ലിഫ്റ്റ് ഓഫിന് തയാറായി

ലിഫ്റ്റ് ഓഫിന് തയാറായി

ഇന്ത്യ ബഹിരാകാശ ദൗത്യത്തിലെ പുതിയ നാഴികക്കല്ലുകള്‍ പിന്നിടുമ്പോഴും വാണിജ്യപരമായി ഈ മേഖലയെ സമീപിക്കുന്നതില്‍ ഇന്നും പിന്നോട്ടാണ്. നിലവിലെ സാഹചര്യത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് ബഹിരാകാശ കച്ചവടം ഊര്‍ജിതമാക്കാനാണ് ആന്‍ട്രിക്‌സിന്റെ ശ്രമം

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐഎസ്ആര്‍ഒ)യെ സംബന്ധിച്ച് വളരെ ശ്രദ്ധേയമായ വര്‍ഷമായിരുന്നു ഇത്. രണ്ട് സുപ്രധാന വിക്ഷേപണങ്ങളാണ് ഇക്കാലയളവില്‍ ഐഎസ്ആര്‍ഒ നടത്തിയത്. ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചരിത്രം കുറിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. 2014ല്‍ റഷ്യ ഒറ്റ റോക്കറ്റില്‍ 37 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചതാണ് ഇതിന് മുമ്പുണ്ടായിരുന്ന റെക്കോര്‍ഡ്. ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം നടന്നത് ജൂണിലാണ്. ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിലെ മറ്റൊരു നാഴികക്കല്ല് തന്നെയായിരുന്നു ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന്. ഇന്ത്യയില്‍ വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യയുപയോഗിച്ച് നിര്‍മിച്ച സിഇ 20 എന്ന എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചത്. ഈ വിക്ഷേപണം വിജയിച്ചതോടെ ഉപഗ്രഹ വിക്ഷേപണത്തില്‍ ഇന്ത്യ ഐഎസ്ആര്‍ഒയിലൂടെ സ്വയംപര്യാപ്തത നേടി. ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യക്ക് ഇനി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല. മറ്റു രാജ്യങ്ങളുടെ ഭാരമേറിയ ഉപഗ്രഹങ്ങള്‍ ഇന്ത്യക്ക് വിക്ഷേപിക്കാനും സാധിക്കും.

ശാസ്ത്രീയമായ പുരോഗതിക്കും രാജ്യത്തിന്റെ അഭിമാനത്തിനും വൈദഗ്ദ്ധ്യത്തിനുമപ്പുറം ഈ ബഹിരാകാശ ദൗത്യങ്ങള്‍ ബിസിനസ് അധിഷ്ഠിതമായ ചില നാഴികക്കല്ലുകള്‍ കൂടിയായി മാറുന്നുണ്ട്. 335.5 ബില്ല്യണ്‍ ഡോളറിന്റെ ആഗോള ബഹിരാകാശ വ്യവസായത്തിലെ സുപ്രധാന പോരാളികളാകാനും പുതിയ ബഹിരാകാശ ബിസിനസ് മത്സരത്തില്‍ ഭാഗമാകാനുമുള്ള ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ലക്ഷ്യങ്ങളാണ് ഇത്തരം വിക്ഷേപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ബഹിരാകാശ രംഗത്തുണ്ടാവുന്ന വികസനം അത്ഭുകരമായിരിക്കുമെന്ന് ആന്‍ട്രിക്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ രാകേഷ് ശശിഭൂഷണ്‍ പറയുന്നു. നാം ബഹിരാകാശത്ത് ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെയും സാങ്കേതികവിദ്യയേയും ഇത് മാറ്റിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ്

