്റോ എന്നിവ ഫോക്സ്വാഗണ് പിക്യു25 പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. സ്കോഡ റാപ്പിഡ് ഉപയോഗിക്കുന്നതും ഇതേ പ്ലാറ്റ്ഫോം തന്നെ.സഹകരണത്തിനുള്ള സാധ്യതകള്‍ ഇപ്പോഴും പരിശോധിച്ചു വരികയാണെന്ന് ടാറ്റ മോട്ടോഴ്സ് വക്താവ് വ്യക്തമാക്കി.