ജിഎസ്ടി കാര്‍ വിപണിയില്‍ പൊളിച്ചെഴുത്ത് നടത്തും

ജിഎസ്ടി കാര്‍ വിപണിയില്‍ പൊളിച്ചെഴുത്ത് നടത്തും

ഹാച്ച്ബാക്കുകളും കോംപാക്റ്റുകളും ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യന്‍ കാര്‍ വിപണിയെ പൊളിച്ചെഴുതുന്നതായിരിക്കും ജൂലൈ ഒന്നിന് പ്രാബല്യത്തിലാവുന്ന ചരക്ക് സേവന നികുതി

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ കാര്‍ വിപണിയുടെ നാലില്‍ മൂന്ന് ഭാഗവും 5-8 ലക്ഷം രൂപ വില വരുന്ന ഹാച്ച്ബാക്കുകളും കോംപാക്റ്റുകളും ഉള്‍പ്പെടെയുള്ള ചെറുകാറുകളാണ് നിയന്ത്രിക്കുന്നത്. ജിഎസ്ടി നിരക്കുകള്‍ നിശ്ചയിക്കുന്നതിന് മുമ്പ് ഈ സെഗ്‌മെന്റിലെ കാര്‍ നിര്‍മ്മാതാക്കള്‍ വലിയ ആശങ്കയാണ് പ്രകടിപ്പിച്ചിരുന്നത്. 28 ശതമാനം നികുതിയാണ് ജിഎസ്ടി കൗണ്‍സില്‍ ഈ സെഗ്‌മെന്റ് കാറുകള്‍ക്ക് നിശ്ചയിച്ചത്. പെട്രോള്‍ കാറുകള്‍ക്ക് ഒരു ശതമാനം സെസ്സും ഡീസല്‍ കാറുകള്‍ക്ക് മൂന്ന് ശതമാനം സെസ്സും അധികം നല്‍കണം. അതേസമയം ചെറു കാര്‍ വിപണിയായി ഇന്ത്യ തുടരുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകിയുടെ ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ നിരീക്ഷിക്കുന്നത്.

മിഡ്-സൈസ് സെഡാന്‍, എസ്‌യുവി, ആഡംബര എസ്‌യുവി വാങ്ങുന്നവര്‍ക്കാണ് ജിഎസ്ടി വരുന്നതുകൊണ്ട് നേട്ടമുണ്ടാകുന്നത്. ഈ വാഹനങ്ങളുടെ സെസ്സ് ഉള്‍പ്പെടെയുള്ള ജിഎസ്ടി നിരക്കും നിലവിലെ നികുതിയും തമ്മില്‍ പത്ത് ശതമാനത്തോളം വ്യത്യാസമുണ്ട്. ജിഎസ്ടി വരുന്നതോടെ എസ്‌യുവികളുടെയും ആഡംബര എസ്‌യുവികളുടെയും വില്‍പ്പന വര്‍ധിക്കാനാണ് സാധ്യത. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസം യൂട്ടിലിറ്റി വാഹന വില്‍പ്പന മുന്‍ വര്‍ഷം ഇതേ സമയത്തേക്കാള്‍ 16 ശതമാനം വര്‍ധിച്ചിരുന്നു. 1.4 ലക്ഷം യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങളാണ് വിറ്റത്. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി നിരക്ക് നിശ്ചയിച്ച ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം കാര്‍ നിര്‍മ്മാതാക്കളെ അമ്പരപ്പിക്കുന്നതായിരുന്നു.

ഓട്ടോമൊബീല്‍ രംഗത്തെ ജിഎസ്ടിയുടെ വലിയ ഗുണഭോക്താക്കള്‍ ആഡംബര കാറുകളാണെന്നതില്‍ തര്‍ക്കമില്ല. 4 മുതല്‍ 9 ശതമാനം വരെ (60,000 മുതല്‍ ആറ് ലക്ഷം രൂപ വരെ) ആഡംബര കാറുകള്‍ക്ക് വില കുറയും. ആഡംബര്‍ കാര്‍ സെഗ്‌മെന്റിന് മികച്ച വളര്‍ച്ചാ സാധ്യതയാണ് കാണുന്നതെന്ന് മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യാ സിഇഒ റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു.

നിലവില്‍ പാസഞ്ചര്‍ വാഹന വിപണിയുടെ കേവലം ഒരു ശതമാനം മാത്രമാണ് ആഡംബര കാര്‍ വിപണി. 35,000 മുതല്‍ 37,000 വരെ യൂണിറ്റ് ആഡംബര കാറുകളാണ് വില്‍ക്കുന്നത്. ആഡംബര കാര്‍ വ്യാപനത്തില്‍ റഷ്യ, ചൈന, ബ്രസീല്‍, മലേഷ്യ തുടങ്ങിയ വിപണികളേക്കാള്‍ വളരെ പിന്നിലാണ് ഇന്ത്യ. അതേസമയം ജര്‍മ്മനിയിലെ ആഡംബര കാര്‍ വ്യാപനം 24 ശതമാനവും ചൈനയില്‍ 8 ശതമാനവും മലേഷ്യയില്‍ 5.4 ശതമാനവും ഇന്തോനേഷ്യയില്‍ 2.5 ശതമാനവുമാണ്.