ഹൈ സ്പീഡ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ സാധ്യമാക്കുന്ന പുതിയ പദ്ധതികളിലേക്ക് ബില്ല്യണ്‍ കണക്കിന് ഡോളറുകള്‍ ഒഴുകുകയാണ്. ലോ ബെര്‍ത്ത് ഓര്‍ബിറ്റില്‍(എല്‍ഇഒ) ആയിരക്കണക്കിന് ചെറു ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നതാണ് ഈ പദ്ധതികളുടെ സ്വഭാവമെന്നതിനാല്‍ ഐഎസ്ആര്‍ഒയും ആന്‍ട്രിക്‌സും അതിന്റെ സാധ്യതകളെ മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഐഎസ്ആര്‍ഒയുടെ വിജയകരമായ റോക്കറ്റ്, പിഎസ്എല്‍വി ഉപഗ്രഹ വിക്ഷേപണത്തില്‍ മികച്ച പങ്ക് വഹിക്കുന്നുണ്ട്. ഇത് വിക്ഷേപിച്ച 104 ചെറു സാറ്റലൈറ്റുകളും എല്‍ഇഒയിലായിരുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള വിപണിയുടെ പശ്ചാത്തലത്തില്‍ അഭൂതപൂര്‍വമായ പരിവര്‍ത്തന കാലഘട്ടത്തെയാണ് ആന്‍ട്രിക്‌സ് ഉറ്റുനോക്കുന്നതെന്ന് ശശിഭൂഷണ്‍ പറയുന്നു. മാര്‍ക്കറ്റിംഗിനെ സംബന്ധിച്ച് പിഎസ്എല്‍വി 104 സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചത് ഒരു ഉത്തേജനം തന്നെയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബിസിനസ് പരമായി അടുത്ത വര്‍ഷത്തില്‍ പ്രധാന നാഴികക്കല്ലുകളാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ബഹിരാകാശ മേഖലയിലെ മത്സരത്തിനായി കൂടുതല്‍ റോക്കറ്റുകള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഐഎസ്ആര്‍ഒ വിക്ഷേപിച്ച കമ്യൂണിക്കേഷന്‍ ഉപഗ്രഹമായ ജിസാറ്റ് 19ഉം ഈ വര്‍ഷം അവസാനം വിക്ഷേപിക്കാനൊരുങ്ങുന്ന ജിസാറ്റ് 11ഉം അടുത്ത വര്‍ഷം വിക്ഷേപിക്കുന്ന ജിസാറ്റ് 20ഉം രാജ്യത്തെ ആശയ വിനിമയ രംഗത്ത് വമ്പന്‍ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍. നേരത്തെ വിക്ഷേപിച്ച ജിസാറ്റ് ഉപഗ്രങ്ങളുടെ ഡേറ്റ റേറ്റ് സെക്കന്‍ഡില്‍ ഒരു ജിഗാബൈറ്റ് ആണെങ്കില്‍ ജിസാറ്റ് 19 ഉപയോഗിച്ച് ഒരു സെക്കന്‍ഡില്‍ നാല് ജിഗാബൈറ്റ് ഡാറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാകും. അതായത് നാല് ഉപഗ്രഹത്തിന്റെ ഫലം ഇതിലൂടെ ലഭ്യമാകും. ജിസാറ്റ് 11ന് സെക്കന്‍ഡില്‍ 13 ജിഗാബൈറ്റ് കൈമാറ്റ ശേഷിയും ജിസാറ്റ് 20ന് 70 ജിഗാബൈറ്റ് ഡേറ്റ കൈമാറ്റ ശേഷിയുമാണുള്ളത്. രാജ്യത്തെ ശരാശരി ഇന്റര്‍നെറ്റ് വേഗത ഒരു സെക്കന്‍ഡില്‍ 4 എംബി എന്ന രീതിയിലാണ്. ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ 105 സ്ഥാനത്തുള്ള ഇന്ത്യ ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ രണ്ടാം സ്ഥാനത്താണ്. പുതിയ സാറ്റലൈറ്റുകള്‍ പ്രവര്‍ത്തന യോഗ്യമാകുന്നതോടെ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ മുന്നോട്ട് കുതിക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ബിസിനസ് സാധ്യതകള്‍ ഇവിടെയും കുതിക്കുകയാണ്.

