വ്യക്തികള്‍ വില്‍ക്കുന്ന കാറുകള്‍ക്കുമേല്‍ ജിഎസ്ടി ഇല്ലെന്ന് റവന്യൂ സെക്രട്ടറി

വ്യക്തികള്‍ വില്‍ക്കുന്ന കാറുകള്‍ക്കുമേല്‍ ജിഎസ്ടി ഇല്ലെന്ന് റവന്യൂ സെക്രട്ടറി

ഡീലര്‍മാരുടെ ലാഭത്തില്‍നിന്ന് മാത്രമേ ചരക്ക് സേവന നികുതി ഈടാക്കൂ എന്ന് ഹസ്മുഖ് അധിയ

ന്യൂ ഡെല്‍ഹി : സെക്കന്‍ഡ്-ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന വകയില്‍ ഡീലര്‍മാര്‍ക്ക് ലഭിക്കുന്ന ലാഭത്തില്‍നിന്ന് മാത്രമേ ചരക്ക് സേവന നികുതി ഈടാക്കൂ എന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ വ്യക്തമാക്കി. മുഴുവന്‍ വില്‍പ്പന മൂല്യത്തില്‍നിന്ന് ജിഎസ്ടി ഈടാക്കുമെന്ന ആശങ്ക അദ്ദേഹം തള്ളിക്കളഞ്ഞു. വ്യക്തികള്‍ തമ്മില്‍ സെക്കന്‍ഡ്-ഹാന്‍ഡ് കാറുകള്‍ വില്‍ക്കുമ്പോഴോ വ്യക്തി കമ്പനിക്ക് വില്‍ക്കുമ്പോഴോ നികുതി ഈടാക്കാവുന്ന ഇടപാടായി പരിഗണിക്കില്ലെന്നും റവന്യൂ സെക്രട്ടറി അറിയിച്ചു.

രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വില്‍ക്കുമ്പോള്‍ മാത്രമാണ് ജിഎസ്ടിക്കു കീഴില്‍ നികുതി ഈടാക്കുന്നത്. പുതിയ കാറുകള്‍ക്ക് ചുമത്തിയിരിക്കുന്ന അതേ ജിഎസ്ടി നിരക്ക് തന്നെയാണ് സെക്കന്‍ഡ്-ഹാന്‍ഡ് കാറുകളുടെ ഇടപാടുകള്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. സെസ്സ് ഉള്‍പ്പെടെ ചെറു കാറുകള്‍ക്ക് 29 ശതമാനം നികുതിയും മറ്റെല്ലാ കാറുകള്‍ക്കും 43 ശതമാനം നികുതിയുമാണ് ജിഎസ്ടി കൗണ്‍സില്‍ നിശ്ചയിച്ചത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 0.5-14 ശതമാനം വരെ മൂല്യ വര്‍ധിത നികുതിയും (വാറ്റ്) റീസെയ്ല്‍ വിലയിലെ നികുതിയുമാണ് യൂസ്ഡ് കാറുകള്‍ക്ക് ചുമത്തിയിരിക്കുന്നത്. യൂസ്ഡ് കാറുകള്‍ക്ക് 5-6 ശതമാനത്തിന് മുകളില്‍ വാറ്റ് ചുമത്തിയ സംസ്ഥാനങ്ങളില്‍ ജിഎസ്ടി വരുമ്പോള്‍ വില കുറയുമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതി നേരേ തിരിച്ചായിരിക്കുമെന്നും നികുതി വിദഗ്ധര്‍ പറഞ്ഞു.

യൂസ്ഡ് കാറുകളുടെ വില്‍പ്പന വിലയില്‍ ജിഎസ്ടി ചുമത്തുന്നത് ഇരട്ട നികുതിക്ക് കാരണമാകും (എക്‌സൈസ് തീരുവയും മൂല്യ വര്‍ധിത നികുതിയും നേരത്തേ അടച്ചിരുന്നല്ലോ). നിലവില്‍ 3.5 ലക്ഷം രൂപ റീസെയ്ല്‍ വിലയുള്ള ചെറു യൂസ്ഡ് കാറിന് രണ്ട് ശതമാനം വാറ്റ് നിശ്ചയിച്ചിരിക്കുന്ന സംസ്ഥാനത്ത് 7,000 രൂപയായിരിക്കും നികുതി. എന്നാല്‍ ജിഎസ്ടി നടപ്പാകുമ്പോള്‍ ഡീലറുടെ ലാഭം പത്ത് ശതമാനമാണെന്ന് കണക്കാക്കിയാല്‍ 9,000 രൂപ ജിഎസ്ടി നല്‍കണം.

ഹസ്മുഖ് അധിയ വ്യക്തമാക്കുന്നതുവരെ, നിര്‍ദ്ദിഷ്ട ഡീലര്‍ക്ക് യൂസ്ഡ് കാര്‍ വില്‍ക്കുന്ന വ്യക്തിയില്‍ റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം (ആര്‍സിഎം) അനുസരിച്ച് നികുതി ചുമത്തുമോയെന്ന് വ്യക്തമായിരുന്നില്ലെന്ന് നികുതി വിദഗ്ധര്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്യാത്ത ഡീലറില്‍നിന്ന് വാങ്ങുന്ന രജിസ്റ്റേഡ് ഡീലര്‍ ജിഎസ്ടി അനുസരിച്ച് ആര്‍സിഎം പ്രകാരം നികുതി അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. യൂസ്ഡ് കാര്‍ സപ്ലൈ ചെയ്യുന്നവര്‍ക്ക് നികുതികള്‍ കഴിച്ചുള്ള തുക നല്‍കാന്‍ രജിസ്റ്റേഡ് ഡീലര്‍ക്ക് കഴിയും.

ഇന്ത്യയില്‍ പുതിയ കാര്‍ വിപണിയുടെ 1.2 മടങ്ങ് വലുപ്പമുള്ളതാണ് യൂസ്ഡ് കാര്‍ വിപണി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വിപണി പത്ത് ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് നേടിയത്. യൂസ്ഡ് കാറുകള്‍ വില്‍ക്കുന്നതിന് മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായി, ഫോര്‍ഡ്, റെനോ തുടങ്ങിയ മിക്ക പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ക്കും പ്രത്യേക ബിസിനസ് വിഭാഗം തന്നെ പ്രവര്‍ത്തിച്ചുവരുന്നു.

Comments

comments

Categories: Auto