ഇന്ത്യയിലെ ആഡംബര കാര്‍ വിപണിക്കുവേണ്ട എല്ലാ പ്രോത്സാഹനവും നല്‍കുന്നതാണ് ജിഎസ്ടി നിരക്കുകള്‍. ചരക്ക് സേവന നികുതി പ്രാബല്യത്തിലാകുന്നതിന് മുന്നേ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ കാറുകളുടെ വില കുറച്ചുതുടങ്ങിയിട്ടുണ്ട്. മെഴ്‌സിഡസ്-ബെന്‍സ് അപ്പര്‍-എന്‍ഡ് മോഡലുകള്‍ക്ക് ഏഴ് ലക്ഷം രൂപയോളമാണ് വില കുറച്ചത്. വിവിധ മോഡലുകള്‍ക്ക് ശരാശരി നാല് ശതമാനം വില കുറഞ്ഞു.

ഉയര്‍ന്ന നികുതി ഘടനയെതുടര്‍ന്നുള്ള വലിയ വിലയാണ് ഇതുവരെ രാജ്യത്തെ ആഡംബര കാര്‍ വിപണിയുടെ കുതിപ്പിനെ പിടിച്ചുനിര്‍ത്തിയത്. ആഡംബര കാര്‍ വില്‍പ്പന വര്‍ധിക്കുന്നതോടെ ഈ മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ വരുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും കാരണമാകും.

ജിഎസ്ടി വരുമ്പോള്‍ കോംപാക്റ്റ് കാറുകളുടെ വില ചെറിയ തോതില്‍ വര്‍ധിക്കും. ജൂലൈ ഒന്നിനുശേഷം വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചായിരിക്കും കാര്‍ നിര്‍മ്മാതാക്കള്‍ വിപണിയിലെ ചെറു കാറുകളുടെ ആവശ്യകത ഉറപ്പുവരുത്തുന്നതെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

വലിയ വാഹനങ്ങളുടെ വില കുറയുന്നതും വരുമാനം വര്‍ധിക്കുന്നതും ഭാവിയില്‍ വലിയ വാഹനങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ പ്രാപ്തരാക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് എന്‍ രാജ വിലയിരുത്തി.

ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 15 ശതമാനം സെസ്സും ചുമത്തിയത് അതിക്രമമായിപ്പോയെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡി പവന്‍ ഗോയങ്ക പറഞ്ഞു. എന്നാല്‍ ഇലക്ട്രിക് കാറുകളിലാണ് മഹീന്ദ്ര ശ്രദ്ധിക്കുന്നത്. ഉയര്‍ന്ന വിലയുള്ള ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങാന്‍ ജനം തയ്യാറാകുമോയെന്നത് സംബന്ധിച്ച് പഠനം നടത്തുകയാണെന്ന് പവന്‍ ഗോയങ്ക വ്യക്തമാക്കി.

ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 13-23 ശതമാനം വില വര്‍ധിക്കുന്നത് മാരുതിയുടെയും (വില്‍പ്പനയുടെ അഞ്ച് ശതമാനം) മഹീന്ദ്രയുടെയും (നാല് ശതമാനം) ഡിമാന്‍ഡിനെ ബാധിക്കുമെന്ന് സിഐഎംബി സെക്യൂരിറ്റീസ് നടത്തിയ പഠനം വ്യക്തമാക്കുന്നു. സിയാസ്, എര്‍ട്ടിഗ എന്നീ മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങളാണ് മാരുതി സുസുകി വില്‍ക്കുന്നത്. ടൊയോട്ടയുടെ കാമ്‌റി, പ്രയസ് ഹൈബ്രിഡ് കാറുകളുടെ വില 5-7 ലക്ഷം രൂപ വരെ വര്‍ധിക്കും.ഇതുവരെ ഹാച്ച്ബാക്കുകളും കോംപാക്റ്റുകളും ആധിപത്യം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ കാര്‍ വിപണിയെ പൊളിച്ചെഴുതുന്നതായിരിക്കും ജൂലൈ ഒന്നിന് പ്രാബല്യത്തിലാവുന്ന ചരക്ക് സേവന നികുതി. മിഡ്-സൈസ് സെഡാനുകളും എസ്‌യുവികളും ഇനി ധാരാളമായി വിറ്റുപോകും.

Comments

comments

Categories: Auto, Business & Economy