ഭൂതല കണക്റ്റിവിറ്റി ഉപയോഗപ്പെടുത്തിയാണ് ലോകത്തെ ഭൂരിപക്ഷം ഇന്റര്‍നെറ്റ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഭൂമിയില്‍ നിന്ന് 35000 കിലോമീറ്റര്‍ ദൂരത്തിലുള്ള ജിയോസിക്രൊണൈസ് ഭ്രമണപഥങ്ങളിലുള്ള കമ്യൂണിക്കേഷന്‍ സാറ്റലൈറ്റുകള്‍ ഇന്റര്‍നെറ്റിനായി പ്രയോജനപ്പെടുത്താത്തതിന്റെ കാരണം സമയദൈര്‍ഘ്യമാണ്. ഒരു റേഡിയോ തരംഗം ജിയോസിക്രൊണൈസ് ഓര്‍ബിറ്റിലേക്കെത്താനും തിരിച്ചു പോകാനും 230 മില്യണ്‍ സെക്കന്‍ഡുകളെടുക്കും. എന്നാല്‍ ഫൈബര്‍ ഒപ്റ്റിക് കേബിളിലൂടെയുള്ള സിഗ്നലിന് ഇതേ സമയം കൊണ്ട് എട്ട് തവണ ഡെല്‍ഹിക്കും ലണ്ടനുമിടയില്‍ സഞ്ചരിക്കാം. എന്നാല്‍ ഭൂമിയിലൂടെയുള്ള കണക്റ്റിവിറ്റിക്ക് അതിന്റേതായ പരിമിതികള്‍ ഉണ്ട്. ഇപ്പോഴും ആവശ്യാനുസരണം എല്ലായിടത്തും കണക്റ്റിവിറ്റി ലഭ്യമായിട്ടില്ല. അമേരിക്കയില്‍ പോലും ഒരു വലിയ വിഭാഗം ജനതയ്ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ലഭ്യമായിട്ടില്ല. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കുള്ള ആഗോള ഡിമാന്‍ഡ് ലഘുവായ വേഗത്തില്‍ വളര്‍ച്ച തുടരുമെന്ന് സിസ്‌കോ സിസ്റ്റംസ് ഇന്‍കോര്‍പറേഷന്‍സിന്റെ ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1000 ബില്യണ്‍ ജിഗാബൈറ്റ് ഡാറ്റയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. 2020 ഓടെ ഇത് ഇരട്ടിക്കുമെന്നാണ് പ്രതീക്ഷ.

സ്‌പേസ് എക്‌സിന്റെ പ്രസക്തി

ഭൂമിക്ക് മുകളില്‍ 1150 മുതല്‍ 1350 കിലോ മീറ്റര്‍ വരെ ഉയരത്തില്‍ എല്‍ഇഒയില്‍ ചെറിയ സാറ്റലൈറ്റുകളുടെ ഒരു സമൂഹം തന്നെ തീര്‍ത്തുകൊണ്ട് സമയദൈര്‍ഘ്യവുമായി ബന്ധപ്പെട്ട ഈ പ്രശ്‌നം പരിഹരിക്കാന്‍ പദ്ധതിയിടുകയാണ് അമേരിക്കയിലെ സ്‌പേസ് എക്‌സ് എന്ന കമ്പനി. 4425 സാറ്റലൈറ്റുകള്‍ അടങ്ങുന്ന ഈ പദ്ധതിയിലൂടെ ഭൂമിയുടെ എല്ലാ ഭാഗത്തും കവറേജ് നല്‍കാന്‍ സാധിക്കുമെന്നാണ് സ്‌പേസ് എക്‌സ് വ്യക്തമാക്കുന്നത്. ലേസര്‍ ലിങ്കുകളിലൂടെ കെഎ, കെയു ബാന്‍ഡ് റേഡിയോ ഫ്രീക്വന്‍സി വഴി സാറ്റലൈറ്റുകള്‍ ബ്രോഡ്ബാന്‍ഡ് വിതരണം ലഭ്യമാക്കുന്ന ആശയമാണിവിടെ ഉപയോഗിക്കുന്നത്. സാറ്റലൈറ്റുകളും ഭൗമ സംവിധാനങ്ങളും തമ്മിലുള്ള ചെറിയ ദൂരം കൊണ്ടു തന്നെ സമയദൈര്‍ഘ്യവുമായി ബന്ധപ്പെട്ട പ്രശ്‌നവും പരിഹരിക്കപ്പെടും. ഈ വര്‍ഷം തന്നെ സാറ്റലൈറ്റിന്റെ ആദ്യ മാതൃക പരീക്ഷിക്കാനും 2019ല്‍ ആദ്യ സാറ്റലൈറ്റ് ലോഞ്ച് ചെയ്യാനുമാണ് കമ്പനി പദ്ധതിയിടുന്നത്. 2024ലോടെ ഇത് പൂര്‍ണശേഷിയിലെത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ബ്രോഡ്ബാന്‍ഡ് സാറ്റലൈറ്റ് രംഗത്ത് ഇന്ന് പ്രബലന്‍ സ്‌പേസ് എക്‌സ് സിഇഒ ആയ എലോണ്‍ മസ്‌ക് മാത്രമല്ല. 1990ല്‍ അമേരിക്കന്‍ കമ്പനികളായ ടെലിഡെസിക്കും ഇറിഡിയവുമാണ് ഈ ആശയം ആദ്യമായി രൂപീകരിച്ചത്. എന്നാല്‍ ഈ നീക്കം പരാജയമായിരുന്നു. എന്നാല്‍ ഇനി ഫലം വ്യത്യസ്തമായിരിക്കും. സാറ്റലൈറ്റ് നിര്‍മാണത്തിന്റെയും വിക്ഷേപണത്തിന്റെയും സാങ്കേതികവിദ്യയില്‍ നിരവധി മാറ്റങ്ങള്‍ വന്നു. തൊണ്ണൂറുകളില്‍ ഈ ആശയം കുറച്ചു കൂടി അപരിചിതമായിരുന്നുവെന്നും ഇന്ന് കണക്റ്റിവിറ്റിയും മൊബീല്‍ ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കും നമ്മുടെ ജീവിതത്തിന്റെ ഓരോ ഭാഗത്തുമുണ്ടെന്നും സ്‌പേസ് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് കള്‍സള്‍ട്ടിംഗ് സര്‍വീസ് സ്ഥാപനമായ നോര്‍ത്തേണ്‍ സ്‌കൈ റിസര്‍ച്ചിലെ അനലിസ്റ്റായ കരോളിന്‍ ബെല്ലി പറയുന്നു.

ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഈ മത്സരത്തില്‍ ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വണ്‍വെബ് എന്ന കണ്‍സോര്‍ഷ്യമാണ് സ്‌പേസ് എക്‌സിന്റെ പ്രധാന എതിരാളികള്‍. സുനില്‍ ഭാരതി മിത്തല്‍, റിച്ചാര്‍ഡ് ബ്രാന്‍ഡ്‌സണ്‍ എന്നിവരുടെ പിന്തുണയുള്ള കണ്‍സോര്‍ഷ്യത്തിന് ജപ്പാന്റെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുമുണ്ട്. ബോയിംഗ് കമ്പനിയാണ് മേഖലിലെ മറ്റൊരു പ്രധാനി. യുഎസ് ആസ്ഥാനമാക്കിയുള്ള ലിയോസാറ്റ്, സാംസംഗ് ഇലക്ട്രോണിക് കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും സമാനമായ പദ്ധതികളുണ്ട്. പദ്ധതി അനുസരിച്ച് എല്ലാം മുന്നോട്ട് പോവുകയാണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് പുതിയ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കപ്പെടും. അതുകൊണ്ടു തന്നെ ഒറ്റക്കുതിപ്പില്‍ 104 സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുകയെന്നത് പുതിയ സാധ്യതകളാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് ബെല്ലി പറയുന്നു. ബ്രോഡ്ബാന്‍ഡുമായി ബന്ധപ്പെട്ട ബഹിരാകാശ മേഖലയിലെ മത്സരത്തിന് ചില കമ്പനികളുമായി ആന്‍ട്രിക്‌സ് ഇതിനോടകം തന്നെ ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്ന് ശശിഭൂഷണ്‍ വ്യക്തമാക്കുന്നു. എന്നാല്‍ അദ്ദേഹം ഈ കമ്പനികളുടെ പേര് വെളിപ്പെടുത്തിയില്ല. നിലവില്‍ തങ്ങള്‍ക്ക് 600 കോടിയുടെ ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞുവെന്നും പുതിയ ഓര്‍ഡറുകള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹിരാകാശ മേഖലയിലെ ബിസിനസ്

