പണം വെറുതെ കായ്ക്കില്ല

പണം വെറുതെ കായ്ക്കില്ല

പണം സമ്പാദിക്കാനുള്ള ഏറ്റവും മികച്ച കാലഘട്ടം ഏതാണ്?

20 വയസില്‍ പണം ധൂര്‍ത്തടിക്കുന്നതിലാണ് മിക്കവരും ആനന്ദം കണ്ടെത്താറ്. എന്നാല്‍ പണം കുട്ടിക്കളിക്കുള്ളതല്ല, മറിച്ച് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ടതാണെന്നു പിന്നീട് മനസിലാകുന്നു. മാത്രമല്ല, അതൊരു കഠിനാധ്വാനം തന്നെയാണെന്നും. വായ്പ, നിക്ഷേപം, നികുതി, ഇന്‍ഷുറന്‍സ് അങ്ങനെയെന്തെല്ലാമായി മാറിയിരിക്കുന്നു, എന്തെല്ലാമാക്കി മാറ്റണം എന്നതിനെക്കുറിച്ചൊക്കെയാകും ചിന്ത. ഇത്തരം ചിന്തകള്‍ നിങ്ങളുടെ മനഃസമാധാനം കെടുത്തും മുമ്പ് നിങ്ങളുടെ സമ്പാദ്യശീലത്തില്‍ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. വിവാഹപ്രായമെത്തുമ്പോഴേക്കും പലരും സ്ഥിരതയാര്‍ന്ന സാമ്പത്തികനില ആര്‍ജ്ജിച്ചിരിക്കണമെന്നാണ് വെപ്പ്. 30 വയസാകുമ്പോഴേക്കും ഒരു വ്യക്തിയെ സ്ഥിരതയാര്‍ന്ന സാമ്പത്തികനിലയില്‍ എത്തിക്കുന്ന ചില ശീലങ്ങള്‍ ഇതാ.

സാമ്പത്തിക ലക്ഷ്യം നിശ്ചയിക്കുക

സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള പാത തുടങ്ങുന്നത് ശരിയായ ലക്ഷ്യം നിര്‍ണയിക്കുന്നതിലാണ്. ഇതിന് ആദ്യം വേണ്ടത് നിങ്ങളുടെ ആഗ്രഹങ്ങളുടെയും ആവശ്യങ്ങളുടെയും മുന്‍ഗണനാക്രമം നിശ്ചയിക്കുകയാണ്. ഹ്രസ്വകാലം, മധ്യകാലം, ദീര്‍ഘകാലം എന്നിങ്ങനെ സമയത്തിന്റെ അടിസ്ഥാനത്തില്‍ ഇതു തീരുമാനിക്കാം. ഇതു നിങ്ങളുടെ അഭിലാഷങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാനും പണം ഉത്തരവാദിത്തത്തോടെ ചെലവഴിക്കാനും പ്രേരിപ്പിക്കുന്നു.

കാര്‍ വാങ്ങിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു, എന്നാല്‍ നിങ്ങളുടെ ശമ്പളം അതിന് അപര്യാപ്തമാണ്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ കഴിവുകള്‍ക്കനുസരിച്ചുള്ള ഒരു ബിസിനസില്‍ നിക്ഷേപിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ക്കു ശോഭിക്കാനാകുന്ന മേഖലയില്‍ ബിസിനസ് ചെയ്ത് കാറെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക. കുട്ടികളുടെ വിദ്യാഭ്യാസം, വിശ്രമജീവിതം, ചികില്‍സ എന്നിവയ്ക്കു വേണ്ടിയുള്ള നിക്ഷേപങ്ങളും സമാന രീതിയില്‍ നിശ്ചയിക്കണം. കാലക്രമേണ, ലക്ഷ്യക്രമീകരണം സമ്പദ് രംഗത്തെക്കുറിച്ചുള്ള ശക്തമായ മൂല്യബോധമ നിങ്ങളില്‍ സൃഷ്ടിക്കുകയും ജീവിതത്തില്‍ വിലപ്പെട്ട കാര്യങ്ങള്‍ നേടാന്‍ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.

