സോഫ്റ്റ്‌വെയര്‍ പരിശോധനയ്ക്ക് ഇപ്പോള്‍ സമയമില്ല: ജിഎസ്ടിഎന്‍ ചെയര്‍മാന്‍

സോഫ്റ്റ്‌വെയര്‍ പരിശോധനയ്ക്ക് ഇപ്പോള്‍ സമയമില്ല: ജിഎസ്ടിഎന്‍ ചെയര്‍മാന്‍

തങ്ങല്‍ കടുത്ത സമ്മര്‍ദത്തിലാണെന്നും കഠിനായി ജോലി ചെയ്യുകയാണെന്നും നവീന്‍കുമാര്‍

ന്യൂഡെല്‍ഹി: ജൂലൈ 15നകം ജിഎസ്ടി നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തന സജ്ജമാകുമെന്ന് ജിഎസ്ടിഎന്‍ ചെയര്‍മാന്‍ നവീന്‍കുമാര്‍. ജൂലൈ 1 മുതലാണ് രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായമായ ജിഎസ്ടി നടപ്പിലാക്കുന്നത്. ജിഎസ്ടി നടപ്പിലാക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തങ്ങള്‍ കഠിനമായ സമ്മര്‍ദത്തിലാണെന്നും മണിക്കൂറുകളോളം ഇതിനായി ജേലി ചെയ്യുന്നുണ്ടെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജിഎസ്ടിഎന്‍ ചെയര്‍മാന്‍ വ്യക്തമാക്കി. ജിഎസ്ടിയുടെ സാങ്കേതികമായ നട്ടെല്ലായാണ് ജിഎസ്ടിഎന്‍ വിശേഷിപ്പിക്കപ്പെടുന്നത്.

ജിഎസ്ടി സംബന്ധിച്ച കാര്യങ്ങളില്‍ വ്യവസായ മേഖല സര്‍ക്കാരുമായാണ് സംവാദം നടത്തുന്നത് എങ്കിലും വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ചു കൊണ്ടുള്ള നിരവധി സന്ദേശങ്ങള്‍ തങ്ങള്‍ക്കും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്റോള്‍മെന്റ് നടത്തുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒട്ടേറെ രജിസ്റ്റേര്‍ഡ് സേവന നികുതിദായകരെ റദ്ദാക്കിയിരുന്നു. അവരുടെ ഐഡി ഏറെക്കാലമായി ആക്റ്റിവ് അല്ലാതിരുന്നതാണ് ഇതിന് കാരണം. ഇക്കാര്യം നികുതി വകുപ്പിനെ അറിയിക്കുകയും പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്തുവെന്ന് നവീന്‍ കുമാര്‍ പറയുന്നു.

ജിഎസ്ടിഎന്‍ ഒരു സുസ്ഥിര സംവിധാനമാണ്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു. ഡിസംബറില്‍ വന്ന ചട്ടങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധകള്‍ നടന്നത്. അതിന് ശേഷം ചട്ടങ്ങളില്‍ വന്ന മാറ്റങ്ങള്‍ നെറ്റ്‌വര്‍ക്കില്‍ ഉള്‍ക്കൊള്ളിച്ചു. എന്നാല്‍ ഇനി സോഫ്റ്റ് വെയര്‍ പരിശോധനയ്ക്കായി ഇനി സമയമില്ലെന്നും ജിഎസ്ടിഎന്‍ ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ മാറ്റങ്ങള്‍ക്കു മുമ്പ് എല്ലാ പരിശോധനകളും തങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ ഈ സംവിധാനത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ സമയം ലഭിക്കുകയായിരുന്നുവെങ്കില്‍ ജിഎസ്ടി നെറ്റ്‌വര്‍ക്ക് കൂടുതല്‍ മെച്ചമായി സജ്ജീകരിക്കാമായിരുന്നു. തങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ജിഎസ്ടിക്കായുള്ള ഭരണഘടന ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ മാത്രമായിരുന്നു. ജിഎസ്ടി ഉടന്‍ നടപ്പാക്കുമോ എന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് സംബന്ധിച്ച് ആശങ്ക നിലിനിന്നിരുന്നു. പദ്ധതിക്കായി 1400 കോടി രൂപയാണ് ചെലവാക്കിയത്. സംസ്ഥാന ധനമന്ത്രിമാര്‍ അടങ്ങിയ ഉന്നത തല സമിതിയെ സാഹചര്യം അറിയിച്ചിരുന്നു. സോഫ്റ്റ്‌വെയര്‍ ആദ്യഘട്ടത്തില്‍ വികസിപ്പിച്ചെടുക്കാമെന്നും ഹാര്‍ഡ്‌വെയര്‍ ഒരുക്കുന്നത് കൂടുതല്‍ വ്യക്തത ലഭിച്ചതിനു ശേഷം മാത്രം മതിയെന്ന തങ്ങളുടെ നിര്‍ദേശത്തിന് അംഗീകാരം ലഭിക്കുകയായിരുന്നുവെന്ന് നവീന്‍ കുമാര്‍ വ്യക്തമാക്കി.

കരട് പ്രക്രിയയ്ക്കായി അവര്‍ അനുമതി നല്‍കുകയും ചെയ്തു. കരട് നിയമം അംഗീകരിച്ചതിന് ശേഷമാണ് സോഫ്റ്റ്‌വെയര്‍ വികസനം ആരംഭിച്ചത്. മെയ് മാസത്തില്‍ പബ്ലിക് ഡൊമെയ്‌നില്‍ മോഡല്‍ നിയമം ഏര്‍പ്പെടുത്തുകയും നവംബറില്‍ പരിഷ്‌ക്കരിക്കുകയും , നിയമങ്ങള്‍ ഡിസംബറില്‍ നല്‍കുകയും ചെയ്തു. ജിസംബറില്‍ ലഭിച്ച ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ വികസനവും പരിഷ്‌കരിച്ചത്. കേന്ദ്ര രജിസ്‌ട്രേഷനുശേഷം, കൂടുതല്‍ പരിഷ്‌കരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, അതില്‍ കൂടുതല്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നും ജിഎസ്ടിഎന്‍ ചെയര്‍മാന്‍ പറഞ്ഞു.

ജിഎസ്ടി നെറ്റ്‌വര്‍ക്കിന്റെ ഐടി സംവിധാനം ഐഎസ്ഒ 27001 സര്‍ട്ടിഫൈഡ് ആണ്. ഇന്‍ഫൊര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിലെ ഏറ്റവും മികച്ച നിലവാരമാണിത്. പോര്‍ട്ടലിലെ ട്രാഫിക്കില്‍ ശ്രദ്ധിക്കുന്നതിനായി 24 മണിക്കൂറും 365 ദിവസവും പ്രവര്‍ത്തിക്കുന്നതിനായി ഒരു സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ജിഎസ്ടിഎന്‍ ചെയര്‍മാന്‍ പറഞ്ഞു.

Comments

comments

Categories: Top Stories, World