ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖല ; 18,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖല ; 18,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ഈ വര്‍ഷം രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള മേഖലയുടെ പങ്ക് 2.9 ശതമാനം വര്‍ധിച്ച് 44.6 ബില്യണ്‍ ഡോളറില്‍ എത്തുമെന്നും റിപ്പോര്‍ട്ട്

ദുബായ്: യുഎഇയുടെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖല ഈ വര്‍ഷം 18,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. മേഖലയിലെ നേരിട്ടുള്ള തൊഴിലുകളുടെ എണ്ണം 7032 ആയി വര്‍ധിപ്പിക്കുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ 2017 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ലെ 3,17,500 ജോലികളില്‍ നിന്ന് 2.3 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടാകുന്നത്.

2027 ല്‍ തൊഴിലവസരങ്ങള്‍ 410,000 ആയി ഉയര്‍ത്താന്‍ വര്‍ഷത്തില്‍ 2.4 ശതമാനം തൊഴില്‍ വര്‍ധനവ് ഉണ്ടാകണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. പരോക്ഷമായ തൊഴിലുകള്‍ ഈ വര്‍ഷം 1.8 ശതമാനം (11,100) വര്‍ധിപ്പിച്ച് 6,28,500 ല്‍ എത്തിക്കും. കഴിഞ്ഞ വര്‍ഷം ഇത് 6,17,500 ആയിരുന്നു. 2027 ല്‍ പരോക്ഷ തൊഴിലവസരങ്ങള്‍ 770,000 ആക്കി ഉയര്‍ത്താന്‍ വര്‍ഷത്തില്‍ 2.0 ശതമാനത്തിന്റെ വര്‍ധനവ് വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്കിലേക്കുള്ള (ജിഡിപി) മേഖലയുടെ പങ്ക് 2.9 ശതമാനം വര്‍ധിച്ച് 44.6 ബില്യണ്‍ ഡോളറില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016 ല്‍ ഇത് 43.3 ബില്യണായിരുന്നു. അടുത്ത പത്ത് വര്‍ഷത്തില്‍ മേഖലയില്‍ നിന്ന് ജിഡിപിയിലേക്ക് എത്തുന്ന തുക 4.9 ശതമാനം വര്‍ധിച്ച് 72 ബില്യണ്‍ ഡോളറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം ജിഡിപിയുടെ 12.4 ശതമാനമായിരിക്കും ഇത്.

2016 ല്‍ മേഖലയില്‍ നിന്ന് ജിഡിപിയിലേക്ക് നേരിട്ട് എത്തിയത് 18.7 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം ഇതില്‍ 3.2 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. 2027 ആകുമ്പോള്‍ 31.6 ബില്യണായി ഇത് ഉയരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2017 ന്റെ ആദ്യ പാദത്തില്‍ 4.57 മില്യണ്‍ വിനോദ സഞ്ചാരികളാണ് ദുബായിലെത്തിയതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് പറഞ്ഞു. മുന്‍ വര്‍ഷത്തെ ഇതേ കാലഘട്ടത്തേക്കാള്‍ 11 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 2020 എക്‌സ്‌പോയുടെ ഭാഗമായി 40,000 പുതിയ ഹോട്ടല്‍ റൂമുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനുള്ള തയാറെടുപ്പിലാണ് ദുബായ്. ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ നഗരത്തിലെ മൊത്തം മുറികളുടെ എണ്ണം ഒരു ലക്ഷമായി ഉയരും.

Comments

comments

Categories: Business & Economy, World