അനുയോജ്യമായ പരിരക്ഷാപദ്ധതികള്‍

ഇന്‍ഷുറന്‍സ് ഒരിക്കലും അനാവശ്യ ചെലവല്ല. എന്നാല്‍ നാം തീരെ പ്രതീക്ഷിക്കാത്തപ്പോഴാണ് അതിന്റെ ആവശ്യം വന്നുചേരുന്നത്. ജീവിതകാലസമ്പാദ്യം തന്നെയാകും ഒരു അപകടമോ അസുഖമോ മൂലം തീര്‍ന്നു പോകുക. വരാനുള്ള അപകടങ്ങലെ വഴിയില്‍ തടയാന്‍ ഇന്‍ഷുറന്‍സുകള്‍ക്കാകില്ല. എന്നാല്‍, അത്തരം ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തികനഷ്ടത്തില്‍ നിന്ന് ഒരു പരിധി വരെ കരകയറ്റാന്‍ അവയ്ക്കാകും. അതിനാല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ ഉപേക്ഷ കാണിക്കരുത്. ഭൂരിപക്ഷവും ഇന്‍ഷുറന്‍സിന്റെ അവശ്യകതയെ ലഘൂകരിച്ചു കാണുന്നു. ജീവന്‍രക്ഷ, ആരോഗ്യപരിരക്ഷ, വാഹന ഇന്‍ഷുറന്‍സുകള്‍ നിങ്ങളുടെ വരുമാനം അല്‍പ്പം കുറച്ചേക്കാം. എന്നാല്‍ നിങ്ങളുടെ കുടുംബത്തിന്റെയും സ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കിയെന്നതിനാല്‍ നിങ്ങള്‍ക്ക് അനല്‍പ്പമായ മനഃസമാധാനമുണ്ടാകും.

ആദായനികുതി സംവിധാനത്തെ മനസിലാക്കുക

വരുമാനത്തിന്റെ സിംഹഭാഗവും ആദായനികുതിവകുപ്പ് കൊണ്ടു പോകുന്നതായി പരിതപിക്കുന്നവര്‍ പലരും നികുതിസംവിധാനത്തെക്കുറിച്ച് ശരിയായി മനസിലാക്കാത്തവരായിരിക്കും.30 വയസാകും മുമ്പ് തന്നെ രാജ്യത്തെ നികുതി സമ്പ്രദായത്തെയും ഇന്‍കംടാക്‌സ് സ്ലാബുകളെയും സംബന്ധിച്ച് അടിസ്ഥാന വിവരങ്ങള്‍
മനസിലാക്കിയിരിക്കണം. നികുതിയിളവുകള്‍, നികുതി ഫയല്‍ ചെയ്യല്‍, ആവശ്യമായ രേഖകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടതെല്ലാം ചെയ്യാന്‍ പഠിച്ചിരിക്കണം. ഇതിനു കുറച്ചു സമയം വേണ്ടിവന്നാലും ജീവിതകാലം മുഴുവന്‍ മറ്റുള്ളവരെ ആശ്രയിക്കുന്നതില്‍ നിന്ന് ഒഴിവാകാം.

കടങ്ങള്‍ ഒഴിവാക്കുക

ആധുനിക കാലത്തെ ന്യൂജന്‍ ബാങ്കുകള്‍ അടക്കമുള്ളവര്‍ വായ്പയെടുക്കാന്‍ നിരത്തുന്ന മോഹനസുന്ദര വാഗ്ദാനങ്ങള്‍ അവഗണിക്കാന്‍ പഠിക്കുക. വായ്പയെടുക്കുന്നതോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗമോ തെറ്റാണെന്നല്ല ഇതിനര്‍ത്ഥം. അത്യാവശ്യകാര്യങ്ങള്‍ക്ക് വായ്പകള്‍ എടുക്കാതെ പറ്റുകയുമില്ല. എന്നാല്‍ അതൊരു ശീലമാക്കരുത്. കെടക്കെണികളെ സംബന്ധിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണം. ക്രെഡിറ്റ് കാര്‍ഡുകലില്‍ നിന്നു കൊള്ളപ്പലിശ വേണ്ടി വരുന്ന വായ്പകളില്‍ നിന്നും അകന്നു നില്‍ക്കുക. വായ്പ അത്യാവശ്യമെങ്കില്‍ത്തന്നെ മികച്ച ഇളവുകള്‍ ലഭിക്കുന്ന ബാങ്കുകളെ സമീപിക്കുകയും കാലാവധിക്കു തന്നെ തിരിച്ചടവിനു സാധ്യമാണെന്ന കാര്യം ഉറപ്പിക്കുകയും വേണം. നെറ്റിയിലെ വിയര്‍പ്പു കൊണ്ട് അപ്പം തിന്നുകയെന്ന ബൈബിള്‍വാക്യം സദാ ഓര്‍മ്മയിലിരിക്കട്ടെ.

