പുതുചരിത്രം കുറിച്ച് നികിത ഹരി; മികച്ച 50 എന്‍ജിനീയര്‍മാരില്‍ മലയാളിയും

പുതുചരിത്രം കുറിച്ച് നികിത ഹരി; മികച്ച 50 എന്‍ജിനീയര്‍മാരില്‍ മലയാളിയും

പ്രശസ്ത ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫ് പുറത്തിറക്കിയ പട്ടികയിലാണ് സാമൂഹ്യ സംരംഭകയും ഗവേഷകയുമായ കോഴിക്കോട് സ്വദേശി നികിത സ്ഥാനം പിടിച്ചിരിക്കുന്നത്

കൊച്ചി: യുകെയിലെ എന്‍ജിനീയറിംഗ് രംഗത്ത് ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന 50 വനിതകളുടെ പട്ടികയില്‍ ഇന്ത്യക്കാരിയായ നികിത ഹരിയും. ബ്രിട്ടീഷ് ദിനപ്പത്രമായ ടെലഗ്രാഫും വിമെന്‍സ് എന്‍ജിനീയറിംഗ് സൊസൈറ്റിയും സംയുക്തമായി പുറത്തിറക്കിയ പട്ടികയിലാണ് ഈ കോഴിക്കോട്ടുകാരി സ്ഥാനം പിടിച്ചിരിക്കുന്നത്.

35 വയസില്‍ താഴെയുള്ള വനിതകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റില്‍ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ക്രെഡിറ്റ് നികിതയ്ക്ക് സ്വന്തം.

നിലവില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഗവേഷണ പഠനം നടത്തുകയാണ് നികിത.

ടെലഗ്രാഫിന്റെ പട്ടികയില്‍ ഇടം നേടുന്ന ആദ്യ കേംബ്രിഡ്ജ് വിദ്യാര്‍ത്ഥി കൂടിയാണ് നികിതയെന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. ശ്രദ്ധേയ സാമൂഹ്യ ടെക് സംരംഭങ്ങളായ വുഡിയുടെയും ഫവാല്ലിയുടെയും സഹസ്ഥാപക കൂടിയാണ് ഇവര്‍.

സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസത്തെ ഉടച്ചുവാര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് തന്റെ സംരംഭങ്ങളിലൂടെ നികിത നടത്തുന്നത്.

നെഹ്രു ട്രസ്റ്റ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ്, കേംബ്രിഡ്ജ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍ജിനീയറിംഗ് ഗ്രാന്റ്, ചര്‍ച്ചില്‍ കോളെജ് ഗ്രാന്റ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും നികിതയെ തേടിയെത്തിയിട്ടുണ്ട്.

ടെലഗ്രാഫിന്റെ ടോപ് 50 വിമെന്‍ ഇന്‍ ഇന്‍ജിനീയറിംഗ് പട്ടികയില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് നികിത

ഫോബ്‌സ് മാസികയുടെ 30 അണ്ടര്‍ 30 പട്ടിക(യുകെ), ഹള്‍ട്ട് പ്രൈസ് ഫൈനലിസ്റ്റാകാനും ഈ മിടുക്കിക്ക് സാധിച്ചിട്ടുണ്ട്.

സിറിയയിലെ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്കു വേണ്ടിയുള്ള ‘കെയര്‍ ടു ടെകി’ന്റെ കണ്‍സള്‍ട്ടിംഗ് ഹെഡ്, നെക്സ്റ്റ് ടെക് ലാബിന്റെ അഡൈ്വസറി ബോര്‍ഡ് അംഗം, ഐഇഇഇ കേംബ്രിഡ്ജ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന നികിത ടെക്‌നോളജി സമ്മേളനങ്ങളില്‍ സ്ഥിരം പ്രഭാഷകയാണ്.

സഹോദരന്‍ അര്‍ജുന്‍ ഹരിക്കൊപ്പം ചേര്‍ന്ന് നികിത സ്ഥാപിച്ച വുഡി കോഴിക്കോട് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി) അടിസ്ഥാനപ്പെടുത്തിയുള്ള സങ്കേതങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് ഈ സംരംഭത്തിലൂടെ അവര്‍ നടത്തുന്നത്. കുറഞ്ഞ ചെലവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയും ലക്ഷ്യമിടുന്നു അവര്‍.

എന്‍ജിനീയറിംഗിന്റെ വിവിധ മേഖലകളിലെ നൂതനാവിഷ്‌കാരങ്ങളുടെയും വനിതകളുടെ പ്രാഗല്‍ഭ്യത്തിന്റെയും വിപുലത വ്യക്തമാക്കുന്നതായിരുന്നു ഇത്തവണത്തെ വിമന്‍ ഇന്‍ എന്‍ജിനീയറിംഗ് പട്ടികയെന്ന് വിമെന്‍സ് എന്‍ജിനീയറിംഗ് സൊസൈറ്റിയുടെ ചീഫ് എക്‌സിക്യൂട്ടിവ് കിര്‍സ്റ്റണ്‍ ബോഡ്‌ലി പറഞ്ഞു. സ്ത്രീകള്‍ അകന്നുനിന്നിരുന്ന മേഖലകളിലേക്ക് കൂടുതല്‍ യുവ വനിതകള്‍ കടന്നുവരുന്നതിനും വിജയം കൈവരിക്കുന്നതിനും പട്ടിക പ്രചോദനമാകട്ടെയെന്നും അവര്‍ ആശംസിച്ചു.

Comments

comments

Categories: Motivation, Trending, Women