ചില അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കാനൊരുങ്ങി ടാറ്റ സ്റ്റീല്‍

ചില അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കാനൊരുങ്ങി ടാറ്റ സ്റ്റീല്‍

അനുബന്ധ സ്ഥാപനങ്ങള്‍ നഷ്ടം വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്തും

മുംബൈ: ആസ്തി പോര്‍ട്ട്‌ഫോളിയോകളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ചില അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കാനൊരുങ്ങി ടാറ്റ സ്റ്റീല്‍. അതിനൊപ്പം തന്നെ ഒഡീഷയിലെ പ്ലാന്റില്‍ കൂടുതല്‍ വിപുലീകരണത്തിനും ടാറ്റ സ്റ്റീല്‍ ലക്ഷ്യമിടുന്നുണ്ട്. ലയനം വഴി അനുബന്ധ സ്ഥാപനങ്ങള്‍ ടാറ്റ സ്റ്റീലിന്റെ ഡിവിഷനുകള്‍ എന്ന നിലയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ സ്റ്റീലിന്റെ ഇന്ത്യയിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും മാനേജിംഗ് ഡയറക്റ്ററായ ടിവി നരേന്ദ്രന്‍ പറഞ്ഞു.

ടാറ്റ സ്‌പോഞ്ച്, ടാറ്റ മെറ്റാലിക്‌സ് എന്നിവ ഉള്‍പ്പെടെ 22 അനുബന്ധ സ്ഥാപനങ്ങളാണ് ടാറ്റ സ്റ്റീലിന് ഉള്ളത്. 2016ലെ കണക്കുകള്‍ പ്രകാരം ഇതില്‍ പകുതിയോളം കമ്പനികള്‍ നഷ്ടത്തിലാണ്. ഒരു കാലത്ത് ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാതാക്കളായിരുന്ന ടാറ്റ കനത്ത നഷ്ടത്തെ തുടര്‍ന്ന് അവിടുത്തെ അനുബന്ധ സ്ഥാപനമായ ടയോ റോള്‍സ് അടച്ചു പൂട്ടുന്ന പ്രക്രിയയിലാണ് ഇപ്പോഴുള്ളത്. മെറ്റാലിക്‌സ് ലയിപ്പിക്കുന്നതിനുള്ള ടാറ്റാ സ്റ്റീലിന്റെ സമീപകാല ശ്രമങ്ങള്‍ വിജയകരമായിരുന്നില്ല. റെഗുലേറ്ററി അംഗീകാരത്തില്‍ കാലതാമയം നേരിട്ടതിനാലാണിത്. തങ്ങളുടെ എല്ലാ ഉപസ്ഥാപനങ്ങളും പണം നഷ്ടപ്പെടുത്തിന്നില്ലെന്ന് ഉറപ്പുവരുത്തുകയെന്നതാണ് ആദ്യനടപടിയെന്ന് നരേന്ദ്രന്‍ പറയുന്നു. അവയില്‍ ചിലത് മികച്ച വരുമാനം സൃഷ്ടിക്കുന്നുവെന്നും സ്വന്തം നിലയ്ക്ക് വളരാന്‍ സാധിക്കുന്നതാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ചൈനീസ് ഉറക്കുമതി ഉയര്‍ത്തിയ വെല്ലുവിളികളോട് കടുത്ത പോരാട്ടം നടത്തുന്ന ഇന്ത്യന്‍ ഉരുക്ക് വ്യവസായം പുനരുജ്ജീവനത്തിന്റെ അടയാളങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. അടിസ്ഥാന സൗകര്യവികസനത്തിലും ഭവന നിര്‍മാണ പദ്ധതികളിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്റ്റീല്‍ മേഖലയ്ക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ഒഡിഷയിലെ കലിംഗനഗര്‍ പ്ലാന്റ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വികസിപ്പിക്കാനുള്ള അവസരങ്ങളുണ്ടെന്നുമാണ് നരേന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നത്. 3 മില്യണ്‍ ടണ്ണില്‍ നിന്ന് 8 മില്യണ്‍ ടണ്ണായി ഈ പ്ലാന്റിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഡയറക്റ്റര്‍ ബോര്‍ഡ് ഇതു സംബന്ധിച്ച നിര്‍ദേശം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റാ സ്റ്റീലിന്റെ നിലവിലുള്ള ഉരുക്ക് നിര്‍മാണ ശേഷി 13 മില്യണ്‍ ടണ്ണാണ്. ഝാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ പ്ലാന്റിന്റെ ഉല്‍പ്പാദന ശേഷി 10 മില്യണ്‍ ടണ്ണാണ്. നിലവില്‍ ടാറ്റാ സ്റ്റീലിനും മുഖ്യ എതിരാളിയായ ജെഎസ് ഡബ്ല്യു സ്റ്റീലിനും വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഭൂഷണ്‍ സ്റ്റീല്‍, എസ്സാര്‍ സ്റ്റീല്‍ മുതലായവയാകട്ടെ സമ്മര്‍ദത്തിലാണ്.

Comments

comments

Categories: Business & Economy, World