നിക്ഷേപം

ഒരു വൃക്ഷത്തൈ നടുന്നതിനുള്ള മികച്ച സമയം 20 കൊല്ലം മുമ്പാണെന്നു പറയാറുണ്ട്. അടുത്ത സമയം ഇപ്പോഴാണ്. ഇനിയൊരു അങ്കത്തിനു നിങ്ങള്‍ക്ക് ബാല്യമില്ല, അത് നിക്ഷേപത്തിനാണെങ്കില്‍ക്കൂടി എന്നാണ് ഇപ്പറഞ്ഞതിന് അര്‍ത്ഥം. 30 വയസാകുമ്പോഴേക്കും ഓഹരിനിക്ഷേപത്തിനുള്ള കാര്യങ്ങളിലേക്കു തിരിയണം. കുറഞ്ഞ പ്രായത്തില്‍ നിക്ഷേപം നടത്തുന്നത് വലിയ ലാഭമുണ്ടാക്കുമെന്നത് നിസ്തര്‍ക്കമാണ്. ജീവിതച്ചെലവ് അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാണയപ്പെരുപ്പത്തിനെതിരേ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ആയുധമാണ് ഓഹരിനിക്ഷേപം. സ്ഥിരതയുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്ാനായിരിക്കണം ശ്രദ്ധ ചെലുത്തേണ്ടത്.

പണത്തിനു വിലകല്‍പ്പിക്കുക

ആറ്റില്‍ കളഞ്ഞാലും അളന്നു കളയുക എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നത് ഇവിടെയാണ്. എന്ത് വാങ്ങിയാലും കൊടുക്കുന്ന പണത്തിന്റെ മൂല്യം മുതലാകണം. ഷോപ്പിംഗ് നടത്തുമ്പോള്‍ മൂല്യത്തിന്റെ കണ്ണിലൂടെ വേണം സാധനങ്ങള്‍ വാങ്ങാന്‍. അതൊന്നും നിങ്ങളുടെ വിലകുറയ്ക്കില്ല. എല്ലാത്തിലും ഇക്കാര്യം മനസിലാക്കി പ്രവര്‍ത്തിക്കുക.

സാങ്കേതിക വിദ്യയുമായി സമരസപ്പെടുക

ലോകം ഡിജിറ്റല്‍ യുഗത്തിലേക്കു കടന്നതോടെ പണത്തിന്റെ കാര്യത്തിലും ഈ മാറ്റം കാണായി. കറന്‍സികള്‍ അപ്രത്യക്ഷമാകുകയും പകരം ഡിജിറ്റല്‍ പണക്കൈമാറ്റം കടന്നു വരുകയും ചെയ്തു. ഇത് നമ്മെ സാങ്കേതിക വിദ്യയുമായി കൂടുതല്‍ അടുപ്പിക്കുന്നു. ഇ- വാലറ്റ്, ബാങ്കിംഗ് വെബ് സൈറ്റ്, ഓണ്‍ലൈന്‍ ബാങ്കിംഗ്, ഫിനാന്‍സ് ആപ്പുകള്‍, ബില്‍പേമെന്റ് തുടങ്ങിയ വാക്കുകള്‍ ചിരപരിചിതമാകുന്നു. ഒരു പഴഞ്ചനാകാതെ മൊബീല്‍ഫോണില്‍ ബാങ്കിംഗ് നടത്തുന്ന ആധുനികമനുഷ്യനാകൂ.

പ്രായോഗികമതിയാകൂ

പണത്തിന്റെ വിനിയോഗം സംബന്ധിച്ച് വിവേകപൂര്‍ണമായ സമീപനം സ്വീകരിക്കുക. പണം ഇരട്ടിപ്പിക്കാനുള്ള മാന്ത്രിക ദണ്ഡ് ആരുടെയും കൈയിലില്ല എന്നോര്‍ക്കണം. കുറുക്കുവഴികളെപ്പറ്റിയല്ല ചിന്തിക്കേണ്ടത്. സാമാന്യബോധവും അചഞ്ചലതയും കൈമുതലാക്കി വേണം സാമ്പത്തികാസൂത്രണം ചെയ്യാന്‍

Comments

comments

Categories: FK Special, Motivation
Tags: money