സ്‌പേസ് ബിസിനസിന്റെ കാര്യത്തില്‍ ഈ കാലമത്രെയും ഇന്ത്യ പ്രധാനിയായിരുന്നില്ല. ജിയോസിക്രൊണൈസ് ഭ്രമണപഥങ്ങളില്‍ വമ്പന്‍ ഉപഗ്രഹങ്ങള്‍ ലോഞ്ച് ചെയ്തതില്‍ നിന്ന് ലഭിച്ചതായിരുന്നു ഏകദേശം 80 ശതമാനം വരുമാനവും. ജിഎസ്എല്‍വി മാര്‍ക്ക് 3യുടെ വിജയം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് അത്രത്തോളം ശക്തമായ മറ്റൊരു റോക്കറ്റും അവകാശപ്പെടാനില്ല. ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ എരിയന്‍സ്‌പേസിനെ പൂര്‍ണ്ണമായി ആശ്രയിച്ചാണ് ഇന്ത്യ ഉപഗ്രഹങ്ങള്‍ സ്ഥാപിക്കുന്നത്. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന പിഎസ്എല്‍വി 1994 മുതല്‍ രാജ്യം ഉപയോഗിച്ചു വരുന്നുണ്ട്. മറ്റു രാജ്യങ്ങള്‍ക്കായി കൈനിറയെ ചെറിയ സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചു കൊണ്ട് വളരെ പതുക്കെ പിഎസ്എല്‍വി നൂറ്റാണ്ടിന്റെ വിശ്വാസ്യതയും പ്രശസ്തിയും നേടിയെടുത്തു. 2008 മുതല്‍ പിഎസ്എല്‍വിയുടെ ഓര്‍ഡര്‍ ബുക്ക് കൂടുതല്‍ സജീവമായിത്തുടങ്ങി. 2013ല്‍ ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ ഏറ്റവും ചെലവ് കുറച്ച് വിജയകരമായി വിക്ഷേപിച്ചതോടെ ഓര്‍ഡറുകള്‍ക്ക് വീണ്ടും ഉത്തജേനമുണ്ടായി.

അഞ്ച് വര്‍ഷം മുന്‍പ് വരെ ചെറിയ സാറ്റലൈറ്റുകള്‍ എല്‍ഇഒയില്‍ എത്തിക്കുന്നതില്‍ ചെറിയ വാണിജ്യ താല്‍പര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് ഈ സ്ഥിതി മാറി. ഈ മാറ്റം ആന്‍ട്രിക്‌സിനെ സംബന്ധിച്ച് നേട്ടമായി. ചെറിയ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നതിനുള്ള റഷ്യ – ഉക്രെയ്ന്‍ കണ്‍വേര്‍ട്ടഡ് ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലായ നിപെര്‍ 2015ല്‍ ഡികമ്മീഷന്‍ ചെയ്തിരുന്നു. തുടര്‍ന്ന് റോക്കറ്റ് വിക്ഷേപണത്തില്‍ ഉക്രെയ്‌നുമായുണ്ടായിരുന്ന സംയുക്ത പദ്ധതി റഷ്യയുടെ ബഹിരാകാശ ഏജന്‍സി നിര്‍ത്തിവെച്ചു. ഒറ്റ റോക്കറ്റില്‍ 37 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചുവെന്ന റെക്കോര്‍ഡ് റഷ്യ സ്വന്തമാക്കിയത് നിപെറിലൂടെയാണ്. എന്നാല്‍ 2015ല്‍ പിഎസ്എല്‍വി ഒരു ചുവടുകൂടി മുന്നോട്ടുവെച്ചു. മൂന്ന് ഫ്‌ളൈറ്റ്‌സിലൂടെ 18 വിദേശ സാറ്റലൈറ്റുകളെ പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചു. പിന്നീട് 104 സാറ്റലൈറ്റുകള്‍ ഒരുമിച്ചു വിക്ഷേപിച്ച് ചരിത്രവും കുറിച്ചു. പിഎസ്എല്‍വി ഉപയോഗിച്ചുള്ള വിക്ഷേപണ മാര്‍ക്കറ്റ് ഇപ്പോഴും അത്ര വലുതല്ലെന്നും, തങ്ങളുടെ വരുമാനത്തിന്റെ 20 ശതമാനം മാത്രമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ശശിഭൂഷണ്‍ പറയുന്നു. ആന്‍ട്രിക്‌സിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും വരുന്നത് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സേവനങ്ങളിലൂടെയാണ്. എന്നാല്‍ ഇന്ന് ഇത് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് യുദ്ധങ്ങളിലേക്ക് മാറുമ്പോള്‍ വാണിജ്യപരമായി കൂടുതല്‍ ആകര്‍ഷകമാകാന്‍ പിഎസ്എല്‍വി ലോഞ്ചറിന്റെ നിര്‍മാണത്തില്‍ ആന്‍ട്രിക്‌സ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

Comments

comments

Categories: FK Special, Tech, World