ഇന്ത്യാ-യുഎസ് സംയുക്ത പ്രസ്താവന;ഭീകരര്‍ പാക്കിസ്ഥാന്റെ മണ്ണുപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം’

ഇന്ത്യാ-യുഎസ് സംയുക്ത പ്രസ്താവന;ഭീകരര്‍ പാക്കിസ്ഥാന്റെ മണ്ണുപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം’

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും

വാഷിംഗ്ടണ്‍: അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കായി ഭീകരര്‍ തങ്ങളുടെ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ ഉറപ്പുവരുത്തണമെന്ന് ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. യുഎസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. മുംബൈ ഭീകരാക്രമണത്തിനും പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്തോ പസഫിക് മേഖലയില്‍ സമാധാനവും, സ്ഥിരതയും, സുരക്ഷയും ഉറപ്പാക്കുകയാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് ഇന്ത്യക്കും യുഎസിനും ഉള്ളതെന്നും ഇരു ഭരണത്തലവന്‍മാരും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയോടും ഇന്ത്യന്‍ സംസ്‌കാരത്തോടും തനിക്ക് വലിയ മതിപ്പാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണ തലവനെ യുഎസിലേക്ക് സ്വാഗതം ചെയ്തതില്‍ അതിയായ സന്തോഷമുണ്ടെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമങ്ങളിലെ ലോക നേതാക്കളാണ് മോദിയും താനുമെന്ന് പ്രഖ്യാപിക്കുന്നതിന്‍ തനിക്ക് അഭിമാനമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.മോദിയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കൊപ്പം യുഎസ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സംഘത്തിലുള്ള വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വിവരം സ്ഥിരീകരിച്ചിട്ടുള്ളത്. സന്ദര്‍ശനത്തിന്റെ തീയതിയും മറ്റു കാര്യങ്ങളും തീരുമാനമായിട്ടില്ല.

Comments

comments

Categories: Top Stories, World